30 December Monday

വിശ്വാസ 
തീക്ഷ്ണതയുടെ പോരാളി : ജോസഫ് മാര്‍ ഗ്രിഗോറിയോസ്

വെബ് ഡെസ്‌ക്‌Updated: Friday Nov 1, 2024

 

ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമൻ ബാവ ബാല്യകാലംമുതലേ പോരാളിയായിരുന്നു. നാലാംക്ലാസിൽ പഠിക്കുമ്പോൾ മഹാത്മാഗാന്ധി കീ ജയ് എന്ന് ഉച്ചത്തിൽ വിളിച്ചതിന്‌ ബെഞ്ചിൽ കയറ്റിനിർത്തി അധ്യാപകൻ ശിക്ഷിച്ചപ്പോൾ ആ വിളി തുടർന്നതല്ലാതെ അദ്ദേഹം നിർത്തിയില്ല. ആ പോരാട്ടവീര്യം എന്നും തുടർന്നു. സുറിയാനി സഭയ്ക്ക്‌ അർഹതപ്പെട്ട അവകാശം കോടതിവിധികളിലൂടെ നിഷേധിക്കപ്പെട്ടപ്പോൾ വിശ്വാസികൾക്കൊപ്പംനിന്നു. തങ്ങൾ പടുത്തുയർത്തിയ ദേവാലയങ്ങൾ സംരക്ഷിക്കാൻ മുന്നണിപ്പോരാളിയായി ജനത്തെ നയിച്ചു. അറസ്റ്റ് വരിച്ചും മാസങ്ങളോളം നീളുന്ന സമരമുഖങ്ങൾ തുറന്നും ജയിലിലടക്കപ്പെട്ടും തന്റെ സഭയുടെ സ്വാതന്ത്ര്യത്തിനും അസ്തിത്വത്തിനുംവേണ്ടി അരനൂറ്റാണ്ടോളം പോരാടിയ സമാനതകളില്ലാത്ത ഒരു സഭാനേതാവ്. ഈ പോരാട്ടത്തിൽ അഞ്ഞൂറിലധികം കേസുകളാണ് അദ്ദേഹത്തിന്റെ പേരിൽ രജിസ്റ്റർ ചെയ്യപ്പെട്ടത്. താനായിട്ട് ഒരു കേസും ആർക്കും എതിരെ കൊടുത്തില്ല. പിലാത്തോസിനുമുമ്പിൽ കുറ്റാരോപിതനായി മൗനിയായിനിന്ന യേശു ക്രിസ്തുവിനെയാണ് അദ്ദേഹം മനസ്സിൽ കണ്ടതും ധ്യാനിച്ചതും.

ചെറുപ്പത്തിൽ ദാരിദ്ര്യവും അപസ്മാരംപോലെയുള്ള അസുഖവുമൊക്കെ അദ്ദേഹത്തെ വലച്ചിരുന്നു. പട്ടിണിയടക്കം ജീവിതത്തിന്റെ പച്ചയായ യാഥാർഥ്യങ്ങൾ അനുഭവിച്ചറിഞ്ഞ യുവത്വമായിരുന്നു. പിന്നീട് അദ്ദേഹം സുവിശേഷ വേലയ്‌ക്കായി ഒരുക്കപ്പെട്ടു. വിശ്വാസജീവിതത്തിൽ തനിക്ക് ദൈവമാതാവ് പ്രത്യക്ഷപ്പെട്ട്‌ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു എന്നു വിശ്വസിച്ച ആളാണ്. കാലംചെയ്ത പൗലോസ് രണ്ടാമൻ കാതോലിക്കാ ബാവായാണ് അദ്ദേഹത്തെ വൈദിക ശുശ്രൂഷയിലേക്ക് കൊണ്ടുവരുന്നത്. അദ്ദേഹത്തിന്റെ കാലഘട്ടത്തിലാണ് കോലഞ്ചേരി എംഒഎസ്‌സി മെഡിക്കൽ കോളേജ് ആശുപത്രി തുടങ്ങിയത്. നിർമാണത്തിന്റെ ഓർഗനൈസറായിരുന്നു. ചാക്കോപിള്ള, പൈലിപ്പിള്ള തുടങ്ങിയവരുമായി ചേർന്ന് അതിന്റെ ആരംഭം മുതലുള്ള കെട്ടുപണിയിൽ വിശ്രമമില്ലാതെ ജോലി ചെയ്തു. 1974 ജനുവരിയിലാണ് യാക്കോബായ സഭയുടെ മെത്രാപോലീത്തയായി തെരഞ്ഞെടുക്കപ്പെടുന്നത്. ഇഗ്നാത്തിയോസ് യാക്കോബ് മൂന്നാമനാണ്‌ ദമാസ്കസിൽവച്ച് അദ്ദേഹത്തെ വാഴിച്ചത്‌. തുടർന്നാണ്‌ മലങ്കര സഭയുടെ അജപാലന ദൗത്യ നിർവഹണം ഏറ്റെടുക്കുന്നത്.

1912 മുതലുള്ള സഭാന്തരീക്ഷം വ്യവഹാരങ്ങളും തർക്കങ്ങളും വിഭാഗീയതയും ഒക്കെ നിറഞ്ഞതായിരുന്നു. 1974–-80 കാലഘട്ടത്തിൽ അതിന്റെ ഉച്ചസ്ഥായിൽ എത്തിയിരുന്നു. ആ കാലഘട്ടത്തിൽ സഭയ്‌ക്ക് ശക്തമായ നേതൃത്വം കൊടുക്കാൻ അദ്ദേഹവും ഗീവർഗീസ് മാർ ഗ്രീഗോറിയോസും ചേർന്ന്‌ പോരാട്ടം നടത്തി. പരിശുദ്ധ അന്ത്യോഖ്യ സിംഹാസനത്തിനുകീഴിൽ സഭയെ ഉറപ്പിച്ചുനിർത്താൻവേണ്ടിയുള്ള ആ പോരാട്ടം സഭാ ചരിത്രത്തിൽ സുവർണലിപികളാൽ എഴുതപ്പെട്ടു.

വിദ്യാഭ്യാസം കുറവായിരുന്നെങ്കിലും ദൈവം പകർന്നുനൽകിയ അറിവും വിജ്ഞാനവും അദ്ദേഹത്തെ ആരെയും ആകർഷിക്കുന്ന വ്യക്തിപ്രഭാവത്തിന്റെ ഉടമയാക്കി. രാഷ്ട്രീയത്തിന്‌ അതീതമായി എല്ലാ നേതാക്കളുമായും ആഴത്തിലുള്ള ആത്മബന്ധവും സൗഹൃദവും പുലർത്തിയിരുന്നു. ഇ എം എസ്, കെ കരുണാകരൻ, പിണറായി വിജയൻ, ഉമ്മൻചാണ്ടി തുടങ്ങി എല്ലാവരോടും ഇഴയടുപ്പമുള്ള ബന്ധം വച്ചുപുലർത്തി. ഇതരസഭകളോട് ആഴത്തിലുള്ള ബന്ധം പുലർത്തുന്നതിലും എന്നും ശ്രദ്ധിച്ചു. മതേതരത്വത്തിലും ബഹുസ്വരതയിലും വിശ്വസിച്ച്‌, ആ വിശ്വാസം തന്റെ പ്രബോധനങ്ങളിലൂടെ പ്രചരിപ്പിച്ച്‌, സമഭാവനയുള്ള സമത്വസുന്ദരമായ ഒരു സമൂഹത്തിന്റെ സൃഷ്ടിക്ക്‌ അദ്ദേഹം പ്രയത്നിച്ചു. മറ്റുള്ളവരുടെ കണ്ണുനീരും നൊമ്പരങ്ങളും ഉള്‍ക്കൊണ്ട് സ്വയം കരഞ്ഞും വേദനപ്പെട്ടും അവരോട് സമരസപ്പെട്ട്‌ ആശ്വസിപ്പിച്ച പിതാമഹൻ.

സഭയുടെ വളർച്ചയിൽ അമ്പതുവർഷക്കാലത്തെ അദ്ദേഹത്തിന്റെ അജപാലന ദൗത്യനിർവഹണം ഭദ്രാസന മെത്രാപോലീത്തയായും കാതോലിക്കയായും ചെയ്തുതീർത്തിട്ടുള്ളത് വിവരണാതീതമാണ്. ആധുനിക യാക്കോബായ സുറിയാനി സഭയുടെ ശിൽപ്പിയെന്ന്‌ അദ്ദേഹത്തെ വിശേഷിപ്പിക്കുമ്പോൾ 2017ലെ സുപ്രീംകോടതി വിധിയുണ്ടാക്കിയ ആഘാതം അദ്ദേഹത്തിന്റെ മനസ്സിനെയും തളർത്തിയെന്നത് ഒരു വസ്തുതയാണ്. എന്തെല്ലാം നഷ്ടപ്പെട്ടാലും സത്യവിശ്വാസം കാത്തുസംരക്ഷിച്ച്‌ തന്റെ മുൻഗാമികളിലൂടെ കൈമാറിത്തന്ന വിശ്വാസപൈതൃകം അനസ്യൂതം തുടരാൻ അദ്ദേഹത്തിന്റെ സ്‌മരണ വിശ്വാസസമൂഹത്തെ ശക്തരാക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top