21 December Saturday
മുഖ്യമന്ത്രി അന്ത്യാഞ്‌ജലി 
അർപ്പിക്കും

കാതോലിക്കാ ബാവായ്‌ക്ക്‌ 
കണ്ണീർപ്രണാമം ; കബറടക്കം ഇന്ന്

സ്വന്തം ലേഖകൻUpdated: Saturday Nov 2, 2024

ബസേലിയോസ്‌ തോമസ്‌ പ്രഥമൻ കാതോലിക്കാ ബാവായുടെ മൃതദേഹം വെള്ളി രാത്രിയോടെ പുത്തൻകുരിശ്‌ പാത്രിയർക്കാ സെന്ററിൽ എത്തിച്ചപ്പോൾ


കൊച്ചി
സ്‌നേഹംകൊണ്ട്‌ ലോകം ജയിച്ച, യാക്കോബായ സുറിയാനി സഭാ അധ്യക്ഷന്‍ ബസേലിയോസ്‌ തോമസ്‌ പ്രഥമൻ കാതോലിക്കാ ബാവായ്‌ക്ക്‌ കണ്ണീർപ്രണാമമേകി നാട്‌. വെള്ളി പുലർച്ചെ 3.30ന്‌ കോതമംഗലം മാർ തോമ ചെറിയപള്ളിയിൽ എത്തിച്ച മൃതദേഹം കാണാൻ ആയിരങ്ങളാണ്‌ പ്രവഹിച്ചത്‌. പ്രാർഥനകളോടെ മണിക്കൂറുകളോളം കാത്തുനിന്നവർ പള്ളിക്കകത്ത് പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ പൂക്കളും ഹൃദയചുംബനങ്ങളും അർപ്പിച്ചു. രാവിലെ എട്ടിന്‌ ചെറിയപള്ളിയിൽ കുർബാനയെ തുടർന്ന്‌ സഭാ എപ്പിസ്കോപ്പൽ സുന്നഹദോസിന്റെയും വർക്കിങ്‌ കമ്മിറ്റിയുടെയും സംയുക്തയോഗം ചേർന്നു. പിന്നീട്‌ സംസ്കാരശുശ്രൂഷയുടെ പ്രാരംഭ ശുശ്രൂഷകൾ നടന്നു.

ഉച്ചനമസ്‌കാരം കഴിഞ്ഞ് പകൽ 1.30ന്‌ മൗനജാഥയായി ചെറിയപള്ളിയിൽനിന്ന് മർത്തമറിയം വലിയപള്ളിയിൽ മൃതദേഹം എത്തിച്ചു. അലങ്കരിച്ച ബസിൽ വൈകിട്ട്‌ 4.15ന് മൂവാറ്റുപുഴവഴി പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിലേക്ക്‌. അവിടെ പൊതുദർശനത്തിൽ അന്ത്യാഞ്‌ജലി അർപ്പിക്കാൻ ജനാവലി ഒഴുകിയെത്തി.
സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, മന്ത്രിമാരായ പി രാജീവ്‌, സജി ചെറിയാൻ, എംപിമാരായ എ എ റഹിം, ഡീൻ കുര്യാക്കോസ്‌, ബെന്നി ബെഹനാൻ, ഗോവ ഗവർണർ പി എസ്‌ ശ്രീധരൻപിള്ള തുടങ്ങിയവർ അന്ത്യോപചാരം അർപ്പിച്ചു.

കബറടക്കം 
ഔദ്യോഗിക 
ബഹുമതികളോടെ
ബസേലിയോസ്‌ തോമസ്‌ പ്രഥമൻ കാതോലിക്കാ ബാവായുടെ കബറടക്കം ശനിയാഴ്‌ച ഔദ്യോഗിക ബഹുമതികളോടെ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ അന്ത്യാഞ്‌ജലി അർപ്പിക്കും. ലബനനിൽ ഇസ്രയേൽ ആക്രമണം ശക്തമായ സാഹചര്യത്തിൽ വ്യോമഗതാഗതം പ്രതിസന്ധിയിലായതിനാൽ സഭാ പരമാധ്യക്ഷൻ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ പാത്രിയാർക്കീസ് ബാവാ എത്തില്ല. അമേരിക്കൻ ആർച്ച് ബിഷപ് ദിവന്നാസിയോസ് ജോൺ കവാക്, യുകെ ആർച്ച് ബിഷപ് അത്താനാസിയോസ് തോമ ഡേവിഡ് എന്നിവർ പാത്രിയർക്കീസ് ബാവായുടെ പ്രതിനിധികളായി സംസ്കാരച്ചടങ്ങിൽ പങ്കെടുക്കും.

ശനി രാവിലെ എട്ടിന്‌ പുത്തൻകുരിശ്‌ പാത്രിയർക്കാ സെന്ററിനോട്‌ ചേർന്ന മാർ അത്തനേഷ്യസ് കത്തീഡ്രലിൽ കുർബാനയ്‌ക്കുശേഷം പകൽ മൂന്നിന്‌ കബറടക്കശുശ്രൂഷയുടെ സമാപനശുശ്രൂഷകൾ ആരംഭിക്കും. തുടർന്ന്‌ പ്രത്യേകം തയ്യാറാക്കിയ കല്ലറയിൽ കബറടക്കും.

പുത്തൻകുരിശിൽ ഗതാഗതക്രമീകരണം
ബസേലിയോസ്‌ തോമസ്‌ പ്രഥമൻ കാതോലിക്കാ ബാവായുടെ കബറടക്കശുശ്രൂഷ പുത്തൻകുരിശ് പാത്രിയാർക്കാ സെന്ററിൽ നടക്കുന്നതിന്റെ ഭാഗമായി ശനിയാഴ്‌ച പുത്തൻകുരിശിൽ ഗതാഗതക്രമീകരണം ഏർപ്പെടുത്തിയതായി പൊലീസ്‌ അറിയിച്ചു.രാവിലെ പത്തുമുതൽ മൂവാ​റ്റുപുഴ, കോലഞ്ചേരി ഭാഗത്തുനിന്ന് എറണാകുളം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ചൂണ്ടി ജങ്‌ഷനിൽനിന്ന് ഇടത്തോട്ടുതിരിഞ്ഞ് മീമ്പാറ, കുറിഞ്ഞി, തിരുവാണിയൂർ, വെണ്ണിക്കുളം, ശാസ്താമുകൾവഴി തിരുവാങ്കുളത്ത് എത്തി പോകണം.തിരുവാങ്കുളം ഭാഗത്തുനിന്ന് മൂവാ​റ്റുപുഴയിലേക്കുള്ള വാഹനങ്ങൾ കൊച്ചി–-മധുര ദേശീയപാതവഴി പോകണം. കോലഞ്ചേരിമുതൽ മാനാന്തടംവരെ റോഡിൽ പാർക്കിങ്‌ അനുവദിക്കില്ല.

അന്ത്യോപചാരം അർപ്പിക്കുന്നതിനായി മൂവാ​റ്റുപുഴ ഭാഗത്തുനിന്ന്‌ വരുന്ന വലിയ വാഹനങ്ങൾ കാവുംതാഴത്ത് ആളുകളെ ഇറക്കി ശാസ്താമുകൾ വെണ്ണിക്കുളം റോഡിൽ ഒരുവശത്തും തിരുവാങ്കുളം ഭാഗത്തുനിന്ന്‌ വരുന്ന വലിയ വാഹനങ്ങൾ പുത്തൻകുരിശ് പെട്രോൾ പമ്പിനുമുന്നിൽ ആളുകളെ ഇറക്കി പത്താംമൈൽ പട്ടിമ​റ്റം റോഡിലും കോലഞ്ചേരി ഹിൽടോപ് മൈതാനത്തും പാർക്ക് ചെയ്യണം.

ചെറിയ വാഹനത്തിൽ വരുന്നവർ വാഹനങ്ങൾ കാവുംതാഴം ഗ്രൗണ്ട്, എംജെഎസ്എസ്എ സ്‌കൂൾ ചാപ്പൽ ഗ്രൗണ്ട്, മലേക്കുരിശ് ദയറ ഭാഗത്ത്‌ പാർക്ക് ചെയ്യണം. മുത്തൂ​റ്റ് എൻജിനിയറിങ് കോളേജ്, ബിടിസി സ്‌കൂൾ, കത്തോലിക്കാ പള്ളിക്ക് പിൻവശം, വടവുകോട് കാളവയൽ, രാജർഷി സ്‌കൂൾ ഗ്രൗണ്ട് എന്നിവിടങ്ങളിലും പാർക്ക് ചെയ്യാം.
രാവിലെ പത്തുമുതൽ കുറിഞ്ഞി പുത്തൻകുരിശ് റോഡിൽ മലേക്കുരിശ് ഭാഗത്തുനിന്ന് പുത്തൻകുരിശ് ടൗണിലേക്കോ കാവുംതാഴം ജങ്‌ഷനിലോ വാഹനഗതാഗതം അനുവദിക്കില്ല.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top