തിരുവനന്തപുരം
രാത്രികാലത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സംസ്ഥാനത്തിന് അനുവദിച്ച 500 മെഗാവാട്ട് അവർ ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം (ബെസ്) 2026ൽ കാസർകോട് മൈലാട്ടിയിൽ പ്രവർത്തനം ആരംഭിക്കും. ടെൻഡർ ഫെബ്രുവരി ഏഴിന് തുറക്കും. 15 മാസത്തിനുള്ളിൽ കമീഷൻ ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ഇതിനിടെ രണ്ടാമതൊരു ‘ബെസ്’ സ്ഥാപിക്കാനും കെഎസ്‌ഇബി ശ്രമം തുടങ്ങി.
പകൽ കുറഞ്ഞ നിരക്കിൽ ലഭിക്കുന്ന വൈദ്യുതി സംഭരിച്ച് രാത്രി ലഭ്യമാക്കുന്നതാണ് ‘ബെസ്.’ ഇതിലൂടെ രാജ്യത്താകെയുള്ള ഗ്രിഡിന്റെ സുരക്ഷിതത്വവും ഉറപ്പാക്കാനാകും. പുരപ്പുറ സൗരോർജ നിലയങ്ങളിൽനിന്ന് പകൽ ലഭ്യമാകുന്ന വൈദ്യുതി, ഉപഭോഗം കൂടുതലുള്ള രാത്രി ആവശ്യത്തിനായി 3000-–- 5000 മെഗാവാട്ട് വരെ സംഭരണ ശേഷിയുള്ള ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം സ്ഥാപിക്കേണ്ടത് ആവശ്യമാണ്. ഇതിന്റെ പ്രാധാന്യം മനസിലാക്കി 500 മെഗാവാട്ട് ശേഷിയുള്ള ആദ്യ ബെസ് സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ 135 കോടി രൂപ വയബിലിറ്റി ഗ്യാപ് ഫണ്ട് (വിജിഎഫ്) അനുവദിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാർ സ്ഥാപനമായ സോളർ കോർപറേഷൻ ഓഫ് ഇന്ത്യ മുഖേനയാണ് ടെൻഡർ ക്ഷണിച്ചത്.
കാർബൺരഹിത പുനരുപയോഗ ഊർജരംഗത്തെ കേരളത്തിന്റെ നേട്ടങ്ങളാണ് പദ്ധതി അനുവദിക്കാൻ കേന്ദ്ര സർക്കാരിനെ പ്രേരിപ്പിച്ചത്. സംസ്ഥാനത്തെ ഊർജ, നഗരകാര്യ പ്രവർത്തനങ്ങൾ വിലയിരുത്താൻ കഴിഞ്ഞദിവസം ചേർന്ന യോഗത്തിൽ കേന്ദ്രമന്ത്രി മനോഹർലാൽ ഖട്ടറിനുമുന്നിൽ സംസ്ഥാനം വിവിധ പദ്ധതികൾക്ക് സഹായം തേടിയിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..