22 November Friday

ചാലിയാർ തീരം സൗന്ദര്യവൽക്കരണം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Oct 5, 2024

ഫറോക്ക് > സംസ്ഥാനത്ത് ആദ്യമായി വിദേശ മാതൃകയിൽ ദീപാലംകൃതമാക്കി അലങ്കരിച്ച ഫറോക്ക് പഴയ ഇരുമ്പു പാലത്തിന് സമീപം ചാലിയാർ തീരം സൗന്ദര്യവൽക്കരണ പദ്ധതിയുടെ പ്രവൃത്തിയാരംഭിച്ചു.ഒരു കോടി 17 ലക്ഷം ചെലവിട്ടാണ് സഞ്ചാരികൾക്ക് കൂടുതൽ സൗകര്യമൊരുക്കുന്നത് .

ചരിത്ര പ്രാധാന്യമേറിയ പാലം ദീപാലംകൃതമാക്കിയതിനൊപ്പം സമീപത്തെ കോർപ്പറേഷൻ ചിൽഡ്രൻസ് പാർക്കും നവീകരിച്ച് "നമ്മൾ പാർക്ക് " എന്ന് പേര് നൽകി. ഇവിടെയെത്തുന്നവരുടെ എണ്ണം ഗണ്യമായി വർദ്ധിച്ച സാഹചര്യത്തിലാണ് പുഴയോരത്ത് കൂടുതൽ സൗകര്യം ഒരുക്കുന്നതിനായി ടൂറിസം വകുപ്പ്  പദ്ധതി ആവിഷ്കരിച്ചത് .

ചാലിയാർ പുഴയുടേയും ദീപാലംകൃത പാലത്തിൻ്റെയും സൗന്ദര്യം ആസ്വദിക്കുന്നതിനും വിനോദ സഞ്ചാരികൾക്ക് വിശ്രമത്തിനും ഉല്ലാസത്തിനും തീരത്ത് സൗകര്യമൊരുക്കും.സമീപത്തെ ചെറുവണ്ണൂർ - ഫറോക്ക് റോഡിനെ കൂട്ടിയിണക്കി പാർശ്വഭിത്തിയോടു കൂടിയ റോഡ് , പ്രദേശത്തെ മൊത ജലംപുഴയിലേക്ക് വേഗത്തിൽ ഒഴുക്കിവിടാൻ മികച്ച  ഡ്രൈനേജ് , ഇൻറർലോക്ക് ,അലങ്കാര വെളിച്ചം ,ഇരിപ്പിടങ്ങൾ തുടങ്ങിയ  സൗകര്യങ്ങളോടെ തീരത്ത് ഒരു പുതിയ ഉദ്യാനം തന്നെ  ഒരുങ്ങും.

തകർച്ച നേരിട്ട ബ്രിട്ടീഷ് നിർമ്മിത ഇരുമ്പുപാലം നേരത്തെ ടൂറിസം വികസന പദ്ധതിയിൽ സമ്പൂർണമായി നവീകരിക്കുകയും പിന്നീട് ദീപാലംകൃതമാക്കി സമീപത്തെ പാർക്കിലും കൂടുതൽ സൗകര്യമൊരുക്കിയതോടെ ഇവിടെ ഉല്ലാസത്തിനെത്തുന്നവരുടെ തിരക്കേറെയാണ്. പാർക്കിലെ തുറന്ന വേദിയിൽ കലാപരിപാടികളും  പതിവാണ്. ചാമ്പ്യൻസ് ബോട്ട് ലീഗ് (സിബിഎൽ) വള്ളംകളിയുടെ സ്ഥിരം വേദിയായി പുഴയുടെ ഫറോക്ക്കര മാറിയതിനാൽ പുതുതായി ഒരുക്കുന്ന പാർക്കിലിരുന്നും ജലമേള ആസ്വദിക്കാനാവുമെന്ന സവിശേഷതയുമുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top