18 December Wednesday

കേന്ദ്രം വിൽപ്പനയ്‌ക്കുവച്ച ബെമലിന്‌ 4000 കോടി വിറ്റുവരവ്‌

വേണു കെ ആലത്തൂർUpdated: Thursday Apr 7, 2022

പാലക്കാട്‌ > കര്യക്ഷമമല്ലെന്ന പേരിൽ കേന്ദ്രസർക്കാർ കോർപറേറ്റുകൾക്ക്‌ വിൽക്കാൻ തീരുമാനിച്ച കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത്‌ എർത്ത്‌ മൂവേഴ്‌സ്‌ ലിമിറ്റഡിന്‌ (ബിഇഎംഎൽ) ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിറ്റുവരവ്‌. 2020–-21 വർഷത്തിൽ 4,000 കോടി രൂപയാണ്‌ ബെമലിന്റെ വിറ്റുവരവ്‌.

പ്രതിരോധ മേഖലയ്‌ക്കുള്ള വാഹനങ്ങൾ, മൈനിങ്‌ ആൻഡ്‌ കൺസ്‌ട്രക്‌ഷൻ വാഹനങ്ങൾ, മെട്രോ കോച്ചുകൾ എന്നിവയാണ്‌ ഇവർ നിർമിക്കുന്നത്‌. ആഗോള കുത്തക കമ്പനികളുമായി മത്സരിച്ചാണ്‌ മിനി നവരത്ന കമ്പനിയായ ബെമൽ വൻ കുതിപ്പുണ്ടാക്കിയത്‌. രാജ്യത്താകെ 56,000 കോടി രൂപയുടെ ആസ്തിയുള്ള ബെമലിന്‌ 1500 കോടി രൂപ വില കണക്കാക്കിയാണ്‌ വിൽക്കാൻ ടെൻഡർ നടപടി പൂർത്തിയാക്കിയത്‌.

വിവിധ വിദേശ, സ്വദേശ കമ്പനികളെ പരാജയപ്പെടുത്തി മത്സര ടെൻഡറിലൂടെ വിറ്റുവരവിന്റെ 85 ശതമാനം ഓർഡറും ബെമൽ നേടുന്നത്‌ സ്ഥാപനത്തിന്റെയും തൊഴിലാളികളുടെയും കാര്യക്ഷമതയുടെ തെളിവാണ്. മെട്രോ കോച്ചുകളും മൈനിങ്‌ ആൻഡ്‌  കൺസ്ട്രക്‌ഷൻ വാഹനങ്ങളും നിർമിക്കുന്ന ഏക പൊതുമേഖലാ സ്ഥാപനമാണ് ബെമൽ. മെട്രോ കോച്ചിന്റെ അടിസ്ഥാന വില 16 കോടിയിൽനിന്ന്‌ എട്ടു കോടിയായി കുറയ്ക്കാൻ സാധിച്ചത് ബെമൽ ടെൻഡറിൽ പങ്കെടുത്തതിനാലാണ്‌. മൈനിങ്‌ ആൻഡ്‌  കൺസ്ട്രക്‌ഷൻ വാഹനങ്ങളുടെ വില നിയന്ത്രിക്കാനും ബെമലിന്‌ കഴിയുന്നു.

ഒന്നാം നരേന്ദ്രമോദി സർക്കാർ ബെമൽ സ്വകാര്യവൽക്കരിക്കാൻ നിശ്‌ചയിച്ചെങ്കിലും ശക്തമായ എതിർപ്പിനെത്തുടർന്ന്‌ തീരുമാനം മാറ്റി. എന്നാൽ രണ്ടാം മോദി സർക്കാർ വിൽപ്പന നടപടികൾ വീണ്ടും തുടങ്ങി. 16 ഘട്ടമുള്ള നടപടികളിൽ അവസാനത്തേതും പൂർത്തിയാക്കി രണ്ട്‌ കമ്പനികളെ ടെൻഡറിലൂടെ തെരഞ്ഞെടുത്തു. ഒരു റഷ്യൻ കമ്പനിയും ഒരു ഇന്ത്യൻ കുത്തകയുമാണ്‌ പട്ടികയിലുള്ളത്‌. ഈ വർഷംതന്നെ വിൽപ്പന പൂർത്തിയാക്കുമെന്ന്‌ കേന്ദ്ര ധനമന്ത്രി പ്രഖ്യാപിക്കുകയും ചെയ്‌തു. പാലക്കാട്ടെ എംപിമാർ ഇതിനെതിരെ ഒരു ചോദ്യംപോലും പാർലമെന്റിൽ ഉന്നയിച്ചില്ല.

സമരം 456 ദിവസം പിന്നിട്ടു

രാജ്യസുരക്ഷയിൽ നിർണായക പങ്കുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബെമൽ വിൽക്കുന്നതിനെതെിരെ ജീവനക്കാർ നടത്തുന്ന സമരം 456 ദിവസം പിന്നിട്ടു. കഴിഞ്ഞ വർഷം ജനുവരി ആറിന്‌ കഞ്ചിക്കോട്‌ ബെമലിനുമുന്നിൽ ആരംഭിച്ച സമരം ഇതിനകം സംസ്ഥാന ശ്രദ്ധ പിടിച്ചുപറ്റി. തൊഴിലാളികളുടെ കാര്യക്ഷമത വിണ്ടും തെളിയിക്കുമ്പോഴും കാര്യക്ഷമതയുടെ പേരിൽ കേന്ദ്രസർക്കാർ തെറ്റിദ്ധാരണ പരത്തുകയാണ്‌. ബെമൽ വിൽപ്പനയിൽനിന്ന്‌ പിൻമാറണമെന്ന് ബെമൽ എംപ്ലോയീസ് അസോസിയേഷൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top