കൊച്ചി> സംസ്ഥാനത്ത് ബെവ് ക്യൂ ആപ് വഴി ബെവറേജസ് ഔട്ട്‌ലറ്റുകളിൽനിന്ന് മദ്യവിതരണം തുടങ്ങി. കോവിഡ് നിർദ്ദേശങ്ങൾ കർശനമായി പാലിച്ചാണ് ഔട്ട്‌ലറ്റുകളിൽനിന്ന് മദ്യം നൽകുന്നത്.ഇന്ന് രാവിലെവരെ 2.85 ലക്ഷം ടോക്കണുകൾ കൊടുത്തുകഴിഞ്ഞിട്ടുണ്ട്.
ബെവ്കോ- കൺസ്യൂമർഫെഡ് മദ്യവിൽപന ശാലകളെല്ലാം രാവിലെ ഒമ്പതിന് തന്നെ തുറന്നു. മദ്യം വാങ്ങാനെത്തുന്നവരുടെ ടോക്കണിലെ സമയം പരിശോധിച്ചും ടോക്കൺ നമ്പർ രേഖപ്പെടുത്തിയുമാണ് മദ്യവിൽപന .
ഇന്നലെ രാത്രി 11ഓടെയാണ് ആപ് ഗൂഗിൽ പ്ലേ സ്‌റ്റോറിൽ എത്തുന്നത്.മിനിറ്റുകൾക്കുള്ളിൽ നിരവധി പേരാണ് ആപ് ഡൗൺലോഡ് ചെയ്‌ത്. എന്നാൽ ചിലർക്ക് ആപ്പ് പ്ലേ സ്‌റ്റോറിൽ കാണാൻ കഴിയാത്തതും ഒടിപി ലഭിക്കാത്തതുമായ പ്രശ്‌നങ്ങൾ ഉണ്ട്. ഔട്ട്‌ലറ്റുകളിൽ പലയിടത്തും ടോക്കൺ പരിശോധനയ്ക്ക് വേണ്ടിയുള്ള യൂസർ നെയിമും പാസ് വേർഡും ലഭിക്കാത്തത് പ്രതിസന്ധിയുണ്ടാക്കി.പ്രശ്‌നങ്ങൾ ഉടനെ പരിഹരിക്കുമെന്ന് ബെവ്‌കോ എം ഡി പറഞ്ഞു.
ടോക്കൻ ലഭിച്ചവർ രാവിലെതന്നെ ബെവ്‌കോ ഔട്ട്‌ലറ്റുകളിൽ എത്തിയിരുന്നു. അഞ്ചുപേരെ മാത്രമാണ് ഒരുസമയം ക്യൂവിൽ അനുവദിക്കുന്നത്. ഔട്ട്‌ലറ്റിൽ ക്യൂ ആർ കോഡ് സ്‌കാൻ ചെയ്‌തശേഷം മദ്യം നൽകും.
മദ്യം വാങ്ങാനെത്തുന്നവരെ തെർമൽ സ്‌കാനിങും നടത്തുന്നുണ്ട്. പനിയുള്ളവർക്ക് മദ്യം നൽകില്ല. മദ്യം വാങ്ങാൻ അനുവദിച്ച സമയത്തുതന്നെ എത്തണം. ഒരിക്കൽ വാങ്ങിയാൽ 4 ദിവസം കഴിഞ്ഞുമാത്രമെ അടുത്ത ബുക്കിങ് നടത്താനാകൂ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..