തിരുവനന്തപുരം
സംസ്ഥാനത്ത് ബെവ്‌കോ വിതരണം ചെയ്യുന്ന മുഴുവൻ മദ്യക്കുപ്പികളിലും ക്യു ആർ കോഡ് സംവിധാനം വ്യാപിപ്പിക്കുന്നു. ബെവ്‌കോ വഴി വിൽക്കുന്ന മുഴുവൻ മദ്യക്കുപ്പികളിലും നാലുമാസത്തിനുള്ളിൽ ക്യു ആർ കോഡ് ഏർപ്പെടുത്തുമെന്ന് ബിവറേജസ് കോർപറേഷൻ എംഡി ഹർഷിത അട്ടല്ലൂരി പറഞ്ഞു.
സംസ്ഥാന സർക്കാർ സ്ഥാപനമായ തിരുവല്ല ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കൽസിൽ നിർമിക്കുന്ന ജവാൻ റം ബ്രാൻഡ് മദ്യക്കുപ്പികളിലാണ് ഇപ്പോൾ പരീക്ഷ അടിസ്ഥാനത്തിൽ കോഡ് പതിപ്പിക്കുന്നത്. തിരുവല്ലയിൽ ഒരു ബോട്ട്‌ലിങ് ലൈനിലെ മദ്യക്കുപ്പികളിൽ ക്യു ആർ കോഡ് പതിപ്പിക്കുന്നത് ഇനി പൂർണതോതിലാക്കും. ഒപ്പം മറ്റ് മദ്യക്കമ്പനികൾക്കും ക്യു ആർ കോഡ് നിർബന്ധമാക്കും.
ഹോളോഗ്രാം ലേബലിന് പകരമാണ് ക്യു ആർ കോഡ് ഏർപ്പെടുത്തുന്നത്. മദ്യത്തിന്റെ സെക്കൻഡ്‌സ്, വ്യാജൻ എന്നിവ തടയുകയും വിതരണം സുതാര്യമാക്കുകയുമാണ് ലക്ഷ്യം. കുപ്പികൾക്കുപുറമേ കെയ്‌സുകളിലും കോഡ് പതിപ്പിക്കും. സ്കാൻ ചെയ്‌താൽ ഏത് ഡിസ്റ്റിലറിയിൽ ഉൽപ്പാദിപ്പിച്ചു, എന്ന് നിർമിച്ചു, ബാച്ച് തുടങ്ങിയവയും ചില്ലറ വിൽപ്പനശാലകളിൽ സ്‌റ്റോക്കുള്ള മദ്യത്തിന്റെ വിവരവും അറിയാം. ബെവ്‌കോയ്‌ക്ക് ഡിസ്റ്റലറികളിൽനിന്ന് ചില്ലറ വിൽപ്പന ശാലകൾവരെയുള്ള മദ്യത്തിന്റെ നീക്കം നിരീക്ഷിക്കാനുമാകും. എക്സൈസ് എൻഫോഴ്‌സ്‌മെന്റിനും പൊലീസിനും കൃത്യമായി പരിശോധന നടത്താനും കഴിയും.
നിലവിൽ ഡിസ്റ്റലറികളിൽനിന്ന് വിതരണംചെയ്യുന്ന മദ്യക്കുപ്പികളിൽ വെയർഹൗസുകളിൽവച്ച് ഹോളോഗ്രാം ലേബൽ പതിപ്പിക്കുകയാണ് പതിവ്. മദ്യക്കമ്പനികൾ എടുക്കുന്ന പെർമിറ്റിന്റെ അടിസ്ഥാനത്തിൽ ബെവ്‌കോ വെയർ ഹൗസുകൾക്ക് ഹോളോ ഗ്രാം ലേബൽ നൽകും. ക്യു ആർ കോഡ് സംവിധാനത്തിലേക്ക് മാറുന്നതോടെ നിർമാണ സമയത്തുതന്നെ കുപ്പികളിൽ കോഡ് പതിപ്പിക്കും. ഡിസ്റ്റലറികൾക്ക് പെർമിറ്റിന് ആനുപാതികമായി കോഡ് നൽകും. സി ഡിറ്റാണ് കോഡ് തയ്യാറാക്കുന്നത്. ഇതോടെ ബെവ്‌കോയിൽ സമ്പൂർണ ഡിജിറ്റലൈസേഷൻ നടപ്പാകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..