28 December Saturday

ബിവറേജസ് ഔട്ട്‌ലെറ്റ്‌ സ്റ്റോക്കിലെ കുറവ്:നഷ്ടം ജീവനക്കാരിൽനിന്ന്‌ ഈടാക്കാമെന്ന സർക്കുലർ റദ്ദാക്കി

വെബ് ഡെസ്‌ക്‌Updated: Monday Nov 25, 2024

കൊച്ചി
ബിവറേജസ് കോർപറേഷൻ ഔട്ട്‌ലെറ്റുകളിൽ സ്റ്റോക്കിൽ കുറവ് കണ്ടെത്തിയാൽ ബന്ധപ്പെട്ട ജീവനക്കാരിൽനിന്ന് നഷ്ടം ഈടാക്കാമെന്ന മാനേജിങ്‌ ഡയറക്ടറുടെ സർക്കുലർ ഹൈക്കോടതി റദ്ദാക്കി. വൻതുക തിരിച്ചടയ്ക്കാൻ നോട്ടീസ് ലഭിച്ച ചങ്ങനാശേരി ഔട്ട്‌ലെറ്റിലെ ജീവനക്കാരനടക്കം നൽകിയ ഹർജിയിൽ ജസ്‌റ്റിസ് ഹരിശങ്കർ വി മേനോനാണ് ഉത്തരവിട്ടത്. എംഡിയുടെ സർക്കുലർ സർവീസ് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും ഇതിനകം പണം അടച്ച ജീവനക്കാർക്ക്‌ ഉത്തരവ് ബാധകമാകില്ലെന്നും കോടതി വ്യക്തമാക്കി.

സ്‌റ്റോക്കിൽ വലിയ തുകയുടെ പൊരുത്തക്കേട് കണ്ടാൽ നഷ്ടത്തിന്റെ 90 ശതമാനം  ഔട്ട്‌ലെറ്റിലെ ജീവനക്കാരിൽനിന്ന് തുല്യമായും 10 ശതമാനം വെയർഹൗസ് മാനേജരിൽനിന്നും ഈടാക്കണമെന്നായിരുന്നു 2017ലെ സർക്കുലർ. സമാനമായ സർക്കുലറുകൾ 2011ലും 2016ലും ഇറക്കിയിരുന്നു.

ചങ്ങനാശേരിയിൽ സ്‌റ്റോക്കിൽ കുറവ് കണ്ടെത്തിയതിന് ജീവനക്കാരിൽനിന്ന് 53.21 ലക്ഷം രൂപ ഈടാക്കാനാണ് നോട്ടീസ് നൽകിയത്. പ്രളയംമൂലമാണ്‌ സ്റ്റോക്കിൽ പൊരുത്തക്കേടുണ്ടായതെന്നായിരുന്നു ഹർജിക്കാരുടെ വാദം. എന്നാൽ, എംഡിയുടെ  നിർദേശത്തിൽ അപാകമില്ലെന്നും സ്റ്റോക്ക്‌ രജിസ്റ്റർ കൃത്യമായി പുതുക്കി സൂക്ഷിക്കാത്തത് ജീവനക്കാരുടെ വീഴ്ചയാണെന്നും ബിവറേജസ് കോർപറേഷൻ വാദിച്ചു.

എന്നാൽ, സർക്കുലർ നൽകി ജീവനക്കാർക്കെതിരെ ഇത്തരം നടപടിയെടുക്കാനാകില്ലെന്നും സർവീസ് ചട്ടങ്ങളിൽ പറയുന്ന വ്യവസ്ഥകൾപ്രകാരമേ പ്രവർത്തിക്കാനാകൂവെന്നും കോടതി വ്യക്തമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top