27 November Wednesday
ചെന്നിത്തലയുടെ ആരോപണം നേരത്തെ പൊളിഞ്ഞത്

50 പൈസ ടോക്കൺ ചാർജ്‌ ബെവ്കോയ്ക്ക് ; തുക ക്ലൗഡിന്റെ വാടകയ്‌ക്കും എസ്‌എംഎസ്‌ ചാർജിന്‌ ടെലികോം കമ്പനിക്കും നൽകാൻ

മിൽജിത്‌ രവീന്ദ്രൻUpdated: Tuesday May 26, 2020


മദ്യവിതരണത്തിന്‌ ആപ്‌ തയ്യാറാക്കിയതിനു പിന്നിൽ അഴിമതിയെന്ന പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയുടെ വാദം നേരത്തെ പൊളിഞ്ഞത്‌. ആപ്‌ തയ്യാറാക്കിയ സ്‌റ്റാർട്ടപ്‌ കമ്പനി ഫയർ കോഡിന്‌ 2,84,203 രൂപയാണ്‌ ആകെ ലഭിക്കുകയെന്ന് വെളിപ്പെട്ടതോടെ ആരോപണം വിഴുങ്ങേണ്ടിവന്ന പ്രതിപക്ഷ നേതാവ്, ബാറുടമകളുടെ സമ്മതപത്രത്തിന്റെ പകര്‍പ്പുമായാണ് അസംബന്ധ വാദവുമായ് വീണ്ടും രംഗത്തെത്തിയത്‌.

മദ്യം വിൽക്കുമ്പോൾ ടോക്കണൊന്നിന്‌ 50 പൈസ വീതം ബാറുകളും ബിയർ വൈൻ പാർലറുകളും ബിവറേജസ്‌ കോർപറേഷനു നൽകാമെന്ന സമ്മതപത്രമാണ് പുതിയതെന്ന പേരിൽ പ്രതിപക്ഷ നേതാവ്‌ ‘പുറത്തുവിട്ടത്‌’. ഈ 50 പൈസ ആപ്‌ നിർമാതാക്കൾക്കാണ് ലഭിക്കുകയെന്നാണ് തട്ടിവിടുന്നത്. ആപ്‌ കമ്പനിയുമായുണ്ടാക്കിയ കരാറിൽ അവർക്ക്‌ നൽകുന്ന തുക വ്യക്തമായി പറഞ്ഞിട്ടുണ്ട്‌. ആപ്പിന്റെ നിർമാണത്തിനും ഒരു വർഷംവരെയുള്ള പരിപാലനത്തിനുമായി 2,84,203 രൂപയാണ്‌ ലഭിക്കുക. ഒരു വർഷത്തെ വാറന്റി തുക ഉൾപ്പെടെയാണിത്‌. ഒരു വർഷത്തിനുശേഷം കരാർ നീട്ടിയാൽ മാത്രം അടുത്ത ഒരു വർഷത്തേക്കുള്ള ചാർജായി രണ്ടു ലക്ഷം രൂപ നൽകണം. 

ബാറുടമകൾ ആപ്‌ നിർമാതാക്കൾക്ക്‌ ടോക്കണിന്‌ 50 പൈസ വീതം നൽകണമെന്നാണ്‌ ചെന്നിത്തലയുടെ വാദം. എന്നാൽ, ടോക്കണിന്‌ 50 പൈസ വീതം ബാറുടമകൾ ബിവറേജസ്‌ കോർപറേഷനാണ്‌ നൽകേണ്ടത്‌. ഈ 50 പൈസ ഉപഭോക്താക്കളിൽനിന്ന്‌ ഈടാക്കാനും പാടില്ല. ഡാറ്റാ സൂക്ഷിക്കുന്ന ക്ലൗഡിന്റെ മാസവാടക ഏകദേശം 10 ലക്ഷം രൂപയാണ്‌. ഈ തുക ബിവറേജസ്‌ കോർപറേഷൻ സിഡിറ്റിനാണ്‌ നൽകുക. എസ്‌എംഎസ്‌ ചാർജായി 15 പൈസ വീതം ടെലികോം കമ്പനികൾക്കും നൽകണം. ഈ രണ്ടു ചെലവുകൾക്കുമായാണ്‌ ടോക്കണിന്‌ 50 പൈസ വീതം ബാറുടമകളിൽനിന്ന്‌ ബിവറേജസ്‌ കോർപറേഷൻ ഈടാക്കുന്നത്‌.

കമ്പനിയെ തെരഞ്ഞെടുത്തത്‌ സ്‌റ്റാർട്ടപ്‌ മിഷൻ
ആപ്‌ നിർമാതാക്കളെ തെരഞ്ഞെടുത്തത്‌ സംസ്ഥാന സർക്കാരിനു കീഴിലുള്ള സ്‌റ്റാർട്ടപ്‌ മിഷനാണ്‌. ഇതിനായി താൽപ്പര്യപത്രം ക്ഷണിച്ചു. 29 അപേക്ഷ വന്നു‌.വിദഗ്‌ധ സമിതി സാങ്കേതിക പരിശോധന നടത്തി  അഞ്ചു കമ്പനികളെ തെരഞ്ഞെടുത്തു. സാങ്കേതിക മേന്മയും കുറഞ്ഞ തുക ക്വാട്ട്‌ ചെയ്‌തതും കണക്കാക്കിയാണ് ഫയർ കോഡിന് കരാര്‍ നല്‍കിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top