21 November Thursday

കടൽ കടക്കാൻ ബേപ്പൂരിൽനിന്ന്‌ രണ്ട്‌ ഉരു കൂടി

വെബ് ഡെസ്‌ക്‌Updated: Wednesday Oct 23, 2024

ബേപ്പൂർ കക്കാടത്ത് നിർമാണത്തിലിരിക്കുന്ന ഉരു

ഫറോക്ക് > ബേപ്പൂരിലെ തച്ചന്മാരുടെ കരവിരുതും ഖലാസികളുടെ കരുത്തും സമന്വയിപ്പിച്ച് നിർമിച്ച രണ്ട്‌ ആഡംബര ഉരുക്കൾകൂടി കടൽ കടക്കാൻ ഒരുങ്ങുന്നു. ബേപ്പൂർ ബിസി റോഡ് കക്കാടത്ത് നദിക്കരയിലെ  ഉരുപ്പണിശാലയിലാണ് ഖത്തറിലേക്ക് അയക്കാനുള്ള  ഉരുവിന്റെ നിർമാണം പൂർത്തിയാകുന്നത്.

ഇവിടെ നിന്ന് മുമ്പും ഉരു ഖത്തറിലേക്ക് അയച്ചിരുന്നു. ഖത്തറിൽ ക്യാപ്റ്റൻ കൂടിയായ അറബിയാണ് ഓർഡർ നൽകിയത്. ഇദ്ദേഹം നേരത്തെയും ബേപ്പൂരിൽനിന്ന്‌ ഉരു ഖത്തറിലെത്തിച്ചിട്ടുണ്ട്.

ഖത്തറിൽ രാജകുടുംബങ്ങൾക്കും വിവിഐപികൾ ഉൾപ്പെടെയുള്ളവരുടെ വിനോദത്തിനുമാണ്  ആഡംബര ജല നൗകകൾ ഉപയോഗിക്കുന്നത്. ഗൾഫിൽ എത്തിച്ചശേഷം 500 കുതിരശക്തിയുള്ള ഒന്നിലധികം എൻജിനുകൾ  ഘടിപ്പിച്ച്, കൊട്ടാരസമാനമായ സൗകര്യം ഒരുക്കിയാണ് ഉല്ലാസനൗകയാക്കുന്നത്.

പിൻഭാഗം തുറന്ന "സാം ബൂക്ക്’ മാതൃകയിലുള്ള ഉരുവാണ് തയ്യാറാക്കുന്നത്‌.  ഒന്നിന് 140 അടി നീളവും 34 അടി വീതിയുമുള്ള രണ്ടു തട്ടുകളുണ്ട്. രണ്ടാമത്തേതിന് 130 അടി നീളവും  33 അടി വീതിയുമാണ്.  ബേപ്പൂർ എടത്തൊടി സത്യന്റെ നേതൃത്വത്തിലുള്ള സംഘമാണ് നിർമാണജോലികൾ ചെയ്യുന്നത്. നിരവധി വർഷം ഖത്തറിൽ ഈ മേഖലയിൽ ജോലിചെയ്‌ത്‌ കഴിവുതെളിയിച്ചതിനാലാണ്‌ അറബികൾ സത്യനെ തേടിയെത്തുന്നത്‌.

പുറം ഭാഗം തേക്കുതടിയിലും മറ്റു ഭാഗങ്ങൾ വാക, കരിമരുത് തുടങ്ങിയ മരങ്ങളുപയോഗിച്ചുമാണ്‌ നിർമാണം. അവസാനത്തെ കൽപാത്ത് പണിയും നീറ്റിലിറക്കലും നടത്തുക ബേപ്പൂരിലെ മാപ്പിള ഖലാസികളാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top