24 November Sunday

റെഡിയാണ്‌ ‘ഭായി ലോഗ്‌’ ; അതിഥിത്തൊഴിലാളികൾക്ക്‌ 
മൊബൈൽ ആപ്പുമായി 
കൊല്ലത്തെ 3 യുവാക്കൾ

സ്വന്തം ലേഖകൻUpdated: Thursday Sep 5, 2024


തിരുവനന്തപുരം
നേരം വെളുക്കുന്നതോടെ പ്രധാന ജങ്‌ഷനുകളിൽ അതിഥിത്തൊഴിലാളികളുടെ കൂട്ടംതന്നെ കാണാം. ആരെങ്കിലും വന്ന്‌ ജോലിയിടത്തിലേക്ക്‌ വിളിക്കുന്നതും കാത്തിരിക്കുന്നവർ. ഇതിനു മാറ്റംവരുത്തി തൊഴിലും സുരക്ഷയും ഉറപ്പുവരുത്താൻ മൊബൈൽ ആപ്‌ വികസിപ്പിച്ചിരിക്കുകയാണ്‌ എൻജിനിയറിങ്‌ ബിരുദധാരികളായ കൊല്ലത്തെ മൂന്നു യുവാക്കൾ. ‘ഭായി ലോഗ്‌’ എന്ന്‌ പേരിട്ടിരിക്കുന്ന ഈ ആപ്പിലൂടെ തൊഴിലുടമകൾക്ക്‌ തൊഴിലാളികളെ കിട്ടും തൊഴിലാളികൾക്ക്‌ യോജിച്ച തൊഴിലും. 

കേരള സ്റ്റാർട്ടപ്‌ മിഷന്റെ സാമ്പത്തിക പിന്തുണയോടെ 2022 ൽ സ്ഥാപിച്ച സ്റ്റാർട്ടപ്‌ കമ്പനിയായ ഭായ് ലോഗ് കണക്ട്‌ ഇന്ത്യ എന്ന സംരംഭമാണ്‌ ആപ്പിനു പിന്നിൽ. കൊല്ലം ടികെഎം എൻജിനീയറിങ്‌ കോളേജിൽനിന്ന്‌ സിവിൽ എൻജിനിയറിങ്‌ പൂർത്തിയാക്കിയ  അഞ്ചാലുമ്മൂട്‌ സ്വദേശി ആസിഫ് അയൂബ്‌, കരുനാഗപ്പള്ളി സ്വദേശി ആഷിഖ് ആസാദ്‌, കുണ്ടറ സ്വദേശി ഗോകുൽ മോഹൻ എന്നിവരാണ്‌ സംരംഭകർ. കോവിഡ്‌ കാലത്താണ്‌ ആശയത്തിന്റെ പിറവി. സ്‌റ്റാർട്ടപ്‌ മിഷനെ സമീപിച്ചതോടെ 2022ൽ ധൈര്യമായി ഇറങ്ങുകയായിരുന്നു എന്ന്‌ സിഇഒ ആസിഫ്‌ പറഞ്ഞു. രാജ്യത്തെ നാൽപതു കോടിയോളം വരുന്ന അതിഥിത്തൊഴിലാളികൾക്ക്‌ ആപ്‌ പ്രയോജനകരമാകും. 

പ്ലേ സ്‌റ്റോറിൽനിന്ന്‌ ഡൗൺലോഡ്‌ ചെയ്യുന്ന ആപ്പിൽ വിവിധ ഭാഷകൾ ഉപയോഗിക്കാം. അതിഥിത്തൊഴിലാളികൾക്കും തൊഴിലുടമകൾക്കും രജിസ്‌ട്രേഷന്‌ പ്രത്യേകം വിഭാഗമുണ്ട്‌. ആധാറും ഫോൺ നമ്പറും ഉപയോഗിച്ച്‌ രജിസ്‌റ്റർചെയ്യാം. വിവരങ്ങൾ ആധികാരികമാകാനാണിത്‌. തലേദിവസംതന്നെ എവിടെയാണ്‌ ജോലി എന്നത്‌ തൊഴിലാളിക്ക്‌ അറിയാനാകും. വേതനം അക്കൗണ്ടിലുമെത്തും. മെച്ചപ്പെട്ട വേതനവും തൊഴിലിടങ്ങളിലെ സുരക്ഷയും ഉറപ്പുവരുത്താനുള്ള സംവിധാനങ്ങളും ആപ്പിന്റെ ഭാഗമാണ്. സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ യുവപ്രതിഭാ പുരസ്‌കാര ജേതാവാണ്‌ ആസിഫ്‌.

ആപ്പിന്റെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. മുഖ്യമന്ത്രിയുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ഡോ. എസ് കാർത്തികേയൻ, സ്റ്റാർട്ട് അപ്പ് മിഷൻ സിഇഒ അനൂപ് അംബിക എന്നിവരും പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top