തിരുവനന്തപുരം> അമ്മ ചിട്ടപ്പെടുത്തിയ ഭാവ രാഗ താള നാട്യവുമായി മകൾ അരങ്ങിലെത്തുന്നു. ശനി വൈകിട്ട് 6.30ന് ലളിതാംബിക സംഗീത നാട്യസഭയിലാണ് അവതരണം. ഭരതനാട്യം നർത്തകിയും സംഗീതജ്ഞയുമായ വിദ്യ ഭവാനി സുരേഷാണ് നൃത്തം ചിട്ടപ്പെടുത്തിയിരിക്കുന്നത്. മഹാവിഷ്‌ണുവിന്റെ പത്ത് അവതാരങ്ങളെ ആസ്പദമാക്കിയുള്ള പ്രധാന ഇനവും സാഹിത്യവും ചരിത്രവും ആസ്പദമാക്കിയുള്ള കൃതിയുടെ നൃത്താവിഷ്കാരത്തിന് ചുവടുവയ്ക്കുന്നത് മകളും ചാർട്ടേഡ് അക്കൗണ്ടന്റുമായ മഹിത സുരേഷാണ്.
പെരിന്തൽമണ്ണ സ്വദേശി ബി എ സുരേഷിന്റെയും പാലക്കാട് സ്വദേശിയായ വിദ്യ ഭവാനിയുടെയും മൂത്ത മകളായ മഹിത നാല് വയസ്സുമുതൽ നൃത്തം അഭ്യസിക്കുന്നുണ്ടെങ്കിലും സിഎ പഠനത്തിനിടെ മനസ്സില്ലാ മനസ്സോടെ നൃത്തം മാറ്റിവച്ചു. തന്നിലെ കലയെ വിട്ടുകളയാൻ മഹിത തയ്യാറായിരുന്നില്ല. ഭരതനാട്യത്തോടുള്ള അതിയായ അഭിനിവേശവും ഇഷ്ടവുമാണ് വീണ്ടും സജീവമാകാൻ മഹിതയ്‌ക്ക് പ്രേരണയായത്. ജോലിക്കു ശേഷമുള്ള സമയമാണ് മഹിത പരിശീലനത്തിനായി കണ്ടെത്തുന്നത്. അമ്മ തന്നെ ഗുരുവായതിനാൽ പരിശീലന സമയവും സൗകര്യങ്ങളും ക്രമീകരിക്കൽ എളുപ്പമായി.
"എന്റെ പ്രചോദനം എന്നും അമ്മയാണ്. അമ്മയുമായി ഒരുമിച്ച് വേദിയിലെത്തുമ്പോൾ പിടിച്ചുനിൽക്കാൻ കഠിനാധ്വാനം ചെയ്യേണ്ടിവരും. ഞാൻ എത്ര നന്നായി ചെയ്താലും അമ്മയ്ക്കൊപ്പം എത്തില്ല, പക്ഷെ അതിൽനിന്ന് പഠിക്കുന്നതൊക്കെ ഒറ്റയ്ക്കുള്ള അവതരണം മെച്ചപ്പെടുത്താനും മനോഹരമാക്കാനും സഹായിച്ചിട്ടുണ്ട്' –- ചിരിയോടെ മഹിത പറയുന്നു. ഭരതനാട്യത്തിലെ ഭാവങ്ങളും മുദ്രകളും ആഭരണങ്ങളുമെല്ലാം പരിചയപ്പെടുത്തിക്കൊണ്ടുള്ള 46 ഓളം ബുക്കുകളും വിദ്യ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..