21 November Thursday

തട്ടിപ്പ്‌ കേന്ദ്രമായി കോട്ടയം നഗരസഭ: പെൻഷൻ അക്കൗണ്ടിലൂടെ ഉദ്യോഗസ്ഥൻ തട്ടിയത്‌ മൂന്നുകോടി

സ്വന്തം ലേഖകൻUpdated: Thursday Aug 8, 2024

അഖിൽ സി വർഗീസ്

കോട്ടയം> കോട്ടയം നഗരസഭയിൽ പെൻഷൻകാരുടെ പട്ടികയിൽ ജീവനക്കാരിയല്ലാത്ത ബന്ധുവിന്റെ  പേര്‌ എഴുതിച്ചേർത്ത്‌ ജീവനക്കാരൻ തട്ടിയത്‌ മൂന്നുകോടിയിലേറെ രൂപ. പെൻഷൻ വിഭാഗം കൈകാര്യം ചെയ്ത ക്ലർക്കാണ് നഗരസഭയുടെ പെൻഷൻ അക്കൗണ്ടിലൂടെ പി ശ്യാമള എന്ന പേരിൽ തുക അനുവദിച്ച്‌ തട്ടിപ്പ്‌ നടത്തിയത്‌. എസ്‌ബിഐയുടെ 20114143952 എന്ന  അക്കൗണ്ടിലേക്ക്‌ പലതവണ തുക അയച്ചാണ്‌ ഇത്രയധികം പണം തട്ടിയത്‌. സംഭവത്തിൽ നഗരസഭയിലെ മുൻ ക്ലാർക്ക്‌ കൊല്ലം മങ്ങാട്‌ സ്വദേശി അഖിൽ സി വർഗീസിനെതിരെ നഗരസഭ സെക്രട്ടറി ജില്ലാ പൊലീസ് മേധാവിക്ക്‌ പരാതി നൽകി. രാജ്യം വിടാൻ സാധ്യതയുണ്ടന്നും പാസ്‌പോർട്ട്‌ മരവിപ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്‌. നഗരസഭ ജോയിന്റ്‌ ഡയറക്ടർക്കും റിപ്പോർട്ട്‌ നൽകി. നിലവിൽ വൈക്കം നഗരസഭയിലാണ്‌ ഇയാൾ ജോലി ചെയ്യുന്നത്‌. ചൊവ്വാ ഉച്ചയോടെ അവിടെ നിന്നു മുങ്ങി.

2020 മുതലാണ്‌ അഖിൽ കോട്ടയം നഗരസഭയിലെ പെൻഷൻ വിഭാഗത്തിൽ ജോലി ചെയ്തത്‌. ഈ കാലഘട്ടത്തിൽ തട്ടിപ്പ് നടന്നെന്നാണ്‌ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. വിരമിച്ച ജീവനക്കാരുടെ അക്കൗണ്ട് സ്റ്റേറ്റ്മെന്റ്‌ വിവരങ്ങൾ നഗരസഭയിലെ ധനകാര്യ വിഭാഗം പരിശോധിച്ചപ്പോഴാണ് വ്യാപക ക്രമക്കേട് ശ്രദ്ധയിൽപ്പെട്ടത്‌. അഖിൽ പെൻഷൻ ലഭിക്കുന്നവരുടെ പട്ടികയിൽ  പി ശ്യാമള എന്ന പേര്‌    കൂട്ടിച്ചേർത്താണ്‌ തട്ടിപ്പ്‌ നടത്തിയതെന്നും ആദ്യകാലങ്ങളിൽ മറ്റുള്ളവർക്ക്‌ ലഭിച്ചതിന്‌ സമാനമായി ചെറിയ തുകകളാണ്‌ ശ്യാമളയ്‌ക്കും നൽകിയതെന്നും നഗരസഭ സെക്രട്ടറി അറിയിച്ചു. തട്ടിപ്പ്‌ ആരും ശ്രദ്ധിക്കുന്നില്ലെന്ന്‌ ബോധ്യമായതോടെ തുക ക്രമേണ വർധിപ്പിച്ചു. ഒടുവിൽ അഞ്ചുലക്ഷം വരെ മാസം തട്ടിയെടുത്തതായും സെക്രട്ടറി പറഞ്ഞു.  ശ്യാമള  അഖിലിന്റെ അമ്മയാണന്ന്‌ അറിയുന്നതായും സെക്രട്ടറി പരാതിയിൽ സൂചിപ്പിച്ചിട്ടുണ്ട്‌. സംഭവത്തിൽ പൊലീസ്‌ അന്വേഷണമാരംഭിച്ചു.

നഗരസഭ ഭരണത്തിന്റെ കെടുകാര്യസ്ഥതയും ക്രമക്കേടുമാണ് തട്ടിപ്പു നടത്താൻ ഉദ്യോഗസ്ഥനും സാഹചര്യം ഉണ്ടാക്കിയതെന്ന്‌ പ്രതിപക്ഷ നേതാവ് അഡ്വ. ഷീജ അനിൽ പറഞ്ഞു. ഇനിയും അഴിമതികൾ പുറത്തുവരാനുണ്ട്. ഇത്തരം ക്രമക്കേടുകളിൽ നഗരസഭ അധികൃതർക്കും പങ്കുണ്ടെന്നും പ്രതിപക്ഷം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top