26 September Thursday

ലൈഫ്‌ സയൻസ്‌ ഹബ്ബാകാൻ കേരളം ; ബയോ കണക്ട്‌ വ്യവസായ കോൺക്ലേവിന്‌ നാളെ തുടക്കം

വെബ് ഡെസ്‌ക്‌Updated: Thursday Sep 26, 2024


തിരുവനന്തപുരം
ലൈഫ്‌ സയൻസ്‌ മേഖലയിൽ കൂടുതൽ നിക്ഷേപം ആകർഷിക്കാൻ ലക്ഷ്യമിട്ട്‌ സംഘടിപ്പിക്കുന്ന ബയോ കണക്ട്‌ വ്യവസായ കോൺക്ലേവിന്‌ വെള്ളിയാഴ്‌ച തലസ്ഥാനത്ത്‌ തുടക്കമാകും. ഹയാത്ത്‌ റീജൻസിയിൽ രണ്ടു ദിവസമായി നടക്കുന്ന കോൺക്ലേവിൽ വിദേശ രാജ്യങ്ങളിൽനിന്നടക്കം പ്രതിനിധികൾ പങ്കെടുക്കും. വെള്ളി രാവിലെ 9.30ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യുമെന്ന്‌ വ്യവസായ മന്ത്രി പി രാജീവ്‌ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

തോന്നയ്‌ക്കൽ ബയോ 360 ലൈഫ് സയൻസ് പാർക്കിന്റെയും കേരളത്തിൽ ആരംഭിക്കുന്ന മറ്റ് ലൈഫ് സയൻസ് പാർക്കുകളുടെയും ഏകോപനത്തിനായി കെഎസ്‌ഐഡിസിയുടെ സബ്സിഡിയറി കമ്പനിയായി രൂപീകരിച്ച കേരള ലൈഫ് സയൻസസ് ഇൻഡസ്ട്രീസ് പാർക്കിന്റെ (ക്ലിപ്) നേതൃത്വത്തിലാണ് കോൺക്ലേവ് സംഘടിപ്പിക്കുന്നത്. ലൈഫ് സയൻസ് വ്യവസായങ്ങൾ, ആഗോള ലൈഫ് സയൻസ് പരിതസ്ഥിതി, ന്യൂട്രാസ്യൂട്ടിക്കൽസ് ആൻഡ് അഗ്രിഫുഡ്‌സ്, ആരോഗ്യ പരിരക്ഷാ ഉപകരണ വ്യവസായത്തിന് അനുയോജ്യമായ അന്തരീക്ഷം വളർത്തിയെടുക്കൽ, വാക്‌സിനുകളും ഫാർമ വ്യവസായവും, എഐയും ജനതികശാസ്ത്രവും തുടങ്ങിയ വിഷയങ്ങൾ കോൺക്ലേവിൽ ചർച്ച ചെയ്യും. 

കേരള സ്റ്റാർട്ടപ് മിഷൻ തെരഞ്ഞെടുത്ത അഞ്ചു സ്റ്റാർട്ടപ്പുകൾ നിക്ഷേപകർക്കു മുന്നിൽ തങ്ങളുടെ ആശയങ്ങൾ അവതരിപ്പിക്കും. കോൺക്ലേവിന് മുന്നോടിയായി വിവിധ വ്യവസായ സ്ഥാപനങ്ങളിൽനിന്ന് പ്രത്യേകം ക്ഷണിക്കപ്പെട്ട സംഘം ലൈഫ് സയൻസസ് പാർക്ക്‌ സന്ദർശിക്കും. തുടർന്ന് ഇവർ വ്യവസായ മന്ത്രിയുമായി ചർച്ച നടത്തും.

ലൈഫ്‌ സയൻസ്‌ 
അതികായർ 
പങ്കെടുക്കും
കോൺക്ലേവിൽ ലൈഫ്‌ സയൻസ്‌ മേഖലയിലെ ലോക പ്രശസ്‌ത സ്ഥാപനങ്ങളും പ്രമുഖ വ്യക്തികളും പങ്കെടുക്കും. ജർമനിയിലെ ഇൻവെന്റ ഡയഗ്നോസ്റ്റിക്ക സിഇഒ പ്രൊഫ. ഹോളിത്, ബ്രിട്ടനിലെ ലാന്റ് മെഡിക്കൽ എംഡി ജൊവാൻ ലാന്റ, സീഷെം എഫ്ആർഎസ്സിയുടെ ഡോ. സാം വൈറ്റ്ഹൗസ്, ബിറാക് എംഡി ഡോ. ജിതേന്ദ്രകുമാർ, റിലയൻസ് ലൈഫ് സയൻസസ് പ്രസിഡന്റ് ഡോ. കെ വി സുബ്രഹ്മണ്യൻ, ഭാരത് സിറംസ് ആൻഡ് വാക്‌സിൻസിന്റെ സിഒഒ അലോക് ഖെത്രി, ദേശീയ ബയോഫാർമ മിഷൻ ഡയറക്ടർ ഡോ. രാജ് കെ ശിരുമല്ല, ഇൻഡ്യൻ സയൻസ് ആൻഡ് ടെക്നോളജി മന്ത്രാലയം മുൻ സെക്രട്ടറി പ്രൊഫ. ടി രാമസ്വാമി തുടങ്ങിയവരാണ്‌ പങ്കെടുക്കുന്നത്‌.


215 കോടി ചെലവിൽ സിഎസ്‌ഐആർ 
മികവിന്റെ കേന്ദ്രം
തിരുവനന്തപുരം തോന്നയ്‌ക്കൽ ലൈഫ്‌ സയൻസ്‌ പാർക്കിൽ കേന്ദ്ര സർക്കാർ സ്ഥാപനമായ സിഎസ്‌ഐആറിന്റെ മികവിന്റെ കേന്ദ്രം വരുന്നു. 215 കോടി മുതൽ മുടക്കിലാണ്‌ ഇന്നവേഷൻ ടെക്‌നോളജി ആൻഡ്‌ ഓൺട്രപ്രണർഷിപ്‌ സ്ഥാപിക്കുക. ഇതിൽ 29 കോടി ചെലവിടുന്ന ആയുഷ്‌ ടെസ്‌റ്റിങ്‌ സെന്ററും ഉൾപ്പെടും. ലൈഫ്‌ സയൻസ്‌ പാർക്കിൽ നിലവിൽ പത്തു കമ്പനികൾ എത്തിക്കഴിഞ്ഞു. റബർ, കയർ, സ്‌പൈസസ്‌ എന്നിവയുടെ മൂല്യവർധിത ഉൽപ്പന്നങ്ങൾക്ക്‌ കോമൺ ഫെസിലിറ്റി സെന്ററും സ്ഥാപിക്കും. നൂറോളം സ്‌റ്റാർട്ടപ്പുകളും പാർക്കിൽ പ്രവർത്തിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top