തിരുവനന്തപുരം > ഒരു സിറിഞ്ചോ മെഡിസിൻ സ്ട്രിപ്പോ എവിടെയെങ്കിലും ഉപേക്ഷിച്ചാൽ എന്തുസംഭവിക്കാനാണെന്ന് കരുതുന്നവർ ഈ കണക്കൊന്ന് ശ്രദ്ധിക്കുക. നഗരത്തിൽനിന്ന് വ്യാഴാഴ്‌ചമാത്രം ശേഖരിച്ചത് 498 കിലോ ബയോ മെഡിക്കൽ വേസ്റ്റ്. മൂന്നുദിവസംകൊണ്ട് 1360 കിലോ. ഈമാസം ആകെ 7262 കിലോ. ജൂലൈയിൽ 8124 കിലോ. 600 കിലോ ശേഖരിച്ച ദിവസങ്ങളുമുണ്ട്. സ്റ്റാർട്ടപ്പായ ആക്രി ആപ്പിലൂടെ കോർപറേഷൻ പരിധിയിൽനിന്ന് ശേഖരിച്ച ബയോ മെഡിക്കൽ മാലിന്യത്തിന്റെ കണക്കാണ് ഇത്.
ചെറുതെന്ന് കരുതാമെങ്കിലും അത്ര നിസ്സാരമല്ല ബയോ മെഡിക്കൽ മാലിന്യം. ഡയപ്പറുകൾ, സാനിറ്ററി പാഡുകൾ, സിറിഞ്ചുകൾ, കാലഹരണപ്പെട്ട മരുന്ന് തുടങ്ങിയവ എങ്ങനെ ഒഴിവാക്കുമെന്ന് അറിയാത്തതിനാൽ പലരും എവിടെയെങ്കിലും വലിച്ചെറിയുകയോ ഹരിതകർമസേനയ്‌ക്ക് മറ്റു മാലിന്യങ്ങൾക്കൊപ്പം അവരറിയാതെ നൽകുകയോ ചെയ്യാറുണ്ട്. എന്നാൽ, ഇനി ഇത്തരം മാലിന്യം എങ്ങനെ ഒഴിവാക്കുമെന്നോർത്ത് ആശങ്ക വേണ്ട. നഗരത്തിലെ ബയോ മെഡിക്കൽ മാലിന്യം ശേഖരിക്കാൻ ആക്രി ആപ് സജീവമാണ്. കോർപറേഷന്റെ എല്ലാ വാർഡുകളിലും ആക്രി ആപ് വഴി മാലിന്യം ശേഖരിക്കും. കിലോക്ക് 50 രൂപ നിരക്കിലാണ് ബയോ മെഡിക്കൽ മാലിന്യം എടുക്കുന്നത്. കൊച്ചി കേന്ദ്രീകരിച്ചുള്ള എ ഫോർ മെർക്കന്റയിൽസിന്റെ ആക്രി ആപ് സംരംഭം കോർപറേഷനുമായി സഹകരിച്ച് പ്രവർത്തനം തുടങ്ങിയിട്ട് മൂന്നുമാസമാകുന്നു. ഇതിനകം ശേഖരിച്ചത് രണ്ട് ടണ്ണിലധികം ബയോ മെഡിക്കൽ മാലിന്യമാണ്. ഇപ്പോൾ ബ്യൂട്ടി പാർലറുകളിൽനിന്നും ബാർബർ ഷോപ്പുകളിൽ നിന്നും മറ്റുമായി മുടിയും ശേഖരിക്കുന്നുണ്ട്.
ആക്രി ആപ്പിന്റെ ബയോ മെഡിക്കൽ വേസ്റ്റ് എന്ന കാറ്റഗറിയിൽ ബുക്ക് ചെയ്താൽ കലക്‌ഷൻ എക്‌സിക്യൂട്ടീവ് വീട്ടിലെത്തി മാലിന്യം ശേഖരിക്കും. ആപ് ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാണ്. 1800 890 5089 ടോൾ ഫ്രീ നമ്പർ വഴിയും ബന്ധപ്പെടാം. കൊച്ചി, തൃശൂർ, കോഴിക്കോട് കോർപറേഷനുകളുമായി സഹകരിച്ചും ആക്രി ആപ് പ്രവർത്തിക്കുന്നുണ്ട്. സംസ്ഥാന സർക്കാർ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ നടപടി കർശനമാക്കിയതോടെ ആപ് വഴി ബുക്ക് ചെയ്യുന്നവരുടെ എണ്ണം വർധിച്ചതായി ആക്രി ആപ് ജില്ലാ കോ–- ഓർഡിനേറ്റർ നിള പദ്മ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..