കൊല്ലം > ഹൃദയത്തിന്റെ രണ്ട് അറയിലും ഒരേസമയം ശസ്‌ത്രക്രിയ (ബൈവെൻട്രിക്കുലാർ പേസിങ്) നടത്തുന്ന അതിസങ്കീർണ ചികിത്സയായ കാർഡിയാക് റിസിംഗ്രണിസേഷൻ കൊല്ലം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിജയകരം. ഹൃദയമിടിപ്പ് കുറഞ്ഞും രക്തം പമ്പിങ് കുറഞ്ഞും മരണവുമായി മല്ലിടുന്നവരുടെ ഹൃദയതാളം വീണ്ടെടുത്ത് ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തുന്ന ചികിത്സയായ ബൈവെൻട്രിക്കുലാർ പേസിങ് മൂന്നുമാസത്തിനിടെ മൂന്നെണ്ണമാണ് ഇവിടെ വിജയകരമായി പൂർത്തിയാക്കിയത്.
കാർഡിയോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ വി എ പ്രശോഭിന്റെയും ഡോ. കിരൺകുമാർ റെഡ്ഡിയുടെയും നേതൃത്വത്തിലാണ് ഹൃദയപേശികളെ സംയോജിതമായി പ്രവർത്തിപ്പിക്കാൻ കഴിയുന്ന സിആർടിപി (കാർഡിയാക് റെസിൻക്രോനൈസേഷൻ തെറാപി പേസ് മേക്കർ) ചികിത്സ വിജയകരമായി പൂർത്തിയാക്കിയത്. മുപ്പതിൽതാഴെ ഹൃദയതാളവുമായി അത്യാസന്നനിലയിൽ കഴിഞ്ഞ ദിവസം എത്തിയ കരുനാഗപ്പള്ളി സ്വദേശിയായ അറുപത്തിനാലുകാരനെയാണ് ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നത്.
സാധാരണ നിലയിൽ 70നു മുകളിൽ ഹൃദയതാളം ഉണ്ടാകേണ്ടിടത്ത് മുപ്പതിൽ താഴെയായിരുന്നു വയോധികനുണ്ടായിരുന്നത്. പേസ്‌മേക്കർ ചെയ്യേണ്ട അവസ്ഥയായിരുന്നെങ്കിലും ഹൃദയത്തിന്റെ പമ്പിങ് 30 ശതമാനത്തിൽ താഴെയായിരുന്നു. തുടർന്നു നടത്തിയ ആൻജിയോഗ്രാമിൽ രക്തധമനികളിൽ ബ്ലോക്കില്ലെന്ന് സ്ഥിരീകരിച്ചു. എന്നാൽ, സാധാരണ പേസ്‌മേക്കർകൊണ്ട് വിപരീതഫലമുണ്ടാകാൻ സാധ്യതയുണ്ടെന്ന് വ്യക്തമായതോടെ ബൈവെൻട്രിക്കുലാർ പേസിങ് നടത്തുകയായിരുന്നു. സ്വകാര്യ ആശുപത്രികളിൽ നാലുലക്ഷത്തിൽപ്പരം രൂപ ചെലവുവരുന്ന ചികിത്സ ഇവിടെ കാരുണ്യ സ്‌കീമിൽ ഉൾപ്പെടുത്തി പൂർണമായും സൗജന്യമായി ചെയ്‌തു. സർക്കാർ- സ്വകാര്യ ആശുപത്രികളിൽ അത്യപൂർവമായി നടക്കുന്ന ഈ ശസ്‌ത്രക്രിയ വിജയിപ്പിച്ച കാർഡിയോളി വിഭാഗത്തെ ആശുപത്രി സൂപ്രണ്ട് സി വി രാജേന്ദ്രൻ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ബി പത്മകുമാർ എന്നിവർ അഭിനന്ദിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..