20 October Sunday

ബിജെപി ഡീൽ: കോൺഗ്രസിൽ കലാപം തുടങ്ങി- ഡിവൈഎഫ്‌ഐ

വെബ് ഡെസ്‌ക്‌Updated: Sunday Oct 20, 2024

പാലക്കാട്‌> ബിജെപി ഡീലിനെ തുടർന്ന്‌ കോൺഗ്രസിൽ കലാപം തുടങ്ങിയതായി ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്‌ വി വസീഫ്‌, സെക്രട്ടറി വി കെ സനോജ്‌ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അടിച്ചേൽപ്പിച്ച ഉപതെരഞ്ഞെടുപ്പ്‌ കോൺഗ്രസ്‌–- ബിജെപി ഡീലിന്റെ ഭാഗമാണ്‌. കെപിസിസി ഡിജിറ്റൽ മീഡിയ കോ–-ഓർഡിനേറ്ററായിരുന്ന ഡോ. സരിൻ ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞ്‌ പുറത്തുവന്നു. ഇപ്പോൾ യൂത്ത്‌ കോൺഗ്രസ്‌ മുൻ സംസ്ഥാന സെക്രട്ടറി എ കെ ഷാനിബും സതീശൻ–- സംഘപരിവാർ ഡീൽ തുറന്നുകാട്ടി.

ഇനിയും നിരവധി നേതാക്കൾ പാർടി വിടാനൊരുങ്ങുകയാണ്‌. ബിജെപിക്ക്‌ പാലക്കാട്‌ അക്കൗണ്ട്‌ തുറക്കാനുള്ള നീക്കമാണ്‌ കോൺഗ്രസ്‌ നടത്തുന്നത്‌. പാലക്കാട്‌ നഗരസഭ നേരത്തെ കോൺഗ്രസ്‌ ഭരണത്തിലായിരുന്നു. ഇപ്പോൾ തുടർച്ചയായി ബിജെപി ഭരിക്കുന്നു. മണ്ഡലത്തിൽ ഏറെ സ്വാധീനമുണ്ടെന്ന്‌ ചിലർ ഉയർത്തിക്കാണിക്കുന്ന കോൺഗ്രസ്‌ നേതാവിന്‌ എന്തുകൊണ്ട്‌ ആ സ്വാധീനം നഗരത്തിൽ ചെലുത്താൻ കഴിയുന്നില്ല.

പാലക്കാട്‌ നഗരസഭാ ഭരണം ബിജെപിക്ക്‌ നൽകി പാലക്കാട്‌ നിയമസഭാ മണ്ഡലം കോൺഗ്രസ്‌ നിലനിർത്തുന്ന ഡീലാണ്‌ നടക്കുന്നത്‌. മുനിസിപ്പൽ ഓഫീസിൽ ആർഎസ്‌എസ്‌ പതാക ഉയർത്തിയപ്പോൾ അന്ന്‌ ദേശീയ പതാക ഉയർത്തിയത്‌ ഡിവൈഎഫ്‌ഐ ആണ്‌. യൂത്ത്‌ കോൺഗ്രസ്‌ രംഗത്തുവന്നില്ല.

യൂത്ത്‌ കോൺഗ്രസ്‌ വ്യാജ ഐഡി കാർഡ്‌ വിഷയത്തിൽ കേന്ദ്ര ഏജൻസികളെക്കൊണ്ട്‌ അന്വേഷിപ്പിക്കുമെന്ന്‌ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രൻ പറഞ്ഞിരുന്നു. എന്നിട്ടെന്താണ്‌ അന്വേഷണം നടക്കാത്തതെന്നും ഭാരവാഹികൾ ചോദിച്ചു. ഇതൊക്കെ കോൺഗ്രസ്‌–- ബിജെപി ഡീലിന്റെ ഭാഗമാണെന്നും വസീഫും സനോജും പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top