23 December Monday

ബിജെപി ഭാരവാഹി പട്ടിക ; ‘കുഴൽ’ സംഘത്തിന്‌ സംരക്ഷണം; ഗ്രൂപ്പ്‌ യുദ്ധം കടുക്കും

വെബ് ഡെസ്‌ക്‌Updated: Tuesday Oct 5, 2021


തിരുവനന്തപുരം
കോഴ ഇടപാട്‌ പുറത്തെത്തിച്ചവരെ പുറത്താക്കിയും ‘കുഴൽ’ സംഘത്തെ സംരക്ഷിച്ചും ബിജെപി ഭാരവാഹിപ്പട്ടിക. അഞ്ച്‌ ജില്ലാ അധ്യക്ഷന്മാരെ മാറ്റി. തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയുണ്ടായ തിരുവനന്തപുരം, എറണാകുളം, മലപ്പുറം ജില്ലാ അധ്യക്ഷന്മാരെ നിലനിർത്തി. ഏകപക്ഷീയമായി പട്ടികയുണ്ടാക്കി പ്രഖ്യാപിച്ചത്‌ ഗ്രൂപ്പു യുദ്ധം കടുക്കാനിടയാക്കുമെന്ന്‌ മുതിർന്ന നേതാക്കൾ വിലയിരുത്തി. ബിജെപി പുനഃസംഘടന മുരളീധര ഗ്രൂപ്പിന്റെ റിക്രൂട്ട്മെന്റ് ഇവന്റാണെന്ന് കോർ കമ്മിറ്റി അംഗമായ മുതിർന്ന നേതാവ് പറഞ്ഞു.

കാസർ​കോട് രവീശതന്ത്രിയും വയനാട് കെ പി മധുവും പാലക്കാട് കെ എം ഹരിദാസും കോട്ടയത്ത്‌ ജി ലിജിൻലാലും പത്തനംതിട്ടയിൽ വി എ സൂരജും അധ്യക്ഷന്മാരാകും. സി കെ ജാനുവിന്‌ കോഴ നൽകിയതുമായി ബന്ധപ്പെട്ട്‌ വയനാട്‌ അധ്യക്ഷനെയും സുന്ദര സംഭവത്തിൽ കാസർകോട്‌ അധ്യക്ഷനെയും മാറ്റി. കൊടകര കുഴൽപ്പണ കേസിൽ പ്രതിസ്ഥാനത്തുള്ള തൃശൂർ സംഘത്തെ സംരക്ഷിച്ചു. കോന്നിയിൽ തോറ്റതിന്‌ പത്തനംതിട്ടയിൽ പണി നൽകി. പാലക്കാട്‌ ഒരേ ഗ്രൂപ്പുകാരാണെങ്കിലും ജനറൽസെക്രട്ടറി സി കൃഷ്‌ണകുമാറിനും ഭാര്യക്കും താൽപ്പര്യമില്ലാത്തതിനാൽ ഇ കൃഷ്‌ണദാസിനെ മാറ്റി. പക്ഷേ, സംസ്ഥാന ട്രഷറർ ആക്കി സുരേന്ദ്രൻ ‘രക്ഷിച്ചു’.

പി രഘുനാഥ്, ബി ഗോപാലകൃഷ്‌ണൻ, സി ശിവൻകുട്ടി എന്നിവരാണ്‌ പുതിയ ഉപാധ്യക്ഷന്മാർ. ജെ ആർ പത്മകുമാറിനെ സെക്രട്ടറിയാക്കി ‘തരംതാഴ്‌ത്തി'യ പ്പോൾ ജി രാമൻനായരെ തള്ളി പന്തളം പ്രതാപനെ പരിഗണിച്ചു. കെ ശ്രീകാന്ത്, രേണു സുരേഷ് എന്നിവരാണ്‌ പുതിയ സെക്രട്ടറിമാർ. കെ വി എസ് ഹരിദാസ്, സന്ദീപ് വാചസ്‌പതി, ടി പി സിന്ധുമോൾ പുതിയ വക്താക്കൾ.

നടന്‍ സുരേഷ്‌ഗോപിയെ ഉൾപ്പൊടുത്തുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും  സീരിയല്‍ നടന്‍ കൃഷ്ണകുമാറിനെയാണ് ദേശീയ സമിതിയില്‍ ഉള്‍പ്പെടുത്തിയത്. 10 വൈസ് പ്രസിഡന്റുമാരും ആറ് ജനറല്‍ സെക്രട്ടറിമാരും 10 സെക്രട്ടറിമാരും ഉള്‍പ്പെടുന്ന ഭാരവാഹി പട്ടികയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പ്രഖ്യാപിച്ചത്‌.

പുനഃസംഘടന തുടരുമെന്ന്‌ സുരേന്ദ്രൻ
ബിജെപിയിൽ ബൂത്ത്‌ മുതൽ സംസ്ഥാനതലം വരെ പുനഃസംഘടന നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രൻ. ചില ജില്ലാ പ്രസിഡന്റുമാരെ മാറ്റി. നവമാധ്യമങ്ങളിലും മാധ്യമങ്ങളിലും പ്രതികരിക്കുന്നത് കർശനമായി നിയന്ത്രിക്കും. അച്ചടക്കം ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top