22 November Friday
പണമെത്തിച്ചത്‌ തൃശൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ , രാത്രി ഓഫീസ്‌ അടയ്‌ക്കരുതെന്ന്‌ നേതാക്കൾ ആവശ്യപ്പെട്ടു

കുഴൽപ്പണമെത്തിച്ചത്‌ 
6 ചാക്കിൽ ; ബിജെപി മുൻ ഓഫീസ്‌ സെക്രട്ടറിയുടെ വെളിപ്പെടുത്തൽ

സ്വന്തം ലേഖകൻUpdated: Friday Nov 1, 2024

 


2021ലെ നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത്‌ തൃശൂരിലെ ബിജെപി ഓഫീസിൽ കുഴൽപ്പണം എത്തിച്ചതായി മുൻ ഓഫീസ്‌ സെക്രട്ടറി  വെളിപ്പെടുത്തി. ആറ്‌ ചാക്കുകളിലായാണ്‌ പണം എത്തിച്ചതെന്നും ബിജെപി തൃശൂർ ജില്ലാകമ്മിറ്റി ഓഫീസ്‌ സെക്രട്ടറിയായിരുന്ന തിരൂർ സതീശ്‌  പറഞ്ഞു. തൃശൂർ ജില്ലയിലേക്കുള്ള പണം ഓഫീസിൽ ഇറക്കി, ബാക്കി പണവുമായി ആലപ്പുഴയ്‌ക്കു പോകുമ്പോഴാണ്‌ കൊടകരയിൽ മൂന്നരക്കോടി രൂപ  കൊള്ളയടിച്ചതെന്നും സതീശ്‌ പറഞ്ഞു. രാത്രി തെരഞ്ഞെടുപ്പ്‌ സാമഗ്രികൾ വരുമെന്നും ഓഫീസ്‌ അടയ്‌ക്കരുതെന്നും  സംഭവ ദിവസം ബിജെപി ജില്ലാ നേതാക്കൾ അറിയിച്ചു. സാമഗ്രികളുമായെത്തിയ ധർമരാജ്‌ ഉൾപ്പെടെയുള്ളവർക്ക്‌  ജില്ലാ ട്രഷറർ സുജയസേനന്റെ നിർദേശപ്രകാരം ലോഡ്‌ജിൽ മുറിയെടുത്തുനൽകി. ഓഫീസിൽ ഇറക്കിയ  സാമഗ്രികൾ തുറന്നുനോക്കിയപ്പോൾ പണമാണെന്ന്‌ മനസ്സിലായി. പിറ്റേദിവസം കൊടകരയിലെ കവർച്ചാവിവരം പുറത്തുവന്നതോടെയാണ്‌  കുഴൽപ്പണമാണെന്ന്‌ മനസ്സിലായത്‌.  

നേരത്തെ ഒരുതവണ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രൻ, ജില്ലാ പ്രസിഡന്റ്‌  കെ കെ അനീഷ്‌ കുമാർ എന്നിവർക്കൊപ്പം ധർമരാജൻ തൃശൂരിലെ ഓഫീസിലെത്തിയിരുന്നു.  പൊലീസിനുമുന്നിൽ നേതാക്കളുടെ നിർദേശപ്രകാരമാണ്‌ മൊഴി നൽകിയത്‌. വിചാരണ സമയത്ത്‌ കോടതിയിൽ  എല്ലാം തുറന്നുപറയുമെന്നും  സതീശ്‌  പറഞ്ഞു. കൊടകര കുഴൽപ്പണ കവർച്ചാകേസ്‌ അന്വേഷണം നടക്കുന്നതിനിടെ സതീശിനെ ഓഫീസ്‌ സെക്രട്ടറിസ്ഥാനത്തുനിന്ന്‌ നീക്കിയിരുന്നു.

കൊടകര 
കുഴൽപ്പണക്കേസ്‌
2021 ഏപ്രില്‍ നാലിന് പുലര്‍ച്ചെ 4.40-നാണ് കൊടകരയില്‍ വ്യാജ അപകടം സൃഷ്ടിച്ച് കാര്‍ തട്ടിക്കൊണ്ടുപോയി മൂന്നരക്കോടി കവര്‍ന്നത്. സംഭവത്തില്‍ 25 ലക്ഷം കവർന്നതായി കാര്‍ ഡ്രൈവര്‍ ഷംജീര്‍ കൊടകര പൊലീസില്‍ പരാതിപ്പെട്ടു.  കേസ് അന്വേഷിച്ച പ്രത്യേക സംഘം, ബിജെപിയുടെ പണമായിരുന്നെന്നും മൂന്നരക്കോടി ഉണ്ടായിരുന്നെന്നും കണ്ടെത്തി. ഏപ്രിൽ രണ്ടിന്‌  6.3 കോടി തൃശൂർ  ബിജെപി ഓഫീസിൽ എത്തിച്ചതായും  നിയമസഭാ തെരഞ്ഞെടുപ്പിൽ ഏഴു ജില്ലകളിൽ ബിജെപി 41.4 കോടി കുഴൽപ്പണം ഇറക്കിയതായും വ്യക്തമായി.  കെ സുരേന്ദ്രന്റെ  അറിവോടെ  കർണാടകത്തിൽനിന്ന്‌  സംഘടനാ സെക്രട്ടറി എം ഗണേശന്റെ നിർദേശപ്രകാരം ആലപ്പുഴ ജില്ലാ ട്രഷറര്‍ കെ ജി കര്‍ത്തയ്ക്ക് നല്‍കാനാണ് പണം കൊണ്ടുപോയതാണെന്നും ഇരിങ്ങാലക്കുട കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. 23 പേരെ പൊലീസ് അറസ്റ്റുചെയ്തു.   കെ സുരേന്ദ്രനെയും ചോദ്യംചെയ്‌തിരുന്നു.

ഇഡി മുഖംതിരിച്ച കേസ്‌
കള്ളപ്പണമിടപാട്‌  അന്വേഷണം  സംസ്ഥാന പൊലീസിന്റെ  അന്വേഷണ പരിധിയിൽ വരാത്തതിനാൽ ഇതുസംബന്ധിച്ച വിശദമായ റിപ്പോർട്ട്‌  പ്രത്യേക അന്വേഷകസംഘം ഇഡിക്കും  ഇൻകംടാക്‌സ്‌ വകുപ്പിനും തെരഞ്ഞെടുപ്പു കമീഷനും  അയച്ചു. പൊലീസിന്റെ ആവശ്യത്തോട് ഇഡി പ്രതികരിച്ചതുപോലുമില്ല.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top