22 December Sunday
പൊലീസ്‌ അന്വേഷിച്ച്‌ കണ്ടെത്തിയ എല്ലാ വിവരങ്ങളും ഇഡിക്ക്‌ കൈമാറിയിരുന്നു

കൊടകര കുഴൽപ്പണക്കേസ് അന്വേഷണം ; ഇഡി മുങ്ങി

ദിനേശ്‌ വർമUpdated: Friday Nov 1, 2024


തിരുവനന്തപുരം
കൊടകര കുഴൽപ്പണകേസിൽ വമ്പൻമാരായ ബിജെപി നേതാക്കൾ ഉൾപ്പെട്ടിട്ടുണ്ടെന്ന്‌ പ്രാഥമിക വിവരശേഖരണത്തിൽനിന്നുതന്നെ മനസിലായതോടെ അന്വേഷണം മതിയാക്കി മുങ്ങുകയായിരുന്നു എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌.  സംസ്ഥാനത്തിനു പുറത്തുനിന്ന്‌ കണക്കില്ലാത്ത പണം കടത്തിയിട്ടുണ്ടെന്നും കേരളത്തിലെ പലഭാഗത്തും എത്തിച്ചിട്ടുണ്ടെന്നുമുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പിൻമാറ്റം. ബിജെപി മുൻ ഓഫീസ്‌ സെക്രട്ടറിയുടെ വെളിപ്പെടുത്തലോടെ വിശദ അന്വേഷണത്തിനുള്ള വഴിയാണ്‌ ഇപ്പോൾ തുറന്നിരിക്കുന്നത്‌.

കേരളത്തിലെ പ്രാഥമിക സഹകരണ സംഘങ്ങളെപോലും ഇല്ലാത്ത കേസുണ്ടാക്കി വലവീശിപ്പിടിക്കുന്ന ഇഡി തെളിവുകളുള്ള കുഴൽപ്പണകേസ്‌ കണ്ടില്ലെന്ന്‌ നടിച്ചു.  പൊലീസ്‌ അന്വേഷിച്ച്‌ കണ്ടെത്തിയ എല്ലാ വിവരങ്ങളുംഇഡി ക്ക്‌ കൈമാറിയിരുന്നു. എന്നാൽ വിദേശ ബന്ധം കാണുന്നില്ലെന്ന്‌ പറഞ്ഞ്‌ കോടതിയിൽ നിന്നടക്കം ഇഡി ഒഴിഞ്ഞുമാറി. കൊടകരയിലെ കുഴൽപ്പണ കവർച്ച സംഘത്തെ അറസ്റ്റ്‌ ചെയ്ത പൊലീസ്‌ സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രനടക്കമുള്ള ബിജെപി നേതാക്കളെ ചോദ്യം ചെയ്‌തിരുന്നു.

22 പേരെ പ്രതികളാക്കി 2021 ൽ നൽകിയ ആദ്യ കുറ്റപത്രത്തിലും ഒരാൾ കൂടി അറസ്റ്റിലായതിനാൽ 2022 നവംബറിൽ നൽകിയ രണ്ടാം കുറ്റപത്രത്തിലും കണ്ടെടുത്ത പണത്തിന്റെ വിശദാംശങ്ങളുണ്ട്‌. സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രന്റെ അറിവോടെ സംസ്ഥാന സംഘടനാ സെക്രട്ടറി എം ഗണേശന്റെ നേതൃത്വത്തിൽ ഒമ്പതുജില്ലകളിൽ പണവിതരണം നടത്തി. 53.4 കോടിയുടെ ഹവാല ഇടപാട്‌ നടന്നിട്ടുണ്ടെന്നുമായിരുന്നു അന്നത്തെ കണ്ടെത്തൽ. എസിപി വി കെ രാജുവാണ്‌  ഇരിങ്ങാലക്കുട ജൂഡിഷ്യൽ ഒന്നാംക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയിൽ കുറ്റപത്രം  സമർപ്പിച്ചത്‌.  കേന്ദ്ര ഏജൻസികളുടെ അന്വേഷണം വഴി ബിജെപി നേതാക്കൾ കുടുങ്ങാതിരിക്കാനുള്ള ഇടപെടൽ കേന്ദ്രവും ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാനും നടത്തിയതായുള്ള വാർത്തകളും പുറത്തുവന്നിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top