23 December Monday

കുഴൽപ്പണകേസ് ഇഡി അട്ടിമറിച്ചു; സത്യവാങ്മൂലം തെളിവെന്ന് അഡ്വ.അരുൺ കുമാർ

വെബ് ഡെസ്‌ക്‌Updated: Friday Nov 1, 2024

തിരുവനന്തപുരം > കൊടകര കുഴൽപ്പണകേസിൽ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ അന്വേഷണം പാതിവഴിയിൽ ഉപേക്ഷിച്ചത് പ്രതികൾ ബിജെപി നേതാക്കളാണെന്ന് ബോധ്യപ്പെട്ടതിനെ തുടർന്നെന്ന് സിപിഐ എം എറണാകുളം ജില്ലാ കമ്മിറ്റിയംഗം അഡ്വ. കെ എസ് അരുൺ കുമാർ. കുഴൽപ്പണ കേസിലെ സാമ്പത്തിക കുറ്റകൃത്യങ്ങളെക്കുറിച്ച് ഇഡി അന്വേഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹർജിയിൽ ഇഡിക്കുവേണ്ടി സോളിസിറ്റർ ജനറൽ സമർപ്പിച്ച സത്യവാങ്മൂലം വായിച്ചാൽ, ബിജെപി നേതാക്കൾക്കെതിരായ കേസുകൾ  ഇഡിയും ആദായനികുതി വകുപ്പും എങ്ങനെയാണ് തേച്ച്മാച്ച് കളയുന്നതെന്ന് മനസിലാകുമെന്നും അരുൺ കുമാർ തന്റെ ഫേസ്‍ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാണിക്കുന്നു.

കൊടകര കുഴൽപ്പണക്കേസിന്റെ അന്വേഷണത്തിൽ‌ കണ്ടെത്തിയ വിവരങ്ങൾ  കേരള പോലീസ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും കേന്ദ്ര ആദായനികുതി വകുപ്പിനും കൈമാറിയിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധ നിയമപ്രകാരം (പിഎംഎല്‍എ) കള്ളപ്പണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷിക്കാൻ സംസ്ഥാന പൊലീസിന് കഴിയാത്തതുകൊണ്ടാണ് വിവരങ്ങളും തെളിവുകളും അതാത് സമയം കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് കൈമാറിയത്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇഡി അന്വേഷണം ആരംഭിച്ചു. പിഎംഎല്‍എ പ്രകാരം കൊടകര കുഴൽപ്പണ കേസിൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഹൈക്കോടതി ഇടപെടെണ്ടതില്ലെന്നുമായിരുന്നു ഇഡി ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞത്.

ഈ സത്യവാങ്മൂലം ഹൈക്കോടതിയിൽ നൽകിയിട്ട് മൂന്ന് വർഷമായി. കൊടകര കുഴൽപ്പണ കേസിൽ ഉൾപ്പെട്ടിരിക്കുന്നത്  ബിജെപി നേതാക്കൾ ആണെന്നും കുഴൽപണം കേരളത്തിലേക്ക് കൊണ്ടുവന്നത് ബിജെപിയുടെ തെരെഞ്ഞെടുപ്പ് ആവശ്യത്തിനായിരുന്നുവെന്നും ബോധ്യപ്പെട്ടപ്പോൾ ഇഡി തന്നെ ആ കേസ് അട്ടിമറിച്ചു. ഇഡി ഇന്ത്യയിലെ ഏറ്റവും വിശ്വാസത ഇല്ലാത്ത ഏജൻസി ആയി അധഃപതിച്ചിരിക്കുന്നു. പ്രതിപക്ഷ നേതാക്കളെ വേട്ടയാടാൻ വേണ്ടി മാത്രമാണ് ഇഡി പ്രവർത്തിക്കുന്നതെന്നും എത്ര തെളിവുണ്ടെങ്കിലും ബിജെപി നേതാക്കളെ ഒരു ചുക്കും ചെയ്യില്ലെന്നും അരുൺകുമാർ കുറ്റപ്പെടുത്തി.

പോസ്റ്റിന്റെ പൂർണരൂപം

കൊടകര കുഴൽപ്പണക്കേസിന്റെ അന്വേഷണ മധ്യേ കേരള പൊലീസ് കണ്ടെത്തിയ കള്ളപ്പണവുമായി ബന്ധപ്പെട്ട വിവരങ്ങൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും കേന്ദ്ര ആദായനികുതി വകുപ്പിനും കൈമാറി. പിഎംഎൽഎ ആക്ട് പ്രകാരം കള്ളപ്പണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷിക്കാൻ സംസ്ഥാന പൊലീസിന് കഴിയാത്തതുകൊണ്ടാണ് കേരളാ പൊലീസ് കണ്ടെത്തിയ വിവരങ്ങളും തെളിവുകളും അതാത് സമയം കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് കൈമാറിയത്.മേൽ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ച ഇഡി ഈ കേസിലെ പ്രതികൾ ബിജെപി നേതാക്കൾ ആണ് എന്ന് ബോധ്യപ്പെട്ടപ്പോൾ അന്വേഷണം പാതിവഴിയിൽ ഉപേക്ഷിച്ചു.
 
കൊടകര കുഴൽപ്പണ കേസിലെ സാമ്പത്തിക കുറ്റകൃത്യങ്ങളെക്കുറിച്ച് ഇഡി അന്വേഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹർജിയിൽ ഇഡിക്കുവേണ്ടി സോളിസിറ്റർ ജനറൽ ഫയൽ ചെയ്ത അഫിഡവിറ്റ് വായിച്ചാൽ, ബിജെപി നേതാക്കൾക്കെതിരായ കേസുകൾ  ഇഡിയും ആദായനികുതി വകുപ്പും എങ്ങനെയാണ് തേച്ച് മാച്ച് കളയുന്നത് എന്ന് മനസ്സിലാകും.

അഫിഡവിറ്റ് പാരഗ്രാഫ് 3 : കേരളാ പൊലീസ് രജിസ്റ്റർ ചെയ്ത കൊടകര ക്രൈം 146/2021 കേസിലെ ശുപാർശകൾ പ്രകാരം ഇഡി ഫയൽ ഓപ്പൺ ചെയ്തു. തുടർന്ന് 01/06/2021 ന് അന്വേഷണത്തിന്റെ ഓരോ ഘട്ടവും കേരളാ പൊലീസ് ഇഡിയെ അറിയിക്കുന്നു.

പാരഗ്രാഫ് 4 : 06.08.2021 കേരള പൊലീസ് കുറ്റപത്രം ഉൾപ്പെടെ എല്ലാ വിവരങ്ങളും ഇഡിക്കു കൈമാറി.

പാരഗ്രാഫ് 5 : കേരള പൊലീസ് കൊടകര കേസ് അന്വേഷണം പൂർത്തിയാക്കി സംസ്ഥാന പൊലീസിനു ചുമത്താവുന്ന ഏറ്റവും ഗുരുതരമായ വകുപ്പുകൾ എല്ലാം ചുമത്തി എന്ന കാര്യം ഇഡി അറിഞ്ഞതായി രേഖപ്പെടുത്തിയിരിക്കുന്നു.

പാരഗ്രാഫ് 6 : കള്ളപ്പണം ഉൾപ്പെടുന്ന കേസുകളിൽ ഇഡിയുടെ അധികാരങ്ങളെക്കുറിച്ച് വിശദമായി വിവരിച്ചിരിക്കുന്നു.

പാരഗ്രാഫ് 7 : കേരളാ പൊലീസ് കൊടകര കേസിൽ 22 പ്രതികളെ അറസ്റ്റ് ചെയ്തു. ടി കേസിൽ 219 സാക്ഷികൾ ഉണ്ട്.

പാരഗ്രാഫ് 9 : പിഎംഎൽഎ നിയമപ്രകാരം കൊടകര കുഴൽപ്പണ കേസിൽ ശക്തമായ നടപടി ഇഡി സ്വീകരിക്കും. അതുകൊണ്ട് ഈ കേസിൽ മേൽ സാഹചര്യങ്ങളിൽ ഹൈക്കോടതി ഇടപെടെണ്ടതില്ല.

ഇഡി ഈ അഫിഡവിറ്റ് ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയിൽ നൽകിയിട്ട് ഇന്നേക്ക് 3 വർഷം ആയി. കൊടകര കുഴൽപ്പണ കേസിൽ BJP നേതാക്കൾ ആണ് ഉൾപ്പെട്ടിരിക്കുന്നത് എന്നും ഈ കുഴൽപണം കേരളത്തിലേക്ക് കൊണ്ടുവന്നത് ബിജെപിയുടെ തെരെഞ്ഞെടുപ്പ് ആവശ്യത്തിനായിരുന്നുവെന്നും അത് ജനാധിപത്യത്തെ അട്ടിമറിക്കാനായിരുന്നുവെന്നും ബോധ്യപ്പെട്ടപ്പോൾ ഇഡി തന്നെ ആ കേസ് അട്ടിമറിച്ചിരിക്കുന്നു. ഇതാണ് സത്യം.

ഇഡി ഇന്ത്യയിലെ ഏറ്റവും വിശ്വാസത ഇല്ലാത്ത ഏജൻസി ആയി അധഃപതിച്ചിരിക്കുന്നു. പ്രതിപക്ഷ നേതാക്കളെ വേട്ടയാടാൻ വേണ്ടി മാത്രമാണ് ഇഡി പ്രവർത്തിക്കുന്നത്. ഇഡി അന്വേഷണത്തിൽ എത്ര തെളിവു കിട്ടിയാലും ബിജെപി നേതാക്കളെയും പ്രവർത്തകരെയും ഒരു ചുക്കും ചെയ്യില്ല എന്നതിന് ഇതിലും കൂടുതൽ എന്തുവേണം തെളിവ്?


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top