22 December Sunday
സതീശൻ ഇഡിക്കെതിരെ പറയാത്തത്‌ കേസ്‌ 
അട്ടിമറിക്കാൻ

കൊടകര കുഴൽപ്പണ കേസ്‌ ; തുടരന്വേഷണത്തിലേക്ക്‌

സ്വന്തം ലേഖകൻUpdated: Saturday Nov 2, 2024


തിരുവനന്തപുരം
ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രന്റെ നേതൃത്വത്തിൽ നടത്തിയ കൊടകര കുഴൽപ്പണക്കേസിലെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ തുടരന്വേഷണ സാധ്യത തെളിയുന്നു. വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പൊലീസ്‌ മേധാവി  ഷെയ്‌ഖ്‌ ദർവേഷ്‌ സാഹിബുമായി കൂടിക്കാഴ്‌ച നടത്തി. കോടതിയുടെ അനുമതിയോടെയാകും അന്വേഷണത്തിലേക്ക്‌ കടക്കുക. കേസിൽ കൂടുതൽ തെളിവ്‌ ലഭിച്ചാൽ തുടരന്വേഷണമാകാമെന്ന്‌ കുറ്റപത്രം നൽകിയ ഘട്ടത്തിൽ അന്വേഷകസംഘം കോടതിയെ അറിയിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കാനാണ്‌ ആലോചിക്കുന്നത്‌.

പണം കൊണ്ടുവന്ന ബിജെപി അനുഭാവി ധർമരാജൻ കെ സുരേന്ദ്രനുമായി അടുത്ത ബന്ധമുള്ളയാളാണ്‌.  സുരേന്ദ്രന്റെ അറിവോടെയും സംസ്ഥാന ഓഫീസ്‌ സെക്രട്ടറിയായ ഗിരീശൻ നായർ, കോ ഓർഡിനേറ്റിങ് സെക്രട്ടറി എം ഗണേഷ് എന്നിവരുടെ നിർദേശ പ്രകാരവും  ധർമരാജൻ ബംഗളൂരുവിൽനിന്നും തന്റെ ഡ്രൈവർ ഷിജിനെ നിയോഗിച്ച് പണം കടത്തുകയായിരുന്നു.  കവർച്ച ചെയ്യപ്പെട്ട 3.5 കോടി രൂപ ബാംഗ്ലൂരിൽനിന്നും ബിജെപിയുടെ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തി  അനധികൃതമായി കൊണ്ടുവന്നതാണെന്ന്‌ തെളിഞ്ഞിട്ടുണ്ട്‌.

ഇതിലെ അന്വേഷണം എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റും (ഇഡി) ആദായനികുതി വകുപ്പും നടത്തേണ്ടതായതിനാൽ  തുടർനടപടികൾക്കായി ഇവർക്ക്‌ കുറ്റപത്രത്തിന്റെ പകർപ്പ് സഹിതം വിശദ റിപ്പോർട്ട് നൽകി. ഈ സാഹചര്യത്തിൽ നിലവിലുള്ള റിപ്പോർട്ടുകൾ പ്രകാരംതന്നെ തുടരന്വേഷണത്തിനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്‌.

അതേസമയം, കവർച്ചയ്‌ക്ക് പിന്നിലെ ഹവാല ഇടപാട് ഇഡി അന്വേഷിക്കണം എന്നാവശ്യപ്പെട്ട്‌ അന്വേഷണ ഉദ്യോഗസ്ഥൻ അസി. കമീഷണർ വി കെ രാജു  ഇഡി ഡെപ്യൂട്ടി ഡയറക്ടർക്ക്‌ നൽകിയ കത്തും പുറത്തുവന്നിട്ടുണ്ട്‌. 2021 ആഗസ്ത്‌ എട്ടിന്‌ നൽകിയ കത്തിൽ ഇതുവരെയും ഇഡി നടപടിയെടുത്തിട്ടില്ല. പണത്തിന്റെ സ്രോതസ് അന്വേഷിക്കണം എന്നാവശ്യപ്പെട്ട്‌ ആദായനികുതി വകുപ്പിനും പൊലീസ്‌ കത്തുനൽകിയിരുന്നു. ഹവാല ഇടപാട്‌ അന്വേഷിക്കണം എന്നാവശ്യപ്പെട്ട്‌ പൊലീസ്‌ കത്തുനൽകിയില്ലെന്ന്‌ നേരത്തെ മുൻ കേന്ദ്ര സഹമന്ത്രി കളവ്‌ പറഞ്ഞത്‌ വിവാദമായിരുന്നു.

വീണ്ടും വെളിപ്പെടുത്തൽ: പണം എത്തിച്ചത്‌ 
പിക്കപ് വാനിൽ
ബിജെപി ഓഫീസിൽ എത്തിച്ച കുഴൽപ്പണം കൊണ്ടുവന്നത്‌ പിക്കപ്‌ വാനിലെന്ന്‌  ഓഫീസ്‌ സെക്രട്ടറിയായിരുന്ന തിരൂർ സതീശ്‌. ഇത്‌ വിവിധ മണ്ഡലങ്ങളിലേക്ക്‌ വിതരണം ചെയ്‌തതായും സതീശ്‌ മാധ്യമ പ്രവർത്തകരോട്‌ പറഞ്ഞു. ജില്ലാ ട്രഷറർ സുജയസേനനും  ധർമരാജനും കൂടെയുള്ളവരും ചേർന്നാണ്‌ പണചാക്കുകൾ  ചുമന്ന്‌ മുകളിലേക്ക്‌ കയറ്റിയത്‌.

പിന്നീട്‌  മണ്ഡലങ്ങളിലേക്ക്‌ വിതരണം ചെയ്‌തു. ഈ പണം കെട്ടുകളിലാക്കി മേശപ്പുറത്ത്‌ വയ്‌ക്കുന്നത്‌ കണ്ടു. താൻ സാമ്പത്തിക തട്ടിപ്പ്‌ നടത്തിയിട്ടില്ല.  ഇപ്പോഴും ബിജെപി അംഗത്വമുണ്ട്‌. തന്നെ ആരും പുറത്താക്കിയിട്ടില്ല. 2023 ഏപ്രിൽ അഞ്ചിന്‌ 50000 രൂപ  ബിജെപി അക്കൗണ്ടിലേക്ക്‌ അയച്ചതിന്‌ രേഖകളുണ്ട്‌. ജില്ലാ പ്രസിഡന്റ്‌ അനീഷ്‌കുമാറാണ്‌  പൊലീസിനെ നൽകേണ്ട മൊഴി പഠിപ്പിച്ചു തന്നത്. തുടരന്വേഷണം സത്യസന്ധമെങ്കിൽ എല്ലാ കാര്യങ്ങളും വെളിപ്പെടുത്തുമെന്നും   അദ്ദേഹം പറഞ്ഞു.

വീണ്ടും അന്വേഷിക്കണം: 
എം വി  ഗോവിന്ദൻ
ബിജെപി തൃശൂർ ജില്ലാ  ഓഫീസ്‌ സെക്രട്ടറിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കൊടകര കുഴൽപ്പണക്കേസ്‌ വീണ്ടും അന്വേഷിക്കണമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു.  തൃശൂരിൽ  മാധ്യമ പ്രവർത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. പണത്തിന്റെ ഉറവിടം ബംഗളൂരുവിലാണെന്ന്‌ കണ്ടെത്തിയപ്പോൾ കേരള പൊലീസ്‌, ഇഡിക്കും  ആദായനികുതി വകുപ്പിനും റിപ്പോർട്ട്‌ അയച്ചു.   ഒരു നടപടിയുമുണ്ടായില്ല. അതിനെതിരെ ഒരക്ഷരം പറയാൻ  തയ്യാറാകാത്ത സതീശൻ ബിജെപിയുമായി ബന്ധം പുലർത്തി കേസ്‌ അട്ടിമറിക്കാൻ ശ്രമിക്കുകയാണ്‌ . അതു മറയ്‌ക്കാനാണ്‌  സിപിഐ എമ്മും ബിജെപിയും ഡീലാണെന്ന്‌ അരോപിക്കുന്നതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

വെളിപ്പെടുത്തലുകൾ ഗൗരവമുള്ളത്‌ ടി പി രാമകൃഷ്ണൻ
കൊടകര കുഴൽപ്പണക്കേസിലെ പുതിയ വെളിപ്പെടുത്തലുകൾ അത്യന്തം ഗൗരവപൂർണമാണെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. ഈ കേസുമായി ബന്ധപ്പെട്ട് താൻ നൽകിയ മൊഴികൾ പാർടി നേതാക്കൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണെന്ന് ബിജെപി ജില്ലാ കമ്മിറ്റി ഓഫീസ്‌ മുൻ സെക്രട്ടറി തിരൂർ സതീശ്‌ വ്യക്തമാക്കിയിട്ടുണ്ട്. കൊടകര കുഴൽപ്പണക്കേസിലെ കള്ളപ്പണവുമായി ബന്ധപ്പെട്ട ഭാഗങ്ങൾ അന്വേഷിക്കാനുള്ള നിയമപരമായ അവകാശം കേന്ദ്ര ഏജൻസികൾക്കാണ്‌. പ്രതിപക്ഷ പാർടികൾക്കും അവർ ഭരിക്കുന്ന സംസ്ഥാന സർക്കാരുകൾക്കുമെതിരെ രാഷ്ട്രീയപ്രേരിതമായി കള്ളക്കേസും അന്വേഷണവും നടത്തുന്ന കേന്ദ്ര ഏജൻസികൾക്ക്‌ ബിജെപിയുടെ കാര്യത്തിൽ ഇരട്ടത്താപ്പ്‌ സമീപനമാണ്‌– ടി പി രാമകൃഷ്ണൻ പ്രസ്‌താവനയിൽ പറഞ്ഞു.

കേരള പൊലീസ്‌ കൃത്യമായ 
നടപടിയെടുത്തു: പി രാജീവ്‌
കൊടകര കുഴൽപ്പണക്കേസിൽ കേരള പൊലീസ്‌ കൃത്യമായ നിയമ നടപടി പൂർത്തീകരിച്ചായി മന്ത്രി പി രാജീവ്‌ പറഞ്ഞു. പൊലീസ്‌ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ഇക്കാര്യങ്ങൾ വ്യക്തമാണ്‌. കള്ളപ്പണക്കേസ്‌ സംസ്ഥാന പൊലീസിന്റെ പരിധിക്ക്‌ പുറത്താണ്‌.  അത്‌ അന്വേഷിക്കേണ്ടത്‌ ഇഡിയാണ്‌.  പ്രതിപക്ഷ കക്ഷികളുടെ മുഖ്യമന്ത്രിമാരേയും നേതാക്കളെയും കേന്ദ്ര ഏജൻസികൾ വേട്ടയാടും. എന്നാൽ ഈ കേസിൽ പൊലീസ്‌ റിപ്പോർട്ട്‌ നൽകിയിട്ടും അനങ്ങുന്നില്ല.  അന്വേഷണം നടത്താത്ത കേന്ദ്ര ബിജെപി സർക്കാരിനെതിരെ ശക്തമായി സമീപനം സ്വീകരിക്കുന്നതിന്‌ പകരം കുറ്റകരമായ നിശബ്‌ദതയാണ്‌ വി ഡി സതീശൻ പുലർത്തുന്ന
ത്–- മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top