തൃശൂർ
ബിജെപിയുടെ കുഴൽപ്പണക്കടത്ത് 2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ലക്ഷ്യമിട്ട്. ഇതിൽ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ പങ്ക് വ്യക്തം. ബിജെപി ഓഫീസ് സെക്രട്ടറിയായിരുന്ന തിരൂർ സതീശന്റെ വെളിപ്പെടുത്തൽ കുഴൽപ്പണക്കടത്തിന്റെ സൂത്രധാരൻ സുരേന്ദ്രനാണെന്ന് ഉറപ്പിക്കുന്നു. കുഴൽപ്പണക്കടത്ത് സംഘവും സുരേന്ദ്രനുമായുള്ള ഫോൺ വിളി വിവരങ്ങൾ പ്രത്യേക അന്വേഷക സംഘം കണ്ടെത്തിയിരുന്നു. സുരേന്ദ്രൻ മത്സരിച്ച കോന്നി നിയമസഭാ മണ്ഡലത്തിലുൾപ്പടെ കുഴൽപ്പണം ഇറക്കിയതായും കൊടകര കവർച്ചാ കേസിൽ പ്രത്യേക അന്വേഷകസംഘം കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലുണ്ട്.
കുഴൽപ്പണം എത്തിച്ച ധർമരാജനെ ബിജെപി തൃശൂർ ജില്ലാ കമ്മിറ്റി ഓഫീസിൽവച്ച് കെ സുരേന്ദ്രനും ജില്ലാ പ്രസിഡന്റ് കെ കെ അനീഷ്‌കുമാറും തനിക്ക് പരിചയപ്പെടുത്തിയെന്നാണ് സതീശന്റെ പുതിയ വെളിപ്പെടുത്തൽ. തെരഞ്ഞെടുപ്പ് സാമഗ്രികളെത്തുമെന്നും രാത്രി ഓഫീസ് അടക്കരുതെന്നും നേതാക്കൾ
നിർദേശിച്ചു. ആറു ചാക്കിലായാണ് സാമഗ്രികൾ എത്തിയത്. ചാക്ക് തുറന്ന് നോക്കിയപ്പോഴാണ് പണമാണെന്ന് മനസിലായതെന്നാണ് സതീശൻ പറയുന്നത്. ഇത് എത്തിച്ചവർക്ക് നേതാക്കളുടെ നിർദേശപ്രകാരം ലോഡ്‌ജിൽ മുറിയെടുത്ത് നൽകിയെന്നും സതീശ് വെളിപ്പെടുത്തി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് കർണാടകയിൽനിന്ന് 41.4 കോടിയും പഞ്ചായത്ത് തെരഞ്ഞെടുപ്പ് സമയത്ത് 12 കോടിയും ഉൾപ്പടെ 53 കോടി രൂപ കേരളത്തിലേക്ക് കടത്തിയതായി പൊലീസ് അന്വേഷണറിപ്പോർട്ടിലുണ്ട്. കൊടകരയിലെ കവർച്ച നടന്നയുടൻ സുരേന്ദ്രനെ വിളിച്ചതായി ധർമരാജന്റെ മൊഴികളിലുണ്ട്. സുരേന്ദ്രന്റെ മകൻ ഹരികൃഷ്ണന്റെയും ഡ്രൈവർ ലബീഷിന്റെയും ഫോൺ വഴിയും വിളിച്ചു. പണം ആലപ്പുഴയിലേക്ക് കൊണ്ടുപോകുന്ന വിവരം ഉൾപ്പടെ എല്ലാ കാര്യങ്ങളും ബിജെപി സംഘടനാ സെക്രട്ടറി ഗണേഷനും സുരേന്ദ്രനും അറിയാം. സുരേന്ദ്രൻ മത്സരിച്ച കോന്നിയിൽ മൂന്നുതവണ പോയി. പഞ്ചായത്ത് തലങ്ങളിൽ പണം വിതരണം ചെയ്‌തു. കോഴിക്കോട് ബിജെപി ജില്ലാ പ്രസിഡന്റ് രഘുനാഥിനായിരുന്നു ചുമതല. അവർ വാഹനവും ഡ്രൈവറേയും തന്നു. അതനുസരിച്ച് പഞ്ചായത്ത് മെമ്പർമാരെ കണ്ട് പണം വിതരണം ചെയ്‌തായും റിപ്പോർട്ടിലുണ്ട്. ഡിവൈഎസ്‌പി വി കെ രാജുവാണ് അന്വേഷണ റിപ്പോർട്ട് ഇരിങ്ങാലക്കുട ജുഡിഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ചത്.
ബിജെപി
ഒഴുക്കിയത്
53.4 കോടി കള്ളപ്പണം
നിയമസഭാ, പഞ്ചായത്ത് തെരഞ്ഞെടുപ്പുകൾക്കായി ബിജെപി ഒഴുക്കിയത് 53.4 കോടി കുഴൽപ്പണം. പണം കടത്തിയ ധർമരാജനെയും ബിജപി നേതാക്കളെയും ചോദ്യം ചെയ്‌തപ്പോഴാണ് ഞെട്ടിക്കുന്ന വിവരം ലഭിച്ചത്. കൊടകര കുഴൽപ്പണ കവർച്ചക്കേസ് പ്രത്യേക അന്വേഷകസംഘം കോടതിയിലും തെരഞ്ഞെടുപ്പു കമീഷനും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും ഇൻകംടാക്‌സ് വകുപ്പിനും സമർപ്പിച്ച റിപ്പോർട്ടിലും ഇത് വ്യക്തമാക്കിയിട്ടുണ്ട്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ അറിവോടെ സംഘടനാ സെക്രട്ടറി എം ഗണേശൻ, സംസ്ഥാന ഓഫീസിലെ സെക്രട്ടറി ഗിരീശൻ നായർ എന്നിവരുടെ നിർദേശപ്രകാരമാണ് ബംഗളൂരുവിൽനിന്നും പണം കൊണ്ടുവന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. തിരുവനന്തപുരം, തൃശൂർ, കോഴിക്കോട്, പത്തനംത്തിട്ട, ആലപ്പുഴ, കണ്ണൂർ, പാലക്കാട് ജില്ലകളിൽ പണമെത്തിച്ചതായും റിപ്പോർട്ടിലുണ്ട്. 2021ലെ നിയമസഭാ തെഞ്ഞെടുപ്പിൽ 41.4 കോടി രൂപയും പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ 12 കോടിയും ഇറക്കി.
സേലത്തുവച്ചും
4.4 കോടി കവർന്നു
കൊടകര കവർച്ച നടക്കുന്നതിന് ഒരു മാസം മുൻപ് 2021 മാർച്ച് ആറിന് സേലത്തുവച്ചും ബിജെപി ദേശീയ നേതൃത്വം നൽകിയ പണം കവർച്ച ചെയ്യപ്പെട്ടു. ധർമരാജൻ പൊലീസിന് നൽകിയ മൊഴിയിലാണ് ഇക്കാര്യം. ധർമരാജന്റെ സഹോദരൻ പാലക്കാട് തെരഞ്ഞെടുപ്പിനായി കടത്തിയ 4.4 കോടി രൂപയാണ് കവർന്നതെന്നാണ് മൊഴി. ഈ സംഭവത്തിൽ കൊങ്കപുരം പൊലീസിൽ കേസുണ്ട്. സേലത്ത് പണം കവർന്നതറിഞ്ഞിട്ടും ധർമരാജനെ വീണ്ടും പണം കടത്താൻ ഏൽപ്പിച്ചതിലും ദുരൂഹതയുണ്ട്.
കൊടകര കുഴൽപ്പണ കേസിൽ കർണാടകയിലെ ബിജെപി നേതാവും എംഎൽസി(ലെജിസ്ലേറ്റീവ് കൗൺസിൽ അംഗം)യുമായ ലെഹർ സിങിന് പങ്കുണ്ടെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു. ധർമരാജന് പണമെത്തിച്ചുനൽകിയത് ഇയാളാണെന്നും പൊലീസ് കണ്ടെത്തി. ഇതിനുപുറമേയുള്ള തുക തന്നയച്ചത് ബംഗളുരു സ്വദേശി സുന്ദർലാൽ അഗർവാൾ ആണെന്നും മൊഴിയിലുണ്ട്. ഇവരെ കൂടാതെ തൃശൂർ സ്വദേശികളായ സുധീർ സിങ്, ബി പ്രദീപ്, മഹാരാഷ്ട്ര സ്വദേശി സച്ചിൻ സേട്ടു, രാജസ്ഥാൻകാരൻ അശോക് കുമാർ ജെയിൻ എന്നിവരും പണമെത്തിച്ച് നൽകിയതായും ധർമരാജന്റെ മൊഴിയിലുണ്ടെന്ന് പൊലീസ് ഇഡിക്ക് അയച്ച കത്തിൽ പറയുന്നുണ്ട്.
സുരേന്ദ്രന് കുരുക്കായി കാൾലിസ്‌റ്റ്
നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കായി കുഴൽപ്പണം കടത്തിയ ധർമരാജൻ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ പലതവണ വിളിച്ചതിന് കോൾ ലിസ്റ്റും മൊഴികളും തെളിവ്. കവർച്ച നടന്നയുടൻ ആദ്യം ധർമരാജൻ വിളിച്ചത് സുരേന്ദ്രനെയാണ്. കവർച്ച നടന്ന ഏപ്രിൽ മൂന്നിനും തലേന്നുമായി സുരേന്ദ്രന്റെ മകൻ ഹരികൃഷ്‌ണന്റെ ഫോണിൽ 11 തവണ വിളിച്ചു. ഡ്രൈവറുടെയും പിഎയുടെയും ഫോണിലൂടെ പത്തുതവണയും സുരേന്ദ്രനുമായി സംസാരിച്ചു. ഈ സമയം സുരേന്ദ്രന്റെയും മറ്റുള്ളവരുടെയും ഫോണുകൾ കോന്നിയിലെ ഒരേ സ്ഥലത്താണ് ഉണ്ടായിരുന്നത്. ഏപ്രിൽ അഞ്ചിന് 62 സെക്കൻഡ് സുരേന്ദ്രന്റെ ഫോണിലും സംസാരിച്ചതായി ധർമരാജന്റെ മൊഴിയിലുണ്ട്.
ധർമരാജന്റെ 9946400999 നമ്പറിൽനിന്നാണ് സുരേന്ദ്രന്റെ മകന്റെ നമ്പറായ 9656292684ലേക്ക് പത്തുതവണ വിളിച്ചത്. 512 സെക്കൻഡ് സംസാരിച്ചു. സുരേന്ദ്രന്റെ ഡ്രൈവർ ലിബീഷിന്റെ 7012597746 നമ്പറിൽ ആറു തവണയായി 361 സെക്കൻഡ് സംസാരിച്ചു. സുരേന്ദ്രന്റെ പിഎ ഡിബിന്റെ 9947942804 എന്ന നമ്പറിൽ മൂന്നുതവണയായി 90 സെക്കൻഡും സംസാരിച്ചു. 8086667401 എന്ന ധർമരാജന്റെ മറ്റൊരു നമ്പറിൽനിന്നും ഹരികൃഷ്‌ണനെയും ഡിബിനെയും വിളിച്ചിട്ടുണ്ട്. ഈ ഫോണുകൾ വഴി സുരേന്ദ്രനുമായാണ് സംസാരിച്ചതെന്നാണ് ധർമരാജന്റെ മൊഴിയിലുള്ളത്.
ഏപ്രിൽ രണ്ടിന് ബിജെപി സംസ്ഥാന ഓഫീസ് സെക്രട്ടറി ഗിരീശൻനായരെ രണ്ടു തവണ വിളിച്ചു. ആലപ്പുഴ ജില്ലാ ട്രഷറർ കെ ഗോപാലകൃഷ്‌ണയുമായി ഏഴു തവണ 300 സെക്കൻഡ് സംസാരിച്ചു. പത്തനംതിട്ടയിലെ ബിജെപി ഓർഗനൈസിങ് സെക്രട്ടറി അനിൽകുമാറിനെ നാലുതവണയും ബിജെപി തൃശൂർ ജില്ലാ ട്രഷറർ സുജയ്‌സേനനെ 15 തവണയും വിളിച്ചു. കോൾ ലിസ്റ്റിന്റെ വിശദവിവരം പ്രത്യേക അന്വേഷകസംഘം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലുണ്ട്.
പൊലീസ് ഇഡിക്ക് കത്തയച്ചത്
3 വര്‍ഷം മുമ്പ്
കൊടകര കുഴൽപ്പണ കേസ് എൻഫേഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് (ഇഡി) അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് തെളിവുസഹിതം കേരള പൊലീസ് കത്തയച്ചത് മൂന്ന് വർഷം മുമ്പ്. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന തൃശൂർ അസിസ്റ്റന്റ് കമീഷണർ വി കെ രാജുവാണ് 2021 ആഗസ്‌തിൽ ഇഡിയുടെ കൊച്ചി ഡെപ്യൂട്ടി ഡയറക്ടർക്ക് കത്ത് അയച്ചത്.
ധർമരാജൻ വഴി കേരളത്തിലേക്ക് 41.40 കോടി രൂപ എത്തിച്ചെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ. കേസിന്റെ വിശദമായ അന്വേഷണ റിപ്പോർട്ടും 24 പ്രതികളുടെ വിവരങ്ങളും കണ്ടെടുത്ത തുകയുടെ വിവരങ്ങളും ഉൾപ്പെടെ കൈമാറിയിരുന്നു. എന്നാൽ ഉന്നത ബിജെപി നേതാക്കൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് മനസിലായതോടെ കേസിൽ അന്വേഷണം നടത്താതെ ഇഡി മുങ്ങി. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മൂന്നുനാൾമുൻപ്, ഏപ്രിൽ മൂന്നിന് പുലർച്ചെ 4.50-നാണ് കൊടകരയിൽ വ്യാജ അപകടം സൃഷ്ടിച്ച് കാർ തട്ടിക്കൊണ്ടുപോയി 3.5 കോടി കവർന്നതെന്നാണ് പൊലീസ് റിപ്പോർടിലുള്ളത്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 41 കോടി 40 ലക്ഷം രൂപ കേരളത്തിലേക്ക് എത്തിച്ചതായി പ്രതി ധർമരാജ് പൊലീസിന് മൊഴി നൽകിയിരുന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ, ബിജെപി സംഘടനാ ജനറൽ സെക്രട്ടറിയായിരുന്ന എം ഗണേഷ്, സംസ്ഥാന ഓഫീസ് സെക്രട്ടറി ഗിരീശൻ നായർ എന്നിവരുടെ നിർദേശ പ്രകാരമാണ് പണമെത്തിച്ചതെന്നും ധർമരാജ് ചോദ്യം ചെയ്യലിൽ സമ്മതിച്ചിരുന്നു. കേരളത്തിലെത്തിച്ച 41.40 കോടിയിൽ 33.50 കോടി തെരഞ്ഞെടുപ്പിനായി വിതരണം ചെയ്തു. 14.40 കോടി രൂപ കർണാടകയിൽ നിന്നും 27 കോടി ഹവാല ഇടപാടുകളിലൂടെയുമാണ് എത്തിച്ചത്. അന്തിമ റിപ്പോർട്ട് പൊലീസ് കോടതിയിലും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനും ആദായ നികുതി വകുപ്പിനും നൽകിയിരുന്നു.
സത്യവാങ്‌മൂലവും ഇഡി ലംഘിച്ചു
കൊടകര കുഴൽപ്പണക്കേസ് അന്വേഷിക്കുമെന്ന് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്‌മൂലം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ലംഘിച്ചു. കേസ് എത്രയും വേഗം അന്വേഷിക്കുമെന്ന് 2021 നവംബർ 23നാണ് ഹൈക്കോടതിയിൽ സത്യവാങ്‌മൂലം സമർപ്പിച്ചത്. എന്നാൽ മൂന്നുവർഷമാകാറായിട്ടും അന്വേഷണം എവിടെയുമെത്താതെ ഇഴയുകയാണ്. പ്രമുഖ ബിജെപി നേതാക്കൾക്കുള്ള ബന്ധം തെളിഞ്ഞതോടെയാണ് ഇഡി അന്വേഷണം പാതിവഴിയിലാക്കിയത്. കേസുമായി ബന്ധപ്പെട്ട് പൊലീസ് കുറ്റപത്രവും വിശദാംശവും ഇഡിക്ക് കൈമാറിയിരുന്നു. 22 പ്രതികളും 219 സാക്ഷികളുമുണ്ടിതിൽ. ഇക്കാര്യം ഹൈക്കോടതിയിൽ നൽകിയ സത്യവാങ്‌മൂലത്തിൽ ഇഡി പറയുന്നുണ്ട്. ആർജെഡി സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂർ നൽകിയ ഹർജിയിലായിരുന്നു ഇഡി കോടതിയിൽ സത്യവാങ്‌മൂലം നൽകിയത്. കള്ളപ്പണ ഇടപാടുകൾ സംബന്ധിച്ച അന്വേഷണത്തിനുള്ള ഏജൻസി തങ്ങളാണെന്നും വൈകാതെ ആവശ്യമായ നടപടിയുണ്ടാകുമെന്നുമാണ് ഇഡി കോടതിക്ക് ഉറപ്പുനൽകിയത്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടർ പി കെ ആനന്ദിനുവേണ്ടി അസി. സോളിസിറ്റർ ജനറൽ എസ് മനുവാണ് സത്യവാങ്‌മൂലം നൽകിയത്.
കൊടകര കേസിങ്ങനെ
● 2021 ഏപ്രിൽ 3: തൃശൂർ കൊടകരയിൽ വാഹനാപകടം സൃഷ്ടിച്ച് പുലർച്ചെ മൂന്നരക്കോടി കവർന്നു
● ഏപ്രിൽ 7: 25 ലക്ഷം തട്ടിയെടുത്തെന്ന് ധർമരാജന്റെ ഡ്രൈവർ ഷംജീറിന്റെ പരാതി
● ഏപ്രിൽ 21: 25 ലക്ഷമല്ല, മൂന്നര കോടിയാണുണ്ടായിരുന്നതെന്ന് പൊലീസ് കണ്ടെത്തി
● ഏപ്രിൽ 22: പണമെത്തിച്ചത് കർണാടകയിൽ നിന്നാണെന്ന് കണ്ടെത്തി
● ഏപ്രിൽ 25: അന്വേഷണത്തിന് ചാലക്കുടി ഡിവൈഎസ്‌പി പി ജിജിമോന്റെ നേതൃത്വത്തിൽ 15 അംഗ സംഘം. ക്വട്ടേഷൻ സംഘാംഗങ്ങളായ ഏഴ് പേർ അറസ്റ്റിൽ.
● ഏപ്രിൽ 26: ഇഡി അന്വേഷിക്കണമാവശ്യപ്പെട്ട് ലോക്‌താന്ത്രിക് യുവജനതാദൾ ദേശീയ പ്രസിഡന്റ് സലീം മടവൂർ പരാതി നൽകി
● ഏപ്രിൽ 28: പ്രതികളിൽ ഒരാളായ തൃശൂർ സ്വദേശി ബാബുവിന്റെ വീട്ടിൽ നിന്ന് 23.34 ലക്ഷം രൂപയും സ്വർണവും കണ്ടെത്തി
● ഏപ്രിൽ 29: ബിജെപി–- ആർഎസ്‌എസ് ബന്ധം കണ്ടെത്തി. പണം കൊടുത്ത് വിട്ടത് യുവമോർച്ച മുൻ സംസ്ഥാന ട്രഷർ സുനിൽ നായക്. ആസൂത്രണം ആർഎസ്‌എസ് പ്രവർത്തകൻ ധർമരാജൻ എന്നും കണ്ടെത്തി
● ഏപ്രിൽ 30: മുഖ്യപ്രതി മുഹമ്മദ് അലിയും സഹായിയും പിടിയിൽ
● ആർഎസ്‌എസ് ഉന്നതനും ബന്ധമെന്ന് മൊഴി
● മെയ് 8: ഡിഐജി അക്‌ബറിന്റെ നേതൃത്വത്തിൽ എസിപി വി കെ രാജു തലവനായി പുതിയ അന്വേഷണ സംഘം
● മെയ് 22: ബിജെപി തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി കെ ആർ ഹരി, ട്രഷറർ സുജയ്‌സേനൻ, മധ്യമേഖല സെക്രട്ടറി ജി കാശിനാഥൻ എന്നിവരെ ചോദ്യം ചെയ്‌തു
● മെയ് 23: ബിജെപി സംസ്ഥാന സംഘടന സെക്രട്ടറി എം ഗണേശനെയും സംസ്ഥാന ഓഫീസ് സെക്രട്ടറി ഗിരീശൻ നായരെയും ചോദ്യം ചെയ്‌തു
● മെയ് 26: ബിജെപി ആലപ്പുഴ ട്രഷർ കെ ജി കർത്തയെ ചോദ്യം ചെയ്‌തു.
കുഴൽപ്പണ ഇടപാടിലെ ബന്ധം സമ്മതിച്ചു
● 26ന് ആറാം പ്രതി മാർട്ടിന്റെ വീട്ടിൽ നിന്ന് 19.5 ലക്ഷവും രേഖകളും കണ്ടെത്തി
● മെയ് 28: തെരഞ്ഞെടുപ്പ് ഫണ്ട് ചുമതലയുണ്ടായിരുന്ന ഗണേശൻ ധർമരാജനുമായി ബന്ധപ്പെട്ടിരുന്നുവെന്ന് മൊഴി
● മെയ് 30: കുഴൽപ്പണ ഇടപാടിൽ കെ സുരേന്ദ്രന് ബന്ധമുണ്ടെന്ന് മൊഴി
● ജൂൺ 15: നേതാക്കളുടെ നിർദേശ പ്രകാരമാണ് കുഴൽപ്പണം എത്തിച്ചതെന്ന് പൊലീസ് ഇരിങ്ങാലക്കുട കോടതിയിൽ റിപ്പോർട്ട് നൽകി
● ജൂലൈ 2: ചോദ്യം ചെയ്യലിന് ഹാജരാകാൻ കെ സുരേന്ദ്ര് നോട്ടീസ്
● ജൂലൈ 6: സുരേന്ദ്രന് വീണ്ടും നോട്ടീസ്
● ജൂലൈ 14: കെ സുരേന്ദ്രനെ ഒന്നര മണിക്കൂർ ചോദ്യം ചെയ്‌തു
● ജൂലൈ 15: രണ്ട് പ്രതികൾ കൂടി പിടിയിൽ
● ജൂലൈ 23: എസിപി വി കെ രാജു ഇരിങ്ങാലക്കുട ജൂഡിഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
● ആഗസ്ത് 3 –- പ്രത്യേക അന്വേഷണ സംഘം കേന്ദ്ര ഏജൻസികൾക്ക് റിപ്പോർട്ട് കൈമാറി
● ആഗസ്ത് 6 –- കേസില്‍ പരാതിക്കാരന്‍ അന്വേഷണം വഴി തെറ്റിക്കാന്‍ ശ്രമിക്കുന്നുവെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍
● ആഗസ്ത് 14 –- പ്രതികൾക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു
● സെപ്തംബർ 26 –- കേരളാ പൊലീസ് തുടരന്വേഷണം തുടങ്ങി
● ഒക്ടോബർ 19 – കൊടകരയിൽ കവർച്ച ചെയ്യപ്പെട്ട മൂന്നരക്കോടി കുഴൽപ്പണത്തിൽ ഒന്നര ലക്ഷം കൂടി കണ്ടെടുത്തു
● 2021 നവംബർ 3 –കേസിൽ അന്വേഷണം ആരംഭിച്ചതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയിൽ
● 2022 നവംബർ 15 –- ഒരാൾ കൂടി അറസ്റ്റിലായതിന്റെ അടിസ്ഥാനത്തിൽ അധികമായി ഒരു കുറ്റപത്രംകൂടി സമർപ്പിച്ചു
● 2022 ഡിസംബർ 14 – എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ട വിവരങ്ങൾ 2021 ജൂൺ ഒന്നിനും ആഗസ്‌ത് രണ്ടിനും കൈമാറിയതായി കേരള പൊലീസ്
● 2024 ഒക്ടോബർ 31 –- കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപിക്കെതിരെ വെളിപ്പെടു
ത്തൽ
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..