05 November Tuesday

കുഴൽപ്പണം ; 16 ബിജെപി 
നേതാക്കൾക്ക്‌ പങ്ക്‌ , കടത്തിയത് കെ സുരേന്ദ്രന്റെ അറിവോടെ

സി എ പ്രേമചന്ദ്രൻUpdated: Monday Nov 4, 2024


തൃശൂർ
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ 41.4 കോടി രൂപയുടെ കുഴൽപ്പണം ഇറക്കിയതിൽ 16 ബിജെപി നേതാക്കൾക്ക്‌ നേരിട്ട്‌ പങ്കുണ്ടെന്ന്‌  അറസ്റ്റിലായ ആർഎസ്‌എസ്‌ പ്രവർത്തകൻ ധർമരാജൻ. ഇതുകൂടാതെ കഴിഞ്ഞ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽ 12 കോടി കുഴൽപ്പണം ഇറക്കിയെന്നും  ധർമരാജൻ പൊലീസിന്‌ നൽകിയ മൊഴിയിൽ പറഞ്ഞു.  തിരുവനന്തപുരം മുതൽ കാസർകോട് വരെ ആകെ 33.50 കോടി രൂപ വിതരണംചെയ്‌തു. കൊണ്ടുവന്ന പണത്തിൽ  സേലത്ത്‌ 4.40 കോടിയും കൊടകരയിൽ 3.50 കോടിയും കവർന്നു. 

ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രന്റെ അറിവോടെയാണ്‌ കുഴൽപ്പണം കടത്തിയതെന്നാണ്‌ മൊഴി. ബംഗളൂരുവിൽനിന്ന്‌ പണമെത്തിക്കാൻ സംഘടനാ സെക്രട്ടറി എം ഗണേശനാണ്‌  ചുമതലപ്പെടുത്തിയത്‌.  2021 ഏപ്രിൽ രണ്ടിന്‌ ആറരക്കോടി  തൃശൂരിലെ ബിജെപി ഓഫീസിൽ എത്തിച്ചു. ജില്ലാ ട്രഷറർ സുജയ്‌സേനൻ പണം  എണ്ണിത്തിട്ടപ്പെടുത്തി. സംസ്ഥാന ഓഫീസ്‌ ജീവനക്കാരൻ ബിനീതിന്‌ 8.8 കോടി പലഘട്ടങ്ങളിൽ നൽകി. കൊടകര കവർച്ചക്കേസ്‌ അന്വേഷിച്ച പ്രത്യേക അന്വേഷകസംഘം കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലും നേതാക്കളുടെ പങ്ക്‌ വ്യക്തമാക്കിയിട്ടുണ്ട്‌.

ആലുവയിലെ ബിജെപി നേതാവ്‌ സോമശേഖരൻ, കണ്ണൂർ ഓഫീസ്‌ ജീവനക്കാരൻ ശരത്‌, കോഴിക്കോട് മേഖലാ സെക്രട്ടറി സുരേഷ്‌, ജില്ലാ വൈസ്‌ പ്രസിഡന്റ്‌ ഉണ്ണികൃഷ്‌ണൻ, എറണാകുളം മേഖലാ സെക്രട്ടറി പത്മകുമാർ, പത്തനംതിട്ട ബിജെപി വൈസ് പ്രസിഡന്റ്‌ എം എസ് അനിൽകുമാർ എന്നിവർക്ക്‌ വിവിധ സമയങ്ങളിൽ പണം നൽകിയതായി കുറ്റപത്രത്തിലുണ്ട്‌. കെ സുരേന്ദ്രൻ മത്സരിച്ച കോന്നിയിൽ കോഴിക്കോട്‌ ജില്ലാ പ്രസിഡന്റ്‌ രഘുനാഥ്‌ വഴി പണം വിതരണം ചെയ്‌തു. ഏപ്രിൽ മൂന്നിന്‌ ആലപ്പുഴ ജില്ലാ ട്രഷറർ കെ ജി കർത്തയ്‌ക്ക്‌ നൽകാൻ കൊണ്ടുപോയ 3.5 കോടി രൂപയാണ്‌ 2021 ഏപ്രിൽ മൂന്നിന് കൊടകരയിൽ കൊള്ളയടിച്ചത്‌.

അടയാളം 10ന്റെ നോട്ട്‌
കുഴൽപ്പണക്കടത്തിൽ പങ്കെടുത്തവർക്ക്‌ തിരിച്ചറിയാൻ നൽകിയ കോഡ്‌ പത്തു രൂപയുടെ നോട്ട്‌. ബംഗളൂരുവിൽ എത്തിയാൽ എന്തുചെയ്യണം, ആരെ കാണണം എന്നീ കാര്യങ്ങൾ സംഘടനാ സെക്രട്ടറി എം ഗണേശൻ, ഓഫീസ് സെക്രട്ടറി ഗിരീഷ്‌ വഴി വാട്‌സാപ്പിലൂടെ ധർമരാജനെ അറിയിക്കും. ധർമരാജൻ തന്റെ കൈയിലുള്ള 10 രൂപ നോട്ടിന്റെ ഫോട്ടോയെടുത്ത്‌ ഗിരീഷിന്റെ നമ്പറിലേക്ക്‌ അയക്കും. ഗിരീഷ്‌ പണം നൽകുന്ന ബംഗളൂരുവിലെ ആളുകൾക്ക്‌ ഈ ഫോട്ടോ അയക്കും. പിന്നീട്‌ ഗിരീഷ്‌ പറയുന്നവർക്ക്‌ ഈ നോട്ട്‌ നേരിട്ട്‌ കാണിക്കും. എന്നാലേ പണം ലഭിക്കൂ.    പണം കോഴിക്കോട്ട്‌ എത്തിച്ചായിരുന്നു വിതരണം. തിരുവനന്തപുരത്ത്‌ എത്തിച്ച പണം സംസ്ഥാന ഓഫീസിലെ  ജീവനക്കാരൻ ബിനീത്‌ കൈപ്പറ്റി. മറ്റു ജില്ലകളിൽ ഗിരീഷ്‌ നിർദേശിച്ച നേതാക്കൾക്ക്‌ കൈമാറി. 2021 മാർച്ച്‌, ഏപ്രിൽ മാസങ്ങളിലാണ്‌ കേരളമാകെ പണം വിതരണം ചെയ്തതെന്നാണ്‌ മൊഴി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top