03 December Tuesday
ഇഡിക്കും ആദായനികുതി വകുപ്പിനും 
തെരഞ്ഞെടുപ്പ്‌ കമീഷനുമാണ് കത്ത് നൽകിയത്

കള്ളപ്പണം ബിജെപിയുടേതാണോ കേന്ദ്ര ഏജൻസികൾ അനങ്ങില്ല ; കേരള പൊലീസ്‌ കത്തയച്ചത് 3 വർഷംമുമ്പ്

സ്വന്തം ലേഖകർUpdated: Wednesday Nov 6, 2024


തിരുവനന്തപുരം/ തൃശൂർ
ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും സംഘവും കുഴൽപ്പണം കടത്തിയ കേസിൽ തുടർനടപടി ആവശ്യപ്പെട്ട്‌ കേരള പൊലീസ്‌ , ഇഡിക്കും ആദായനികുതി വകുപ്പിനും തെരഞ്ഞെടുപ്പ്‌ കമീഷനും അയച്ച കത്തിന്റെ വിശദവിവരം പുറത്ത്. കുഴൽപ്പണംകടത്തൽ, കള്ളപ്പണം വെളുപ്പിക്കൽ, പണമിറക്കി തെരഞ്ഞെടുപ്പ്‌ അട്ടിമറിക്കൽ തുടങ്ങിയവ അന്വേഷിക്കണമെന്നാവശ്യപ്പെട്ട്‌ 2021 ആഗസ്‌തിലാണ് അന്നത്തെ സംസ്ഥാന പൊലീസ്‌ മേധാവി അനിൽകാന്ത്‌ കത്തയച്ചത്. നിയമസഭാ തെരഞ്ഞെടുപ്പ്‌ അട്ടിമറിക്കാൻ ബിജെപി കർണാടകത്തിൽനിന്ന്‌ 41.4 കോടിരൂപ അനധികൃതമായി കേരളത്തിലെത്തിച്ചെന്ന അന്വേഷകസംഘം തലവൻ വി കെ രാജു നൽകിയ റിപ്പോർട്ടും ഇതിനൊപ്പം നൽകിയിരുന്നു. എന്നാൽ, ബിജെപിക്ക് നേരിട്ട് പങ്കുള്ള കേസായതിനാൽ കേന്ദ്ര ഏജൻസികൾ അനങ്ങിയില്ല. തെരഞ്ഞെടുപ്പ്‌ കമീഷനും കണ്ട ഭാവം നടിച്ചില്ല. ഹൈക്കോടതിയിലെ കേസിൽ അന്വേഷണം ആരംഭിച്ചതായി ഇഡി മറുപടി നൽകിയെങ്കിലും  ഒരന്വേഷണവും നടന്നില്ല. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ തകർക്കുന്ന കള്ളപ്പണമിടപാടിൽ പോലും കേന്ദ്ര ഏജൻസികളുടെ രാഷ്‌ട്രീയക്കളിയാണ്‌ വെളിപ്പെടുന്നത്‌.   

കെ സുരേന്ദ്രന്റെയും സംഘടനാ സെക്രട്ടറി എം ഗണേശ്‌, സംസ്ഥാന ഓഫീസ്‌ സെക്രട്ടറി ഗിരീശൻ എന്നിവരുടെയും നിർദേശപ്രകാരം ആർഎസ്‍എസ്‌ പ്രവർത്തകനായ ധർമരാജനാണ്‌ 2021 മാർച്ചിൽ ബംഗളൂരുവിൽനിന്ന്‌ കേരളത്തിലേക്ക്‌ 41.4 കോടി രൂപ ഹവാല പണം ഇറക്കിയത്‌. 2021 മാർച്ച്‌ 6ന്‌  ഇതിലെ 4.4 കോടി സേലത്തും ഏപ്രിൽ മൂന്നിന്‌ 3.5 കോടി കൊടകരയിലും ‘കൊള്ള’യടിച്ചു. ബാക്കി 33.50 കോടി  തെരഞ്ഞെടുപ്പ്‌ അട്ടിമറിക്കാൻ വിതരണം ചെയ്‌തു. ഇതിന്റെ കൃത്യമായ ചാർട്ടും പൊലീസ്‌ നൽകിയ റിപ്പോർട്ടിലുണ്ട്‌. ഇത്‌ കൂടാതെ തദ്ദേശ തെരഞ്ഞെടുപ്പ്‌ അട്ടിമറിക്കാൻ 12 കോടി ഇറക്കിയതും അന്വേഷകസംഘം കണ്ടെത്തിയിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top