21 November Thursday

കള്ളപ്പണ ഹബ്ബായി 
ബിജെപി കാര്യാലയങ്ങൾ ; കൂടുതൽ കുഴൽപ്പണം തൃശൂരിൽ

വെബ് ഡെസ്‌ക്‌Updated: Thursday Nov 7, 2024


തൃശൂർ
ബിജെപി സംസ്ഥാന  പ്രസിഡന്റ്‌  കെ സുരേന്ദ്രന്റെ  നിർദേശത്തോടെ നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത് കേരളത്തിലേക്ക്‌ കുഴൽപ്പണം എത്തിയപ്പോൾ അതിന്റെ ഹബ്ബായത്‌ സംഘപരിവാറിന്റെ  സംസ്ഥാന–- -ജില്ലാ കാര്യാലയങ്ങൾ. ബിജെപി സംസ്ഥാന ഓഫീസിലും തൃശൂർ ജില്ലാകമ്മിറ്റി ഓഫീസിലുമാണ്‌ കൂടുതൽ കുഴൽപ്പണം ഇറക്കിയതെന്നാണ്‌ പൊലീസ്‌ റിപ്പോർട്ട്‌.

2021ൽ മൂന്നരക്കോടിയുടെ കുഴൽപ്പണം കൊടകരയിൽ കവർച്ചചെയ്ത കേസിന്റെ അന്വേഷണത്തിലാണ്‌ ബിജെപിയുടെ ഹവാല ഇടപാട് പൊലീസ് കണ്ടെത്തിയത്. ബിജെപി സംസ്ഥാന  സംഘടനാ സെക്രട്ടറി എം ഗണേഷ്‌, സംസ്ഥാന ഓഫീസ്‌ സെക്രട്ടറി ഗിരീശൻ നായർ എന്നിവർ നിർദേശിക്കുന്ന സ്ഥലത്തും ബിജെപി ജില്ലാ ഓഫീസുകളിലും പണം എത്തിച്ചതായി കുഴൽപ്പണം കടത്തുകാരൻ ധർമരാജൻ മൊഴി നൽകിയിട്ടുണ്ട്‌. 2021 മാർച്ച്‌ അഞ്ചുമുതൽ ഏപ്രിൽ അഞ്ചുവരെയാണ്‌ വിവിധ ജില്ലകളിൽ പണം വിതരണം ചെയ്തത്‌.

നിയമസഭാ തെരഞ്ഞെടുപ്പിൽ പി ആർ ടീം നൽകിയ ജയസാധ്യത കണക്കിലെടുത്ത്‌, ബിജെപി എ ക്ലാസായി നിശ്ചയിച്ച മണ്ഡലങ്ങളിലാണ്‌  കൂടുതൽ കുഴൽപ്പണം ഇറക്കിയത്‌. എ ക്ലാസ്‌ മണ്ഡലമായി കണക്കാക്കിയത്‌ കോന്നിയും തൃശൂരുമാണ്‌. കോന്നിയിൽ കെ സുരേന്ദ്രനും തൃശൂരിൽ സുരേഷ്‌ ഗോപിയുമാണ്‌  മത്സരിച്ചത്‌.
തിരുവനന്തപുരത്തുവച്ച്‌ അഞ്ചുതവണ ബിജെപി സംസ്ഥാന ഓഫീസ്‌ സെക്രട്ടറി ബിനീത്‌ 8.8 കോടി കൈപ്പറ്റി. തൃശൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ 6.3 കോടി ഇറക്കിയതുൾപ്പെടെ ആറുതവണയായി ജില്ലാ ട്രഷറർ സുജയസേനൻ 13.8 കോടി കൈപ്പറ്റി. ആലപ്പുഴ മേഖലാ സെക്രട്ടറി പത്മകുമാർ മൂന്നുതവണയായി 3.6 കോടിയും ബിജെപി കോഴിക്കോട് ജില്ലാ  വൈസ് പ്രസിഡന്റ്‌ ഉണ്ണിക്കൃഷ്‌ണൻ രണ്ടുതവണയായി 2.5 കോടിയും പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റ് എം എസ് അനിൽകുമാർ 1.4 കോടിയും കോഴിക്കോട് മേഖലാ സെക്രട്ടറി കെ പി സുരേഷ്‌ 1.5 കോടിയും കൈപ്പറ്റി. കണ്ണൂർ ബിജെപി ഓഫീസ്  ജീവനക്കാരൻ ശരത്‌ 1.4 കോടിയും ആലുവ സോമശേഖരൻ 50 ലക്ഷവും കൈപ്പറ്റിയെന്നാണ്‌ പ്രത്യേക അന്വേഷകസംഘം തലവനായ ഡിവൈഎസ്‌പി വി കെ രാജു കോടതിയിൽ നൽകിയ കുറ്റപത്രത്തിലുള്ളത്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top