തിരുവനന്തപുരം
ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ഉൾപ്പെട്ട കൊടകര കുഴൽപ്പണക്കേസ് അന്വേഷിക്കാൻ പുതിയ സംഘത്തെ നിയോഗിച്ച് പൊലീസ് മേധാവി. കൊച്ചി ഡിസിപി കെ സുദർശന്റെ നേതൃത്വത്തിലുള്ള എട്ടംഗസംഘമാണ് അന്വേഷിക്കുക.
നേരത്തെ കേസ് അന്വേഷിച്ചിരുന്ന ഡിവൈഎസ്‌പി വി കെ രാജുവാണ് അന്വേഷണ ഉദ്യോഗസ്ഥൻ. തൃശൂർ റേഞ്ച് ഡിഐജി തോംസൺ ജോസ് മേൽനോട്ടം വഹിക്കും. ബിജെപി തൃശൂർ ഓഫീസ് മുൻ സെക്രട്ടറി തിരൂർ സതീശിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് തുടരന്വേഷണത്തിന് സർക്കാർ തീരുമാനിച്ചത്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ തൃശൂരിലെ ബിജെപി ഓഫീസിൽ ആറ് ചാക്കിൽ കുഴൽപ്പണം എത്തിച്ചെന്നാണ് സതീശിന്റെ വെളിപ്പെടുത്തൽ.
ഇരിങ്ങാലക്കുട കോടതിയിൽനിന്ന് അനുമതി ലഭിച്ചാലുടൻ അന്വേഷണം ആരംഭിക്കും. 14–-ാം സാക്ഷിയായ തിരൂർ സതീശിന്റെ മൊഴി രേഖപ്പെടുത്തും. തൃശൂരിൽ പണം ഇറക്കിയശേഷം ആലപ്പുഴയ്‌ക്ക് പോകുമ്പോഴാണ് കൊടകരയിൽവച്ച് മൂന്നരക്കോടി രൂപ കൊള്ളയടിച്ചതെന്ന് സതീശ് വെളിപ്പെടുത്തിയിരുന്നു. പ്രത്യേക അന്വേഷകസംഘം ഉടൻ യോഗംചേർന്ന് ചോദ്യംചെയ്യലിനുള്ള പട്ടിക തയ്യാറാക്കും. പുതിയ വിവരംസംബന്ധിച്ച് കേന്ദ്ര ഏജൻസിക്ക് വീണ്ടും റിപ്പോർട്ട് നൽകാനും ആലോചനയുണ്ട്. നേരത്തെ ഇഡിക്ക് തെളിവ് സഹിതം പൊലീസ് കത്ത് നൽകിയിട്ടും അന്വേഷണം നടത്തിയില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..