26 December Thursday

കൊടകര കള്ളപ്പണക്കേസ് ; ഇഡിക്കും ആദായനികുതി
വകുപ്പിനും ഹെെക്കോടതി നോട്ടീസ് , മൂന്നാഴ്‌ചയ്‌ക്കകം അന്വേഷണ പുരോഗതി 
 അറിയിക്കണം

സ്വന്തം ലേഖികUpdated: Friday Nov 15, 2024


കൊച്ചി
ബിജെപി നേതാക്കൾ ഉൾപ്പെട്ട കൊടകര കള്ളപ്പണ കവർച്ചക്കേസിൽ നടപടി സ്വീകരിക്കാത്തതിനെതിരെ നൽകിയ ഹർജിയിൽ ഇഡിക്കും ആദായനികുതി വകുപ്പിനും ഹൈക്കോടതി നോട്ടീസ് അയച്ചു. മൂന്നാഴ്‌ചയ്‌ക്കകം അന്വേഷണ പുരോഗതി അറിയിക്കാൻ ഹർജി പരിഗണിച്ച ജസ്റ്റിസ് ബച്ചു കുര്യൻ തോമസ് നിർദേശിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനോടും സംസ്ഥാന പൊലീസ് മേധാവിയോടും വിശദീകരണം തേടി. കേസിലെ 50–-ാം സാക്ഷി ഇരിങ്ങാലക്കുട പുല്ലൂർ സ്വദേശി സന്തോഷ് നൽകിയ ഹർജിയിലാണ്‌ നടപടി. കേസിൽ ഇഡി നടപടി സ്വീകരിച്ചില്ലെന്നും അന്വേഷണം വേഗം പൂർത്തിയാക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം 2021 മെയ് അഞ്ചിന് ഇഡി എടുത്ത കേസിലെ അന്വേഷണപുരോഗതി ഹെെക്കോടതി ആരാഞ്ഞു. കഴിഞ്ഞ  2021 ഏപ്രിൽ മൂന്നിനാണ്‌ കൊടകരയിൽ ഒരുസംഘം കാർ തടഞ്ഞ് പണംതട്ടിയെടുത്തത്‌. കേസിൽ ഇഡിയുടെ അന്വേഷണം മുടങ്ങി. 

25 ലക്ഷം തട്ടിയെടുത്തെന്നായിരുന്നു പരാതി. 3.5 കോടിരൂപ നഷ്ടപ്പെട്ടതായി  തെളിഞ്ഞു. 22 പ്രതികളെ പൊലീസ്‌ പിടികൂടി. 219 സാക്ഷികളെ  ഉൾപ്പെടുത്തി 2021 ജൂലെെ 21ന് കുറ്റപത്രം സമർപ്പിച്ചു. 1.75 കോടി രൂപയും 56 ലക്ഷത്തിന്റെ സ്വർണവും 12 ലക്ഷത്തിന്റെ മുതലുകളും പിടിച്ചെടുത്ത് ഹാജരാക്കി. കള്ളപ്പണവുമായി (പിഎംഎൽഎ) ബന്ധപ്പെട്ട കേസുകൾ അന്വേഷിക്കാൻ സംസ്ഥാന പൊലീസിന് അധികാരമില്ലാത്തതിനാൽ കുറ്റപത്രമടക്കം ഇഡിക്കും ആദായനികുതിവകുപ്പിനും കെെമാറി.
അന്വേഷണം ആരംഭിച്ചതായി ഇഡി 2021 നവംബർ 23ന് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. ഹൈക്കോടതി ഇടപെടേണ്ടതില്ലെന്നും അറിയിച്ചു.  സന്തോഷിനുവേണ്ടി അഡ്വ. കെ എസ് അരുൺകുമാർ ഹാജരായി.

ബിജെപിയുടെ തെരഞ്ഞെടുപ്പുപ്രചാരണത്തിനായി കൊണ്ടുവന്ന കള്ളപ്പണമാണ് തട്ടിയെടുത്തതെന്ന് കുറ്റപത്രത്തിലുണ്ട്.  ഏഴാംസാക്ഷിയായ സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രന്റെ അറിവോടെ സംസ്ഥാന സംഘടനാ സെക്രട്ടറി എം ഗണേശൻ, ബിജെപി സംസ്ഥാന ഓഫീസ് സെക്രട്ടറി ഗിരീശൻനായർ എന്നിവർ ബംഗളൂരുവിൽനിന്നുള്ള ഏജന്റായ ധർമരാജനിലൂടെ 53.4 കോടിയുടെ കള്ളപ്പണ ഇടപാട്‌ നടത്തിയെന്ന്‌ പൊലീസ് കണ്ടെത്തി. തിരുവനന്തപുരം, തൃശൂർ,  കോഴിക്കോട്, പത്തനംതിട്ട, ആലപ്പുഴ, കണ്ണൂർ, പാലക്കാട്‌ ജില്ലകളിൽ പണം എത്തിയതായും സേലത്ത് നാലുകോടിയും കൊടകരയിൽ 3.5 കോടിയും കവർച്ച ചെയ്‌തതായും റിപ്പോർട്ടിലുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top