തൃശൂർ
കൊടകര കുഴൽപ്പണക്കേസിൽ തുടരന്വേഷണത്തിന്റെ ഭാഗമായി ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷിന്റെ രഹസ്യമൊഴി കോടതിയിൽ രേഖപ്പെടുത്തും. ഇതിനായി അന്വേഷക സംഘം തൃശൂർ സിജെഎം കോടതിയിൽ ചൊവ്വാഴ്‌ച അപേക്ഷ നൽകി. കോടതി നിശ്ചയിക്കുന്ന മജിസ്ട്രേറ്റ് മൊഴി രേഖപ്പെടുത്തും. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പു സമയത്ത് തൃശൂരിലെ ബിജെപി ജില്ലാകമ്മിറ്റി ഓഫീസിൽ ആറു ചാക്കിൽ ഒമ്പതു കോടി രൂപയുടെ കുഴൽപ്പണം എത്തിച്ചെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കോടതി അനുമതിയോടെ സർക്കാർ പ്രഖ്യാപിച്ച തുടരന്വേഷണം നടക്കുകയാണ്. ഡിവൈഎസ്‌പി വി കെ രാജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷക സംഘം തിരൂർ സതീഷിന്റെ മൊഴി രേഖപ്പെടുത്തി. മൊഴി മാറ്റി പറയാതിരിക്കാനാണ് സെക്‌ഷൻ 164 പ്രകാരം കോടതിയിൽ രഹസ്യമൊഴി രേഖപ്പെടുത്തുന്നത്.
ജില്ലാ പ്രസിഡന്റ് കാറിൽ ഒന്നരക്കോടി കടത്തിയതായും ജില്ലാ ട്രഷറർ സുജയസേനൻ, ജില്ലാ ജനറൽ സെക്രട്ടറി കെ ആർ ഹരി എന്നിവർക്ക് കള്ളപ്പണ ഇടപാടിൽ പങ്കുണ്ടെന്നും കുഴൽപ്പണം ഉപയോഗിച്ച് നേതാക്കൾ വാഹനങ്ങളും ഭൂമിയും വാങ്ങിക്കൂട്ടിയതായും സതീഷ് വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വരും ദിവസങ്ങളിൽ ബിജെപി നേതാക്കളെ അന്വേഷക സംഘം ചോദ്യം ചെയ്യും. 2021 ഏപ്രിൽ മൂന്നിന് പുലർച്ചെയാണ് ബിജെപി ഇറക്കിയ മൂന്നരക്കോടി രൂപയുടെ കുഴൽപ്പണം കൊടകരയിൽ കവർച്ച ചെയ്യപ്പെട്ടത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..