തൃശൂർ
കൊടകര കുഴൽപ്പണക്കവർച്ചാ കേസിൽ തുടരന്വേഷണത്തിന്റെ ഭാഗമായി തിരൂർ സതീഷിന്റെ രഹസ്യമൊഴി തിങ്കൾ വൈകിട്ട് നാലിന് കുന്നംകുളം ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്ട്രേറ്റ് രേഖപ്പെടുത്തും. ഇതിനായി കോടതി നോട്ടീസയച്ചു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പു സമയത്ത് തൃശൂരിലെ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിൽ ആറുചാക്കുകളിലായി ഒമ്പതുകോടി കുഴൽപ്പണം എത്തിച്ചെന്ന് മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.
പലഘട്ടങ്ങളിൽ 14 കോടിയോളം രൂപയുടെ കള്ളപ്പണം തൃശൂരിൽ എത്തിച്ചു. വിതരണംചെയ്‌ത ബാക്കിവന്ന ഒന്നരക്കോടി രൂപ ഒരുമാസം ബിജെപി ഓഫീസിലാണ് സൂക്ഷിച്ചത്. ഈ പണം ഒരുചാക്കിലും രണ്ടു ബിഗ്‌ഷോപ്പറിലുമായി ബിജെപി ജില്ലാ പ്രസിഡന്റ് കെ കെ അനീഷ്‌കുമാർ കാറിൽ കൊണ്ടുപോയി. ജില്ലാ ട്രഷറർ സുജയസേനൻ, ജനറൽ സെക്രട്ടറി കെ ആർ ഹരി എന്നിവർക്കും കള്ളപ്പണ ഇടപാടുകളുമായി ബന്ധമുണ്ട്. ഭാരവാഹികളായ ശേഷം ഇവരുടെ സ്വത്തുവർധന പരിശോധിക്കണമെന്നും സതീഷ് വെളിപ്പെടുത്തി.
ഇതിന്റെ അടിസ്ഥാനത്തിൽ കോടതി അനുമതിയോടെ സർക്കാർ തുടരന്വേഷണം പ്രഖ്യാപിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്‌പി വി കെ രാജുവിന്റെ നേതൃത്വത്തിൽ തിരൂർ സതീഷിന്റെ മൊഴി രേഖപ്പെടുത്തി. ഇതിന്റെ തുടർനടപടിയായാണ് കോടതി രഹസ്യമൊഴി എടുക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..