25 November Monday

ഉപതെരഞ്ഞെടുപ്പ്‌ തോൽവി: നേതൃമാറ്റത്തിനായി ബിജെപിയിൽ തമ്മിലടി

ഒ വി സുരേഷ്‌Updated: Monday Nov 25, 2024

തിരുവനന്തപുരം> ഉപതെരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞ ബിജെപിയിൽ പൊട്ടിപ്പുറപ്പെട്ട കലാപം പരസ്യപ്രതികരണങ്ങളിലേക്ക്‌ കടന്നു. പാലക്കാട്ട്‌ വൻതോതിൽ വോട്ടുമറിച്ചതും വയനാട്ടിൽ കെട്ടിവച്ച തുക കിട്ടാതായതുമുൾപെടെ ബിജെപി നേരിടുന്ന പ്രതിസന്ധിക്ക്‌ സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രനെ കുറ്റപ്പെടുത്തിയാണ്‌ നേതാക്കളുടെ പ്രതികരണം. ഇത്രയും കാലം ഒപ്പം നിന്ന മുൻ സംസ്ഥാന പ്രസിഡന്റ്‌ വി മുരളീധരനും സുരേന്ദ്രനെതിരെ തിരിഞ്ഞു. മേൽക്കൂര മാറ്റണമെന്നാണ്‌ അഖിലേന്ത്യാ കൗൺസിൽ അംഗം എൻ ശിവരാജന്റെ അഭിപ്രായം. നേതൃമാറ്റമുണ്ടാകുമെന്ന്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ സി കെ പത്മനാഭനും പറഞ്ഞു.

  ‘കേരളത്തിൽ ബിജെപി ഒരിടത്തും എത്തിയിട്ടില്ല. സ്വയം ശരിയാണെന്നാണ്‌ ഓരോരുത്തരുടെയും വിചാരം. ഞങ്ങളുടെ കാലത്തേതുപോലല്ല ഇപ്പോഴുള്ളവരുടെ പ്രവർത്തനം. തിരുത്തണോയെന്ന്‌ നേതാക്കൾ സ്വയം ആലോചിക്കണം’–- ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ സുരേന്ദ്രനെ ലക്ഷ്യമിട്ട്‌ സി കെ പത്മനാഭൻ പറഞ്ഞു. കേരളത്തിലെ ബിജെപി കടിഞ്ഞാണില്ലാത്ത കുതിരയാണെന്നും ആർഎസ്‌എസ്‌ നിയന്ത്രണം ഏറ്റെടുത്ത്‌ ഇത്തിൾക്കണ്ണികളെ വലിച്ചെറിയണമെന്നുമായിരുന്നു എൻഡിഎ സംസ്ഥാന വൈ സ്‌ ചെയർമാൻ വിഷ്‌ണുപുരം ച ന്ദ്രശേഖരന്റെ വിമർശം.

പാലക്കാട്ടും ചേലക്കരയിലും എന്താണ്‌ സംഭവിച്ചതെന്ന്‌ തനിക്കറിയില്ലെന്നും വിശദാംശങ്ങൾ സംസ്ഥാന പ്രസിഡന്റിനോടു ചോദിക്കണമെന്നും പറഞ്ഞ്‌ വി മുരളീധരനും സുരേന്ദ്രനെ തള്ളിപ്പറഞ്ഞു. കോർ കമ്മിറ്റി വിളിച്ചുചേർക്കണമെന്ന്‌ പി കെ കൃഷ്‌ണദാസ്‌ പക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്‌. സുരേന്ദ്രന്‌ കവചമൊരുക്കാറുള്ള വി മുരളീധരൻ കൂടി എതിരായതോടെ നേതൃമാറ്റം എന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കാനാണ്‌ കൃഷ്‌ണദാസ്‌ പക്ഷത്തിന്റെ നീക്കം. പാലക്കാട്‌ വോട്ടുമറിച്ചത്‌ എതിർപക്ഷമാണെന്ന വാദം ഉയർത്താനാണ്‌ കെ സുരേന്ദ്രൻ പക്ഷം ആലോചിക്കുന്നത്‌. സി കൃഷ്‌ണകുമാറിനെ സ്ഥാനാർഥിയാക്കിയത്‌ സുരേന്ദ്രന്റെ നിർബന്ധത്തിലായിരുന്നു. അതിനാൽ പരമാവധി വോട്ടു കുറയ്‌ക്കാൻ എതിർപക്ഷം ‘പണിയെടുത്തു’ എന്നാണ്‌ അവരുടെ വാദം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top