അടൂർ
മദ്യ ലഹരിയിൽ ബിജെപി നേതാവ് ഓടിച്ച കാർ നിരവധി വാഹനങ്ങളിൽ ഇടിച്ച ശേഷം നിർത്താതെ പോയി. നാട്ടുകാർ പിന്തുടർന്ന് തടഞ്ഞിട്ട കാറും നേതാവിനെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. കാർ ഓടിച്ച പട്ടാഴി സ്വദേശിയും കിസാൻ മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റുമായ ആർ സുഭാഷിനെതിരെ പൊലീസ് കേസെടുത്തു.
ശനി വൈകിട്ട് 6.30-ന് അടൂർ –--പത്തനാപുരം റോഡിലാണ് സംഭവം. അടൂർ മരിയ ആശുപത്രിയ്ക്കു സമീപം വച്ചാണ് സുഭാഷ് ഓടിച്ച കാർ മറ്റൊരു കാറിൽ ഇടിക്കുന്നത്. യാത്രികയായ പട്ടാഴി സ്വദേശിയ്ക്ക് പരിക്കേറ്റു. അപകടമുണ്ടാക്കിയശേഷം നിർത്താതെപോയ കാർ ടിബി ജങ്ഷൻ ഭാഗത്ത് കൂടുതൽ വാഹനങ്ങളിൽ ഇടിച്ചു. ഒടുവിൽ നാട്ടുകാർ ഇയാളേയും കാറും തടഞ്ഞുവെച്ച് വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസ് എത്തി സുഭാഷിനെയും കാറും കസ്റ്റഡിയിൽ എടുത്തു.
അശ്രദ്ധമായി വാഹനം ഓടിച്ചതിനും മറ്റുള്ളവർക്ക് പരിക്കേൽപ്പിച്ചതിനും കേസെടുത്തു. വൈദ്യപരിശോധനയിൽ സുഭാഷ് മദ്യപിച്ചിരുന്നതായി തെളിഞ്ഞുവെന്ന് പൊലീസ് പറഞ്ഞു. മെഡിക്കൽ പരിശോധനക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ ഇയാൾ പൊലീസ് സ്റ്റേഷനിൽ ബഹളവും അക്രമവും കാട്ടി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..