കൊല്ലം > സദാനന്ദപുരത്തെയും ഭാരതീപുരം ആശ്രമത്തിലെയും സന്യാസിമാരെ പലവട്ടം ആക്രമിച്ചയാളാണ് അവധൂതാശ്രമം പിആർഒ ആയ ബിജെപി ജില്ലാ സെക്രട്ടറി കെ ആർ രാധാകൃഷ്‌ണൻ. കൊട്ടാരക്കര പൊലീസ് സ്റ്റേഷനിൽ ഇതുൾപ്പെടെ 18കേസ് രാധാകൃഷ്‌ണനെതിരെ ഉള്ളതായി വിവരാവകാശരേഖ വ്യക്തമാക്കുന്നു. ജാമ്യമെടുക്കാത്ത കേസുകളുമുണ്ട്.
സദാനന്ദപുരം ആശ്രമത്തിലെ മുതിർന്ന സന്യാസി രാമാനന്ദഭാരതിക്കെതിരെയാണ് രണ്ടുതവണ ആക്രമണമുണ്ടായത്. 2023 ഒക്‌ടോബർ 22നാണ് ആദ്യസംഭവം. ആശ്രമം വക ഭൂമിയിൽ ഹോട്ടൽ നടത്താൻ അനുമതി നൽകണമെന്ന രാധാകൃഷ്‌ണന്റ ആവശ്യത്തെ എതിർത്തതിലുള്ള വിരോധമാണ് ആക്രമണത്തിനു കാരണം. കൊട്ടാരക്കര പൊലീസ് സ്റ്റേഷനിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. 2024 മാർച്ച് 17ന് സഹായികളുമായി എത്തിയ രാധാകൃഷ്‌ണൻസ്വാമിയെ കൈയേറ്റം ചെയ്ത ശേഷം ആശ്രമത്തിൽനിന്ന് എത്രയും വേഗം പുറത്തുപോകാൻ ആവശ്യപ്പെട്ടു. അല്ലെങ്കിൽ ജീവൻ കാണില്ലെന്ന് ഭീഷണി മുഴക്കുകയുംചെയ്തു. തുടർന്നാണ് സ്വാമിയുടെ ആവശ്യപ്രകാരം ഹൈക്കോടതി പൊലീസ് സംരക്ഷണം അനുവദിച്ചത്. ആഗസ്ത് എട്ടിന് മൂന്നാമതും ആക്രമണമുണ്ടായി. മുഖംമൂടിധാരികളായ അഞ്ചംഗസംഘം മുളകുപൊടി എറിഞ്ഞായിരുന്നു ആക്രമണം. പരിക്കേറ്റ സ്വാമി കൊല്ലത്ത് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതിലെ പ്രതികളെ കണ്ടെത്തിയിട്ടില്ല.
ഒക്‌ടോബർ 15നാണ് കെ ആർ രാധാകൃഷ്‌ണൻ ഭാരതീപുരത്തുള്ള അവധൂതാശ്രമം ചുമതലക്കാരനായ സ്വാമി നിത്യാനന്ദഭാരതിയെ ആക്രമിച്ചത്. തിടപ്പള്ളിയോട് ചേർന്ന മുറിയിൽ വിശ്രമിക്കുകയായിരുന്ന സ്വാമിയെ അസഭ്യവർഷം നടത്തി കാവിവസ്‌ത്രം വലിച്ചുകീറുകയും കണ്ണട പൊട്ടിക്കുകയുമായിരുന്നു. കഴുത്തിന് കുത്തിപ്പിടിച്ച് മുഖത്തിടിച്ചു. നാടുവിട്ടുപോയില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിമുഴക്കി. സംഭവത്തിനു ശേഷം ഇവിടെ ഏരൂർ പൊലീസ് നിരീക്ഷണം ശക്തമാക്കി.
കോടതി മാനദണ്ഡം ലംഘിച്ചാണ് രാധാകൃഷ്‌ണൻ പിആർഒ എന്ന വ്യാജേന ആശ്രമത്തിൽ കയറിപ്പറ്റിയതെന്ന് സന്യാസിമാർ പറയുന്നു. ആശ്രമത്തിന്റെ സ്വത്തുവകകൾ കൊള്ളയടിക്കുകയാണ് ലക്ഷ്യമെന്നും രാധാകൃഷ്‌ണനെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നും സന്യാസിമാർ ആവശ്യപ്പെടുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..