പാലക്കാട്> കൊലക്കേസ് പ്രതി മുസ്ലിമായതിനാലാണ് മുസ്ലിമായ ജഡ്‌ജി ജാമ്യം അനുവദിച്ചതെന്ന വര്‍ഗീയ പരാമര്‍ശവുമായി യുവമോര്‍ച്ച നേതാവ്. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്ത് വധക്കേസില്‍ പിടിയിലായ എസ്‌ഡിപിഐ പ്രവര്‍ത്തകന്‍ പുതുശേരി പറമ്പില്‍ അബ്‌ദുള്‍ഹക്കീമിന് ജാമ്യം ലഭിച്ചതിനെതിരെയാണ് യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവന്റെ വിദ്വേഷ പ്രസംഗം.
സംഘപരിവാര്‍ നേതൃത്വത്തില്‍ പാലക്കാട് ഡിവൈഎസ്പി ഓഫീസിലേക്ക് ബുധനാഴ്‌ച നടത്തിയ മാര്‍ച്ചിലായിരുന്നു വര്‍ഗീയ പ്രസംഗം. പ്രശാന്ത് പ്രകോപനപരമായ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തുന്നതിന്റെ വീഡിയോദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. സഞ്ജിത്ത് വധക്കേസില്‍ അറസ്റ്റിലായ മുസ്ലീം പ്രതിക്ക് മുസ്ലീം ജഡ്‌ജി ജാമ്യം നല്‍കിയെന്നും, മുസ്ലീമായ ജഡ്‌ജി എസ്‌ഡിപിഐ തീവ്രവാദിക്ക് ജാമ്യം നല്‍കിയെന്നുമായിരുന്നു പരാമര്‍ശം.
നീതിന്യായ വ്യവസ്ഥയെയയും ജഡ്‌ജിയെയും അവഹേളിക്കാനും വര്‍ഗീയമായി അപകീര്‍ത്തിപ്പെടുത്താനുമുള്ള ശ്രമമാണ് സംഘപരിവാറിന്റെ നേതൃത്വത്തിലുണ്ടായത്. കോടതിവിധിക്കെതിരെയും ജഡ്‌ജിക്കെതിരെയും വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തി കലാപമുണ്ടാക്കാനായിരുന്നു യുവമോര്‍ച്ച ശ്രമം. വിവാദ പ്രസംഗം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും പരാതി ലഭിക്കുന്നതിനനുസരിച്ച് നടപടി സ്വീകരിക്കുമെന്നും പാലക്കാട് ടൗണ്‍ സൗത്ത് പൊലീസ് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..