22 December Sunday

ബിജെപി സഹകരണ സംഘത്തിൽ കോടികളുടെ ക്രമക്കേട്‌ ; വെളിപ്പെടുത്തലുമായി ജില്ലാ കമ്മിറ്റി അംഗം

വെബ് ഡെസ്‌ക്‌Updated: Tuesday Oct 8, 2024


കണ്ണൂർ
ബിജെപി നിയന്ത്രണത്തിലുള്ള സഹകരണസംഘത്തിൽ കോടികളുടെ ക്രമക്കേടെന്ന്‌ ഡയറക്ടർകൂടിയായ ബിജെപി നേതാവ്‌. പഴയങ്ങാടി ലേബർ വെൽഫെയർ കോ–- ഓപ്പറേറ്റീവ്‌ സൊസൈറ്റിക്കും സെക്രട്ടറിക്കുമെതിരെയാണ്‌ ബിജെപി ജില്ലാ കമ്മിറ്റിയംഗവും സൊസൈറ്റി ഡയറക്ടറുമായ മണിയമ്പാറ ബാലകൃഷ്‌ണൻ രംഗത്തുവന്നത്‌. പരാതിപ്പെട്ടപ്പോൾ, ഡയറക്ടർ സ്ഥാനം രാജിവച്ച്‌ പോകാനാണ്‌ ബിജെപി ജില്ലാ പ്രസിഡന്റ്‌ എൻ ഹരിദാസ്‌ ആവശ്യപ്പെട്ടതെന്നും വാർത്താസമ്മേളനത്തിൽ പറഞ്ഞു.

52 വർഷമായി ബിജെപി പ്രവർത്തകനായ ബാലകൃഷ്‌ണൻ സൊസൈറ്റി ഭരണസമിതി അംഗമായത്‌ കഴിഞ്ഞ ജനുവരിയിലാണ്‌. ഫെബ്രുവരിയിൽ ചേർന്ന ഭരണസമിതി യോഗത്തിൽ  ക്രമവിരുദ്ധ നടപടികൾ ചൂണ്ടിക്കാട്ടി. തുടർന്ന്‌, ബിജെപി ജില്ലാ നേതൃത്വത്തിന്‌ കണക്കുകൾ സഹിതം പരാതി നൽകിയെങ്കിലും സെക്രട്ടറിക്ക്‌ അനുകൂലമായാണ്‌ നിലപാടെടുത്തത്‌. 18 വർഷമായി സെക്രട്ടറിസ്ഥാനത്തുള്ള വനിത ഇക്കാലമത്രയും മാനദണ്ഡം പാലിക്കാതെയാണ്‌ വായ്‌പകൾ അനുവദിച്ചത്‌.

സഹകരണ നിയമപ്രകാരം 50,000 രൂപയ്‌ക്കു മുകളിൽ വായ്‌പ നൽകാൻ മതിയായ ഈടുവേണം. ഇതു പാലിക്കാതെയാണ്‌ ഗ്രൂപ്പ്‌ വായ്‌പ അനുവദിച്ചത്‌. ആറും ഏഴും സെന്റ്‌ പുരയിടഭൂമിക്ക്‌ പത്ത്‌ ലക്ഷത്തോളം രൂപ വായ്‌പ നൽകി. സർക്കാർ ഉദ്യോഗസ്ഥരുടെ ജ്യാമമില്ലാതെ നിരവധി വായ്‌പ അനുവദിച്ചു. ഒരേ വാടകച്ചീട്ടിൽ പലർക്ക്‌ വായ്‌പ നൽകി. അതും പത്ത്‌ ലക്ഷത്തിലധികം.

പരാതി ഉയർത്തുന്നതിനാൽ ഭരണസമിതി യോഗം കഴിഞ്ഞാണ്‌ അറിയിപ്പ്‌ നൽകുന്നതെന്നും  ബാലകൃഷ്‌ണൻ പറഞ്ഞു.  തിരിച്ചുകിട്ടാത്ത ഒരുകോടി രൂപയുടെ ബിസിനസ്‌ വായ്‌പ സൊസൈറ്റിക്കുണ്ട്‌. കടം തിരിച്ചുപിടിക്കാനുള്ള  നടപടിയെടുക്കാറില്ല. ക്രമവിരുദ്ധ നടപടികളെക്കുറിച്ച്‌ നിരന്തരം പ്രതിഷേധിച്ചപ്പോൾ, താൻ മോശമായി പെരുമാറിയെന്ന്‌ വ്യാജപരാതി നൽകി കുടുക്കാനാണ്‌ സെക്രട്ടറി  ശ്രമിച്ചത്‌.  സൊസൈറ്റിയും  അതിനു നേതൃത്വം നൽകുന്ന ബിജെപി ജില്ലാ ഘടകവും ഇടപാടുകാരെ വഞ്ചിക്കുകയാണെന്നും ബാലകൃഷ്‌ണൻ പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top