ന്യൂഡൽഹി
കൊടകര കുഴൽപ്പണക്കേസ് അനന്തമായി നീട്ടിക്കൊണ്ടുപോകുന്നത് കേന്ദ്ര ഏജൻസികളാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. ബിജെപി തീരുമാനം അക്ഷരംപ്രതി അനുസരിക്കുന്നവരാണ് ഇഡിയും ആദായ നികുതി വകുപ്പും.
വിഷയത്തിൽ സംസ്ഥാന പൊലീസിന് പരിമിതിയുണ്ടെന്നും കേസ് അന്വേഷിക്കേണ്ടത് ഇഡിയാണെന്നും അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. ചാക്കിൽകെട്ടിയ കോടികൾ ബിജെപി ഓഫീസിൽ എത്തിച്ചെന്ന പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ പുനരന്വേഷണം വേണം.
ബിജെപി പ്രതിസ്ഥാനത്തുള്ള കൊടകര കുഴൽപ്പണക്കേസിൽ കോൺഗ്രസ് എന്തുകൊണ്ടാണ് ഇഡിയുടെയും ആദായ നികുതി വകുപ്പിന്റെയും അന്വേഷണം ആവശ്യപ്പെടാത്തതെന്ന് അദ്ദേഹം ചോദിച്ചു. പ്രതിപക്ഷനേതാവ് വി ഡി സതീശനോ കെപിസിസി പ്രസിഡന്റ് കെ സുധാകരനോ അതിന് തയ്യാറാവുന്നില്ല. ഇതേക്കുറിച്ച് മിണ്ടാതെയും വസ്‌തുത പരിശോധിക്കാതെയും സിപിഐ എമ്മിനേയും എൽഡിഎഫ് സർക്കാരിനെയും കടന്നാക്രമിക്കുക മാത്രമാണ് അവർ ചെയ്യുന്നത്. ഇതിൽനിന്നും കോൺഗ്രസ് –-ബിജെപി ഡീൽ വ്യക്തമാണ്.
സന്ദീപ് വാര്യരെ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല. സന്ദീപ് ഉൾപ്പെടെയുള്ള വ്യക്തികൾ ബിജെപിയുമായി തെറ്റിനിൽക്കുന്നു എന്നത് വസ്‌തുതയാണ്. സിപിഐ എം ഇതുവരെ സന്ദീപ് വാര്യരുമായി ബന്ധപ്പെട്ടിട്ടില്ല. എ കെ ബാലനുമായി ചർച്ച നടത്തിയെന്നത് അവാസ്‌തവമാണ്. ഇ പി ജയരാജനെക്കുറിച്ചുള്ള ശോഭാസുരേന്ദ്രന്റെ ആരോപണങ്ങൾക്ക് മറുപടിയർഹിക്കുന്നില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..