വർക്കല > പട്ടികജാതി മോർച്ച ജില്ലാ വൈസ് പ്രസിഡന്റും പ്രവർത്തകരും സിപിഐ എമ്മിനൊപ്പംചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. പട്ടികജാതി മോർച്ച ജില്ലാ വൈസ് പ്രസിഡന്റും കർഷക മോർച്ച പ്രസിഡന്റും കഴിഞ്ഞ ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ചെമ്മരുതി ഡിവിഷനിലെ ബിജെപി സ്ഥാനാർഥിയുമായിരുന്ന ദേവദാസാണ് ചെങ്കൊടിത്തണലിലെത്തിയത്. നേതൃത്വത്തിന്റെ ജനദ്രോഹ നയങ്ങളിലും അഴിമതിയിലും കർഷകരോടും പട്ടികജാതിക്കാരോടുമുള്ള വഞ്ചനാപരമായ നിലപാടിലും പ്രതിഷേധിച്ച് അദ്ദേഹവും പ്രവർത്തകരും ബിജെപി വിടുകയായിരുന്നു.
ദേവദാസിനെക്കൂടാതെ എസ്‌സി മോർച്ച പ്രവർത്തകരായ സജിൻദാസ്, ജയ എന്നിവരും ബിജെപി പ്രവർത്തകരായ സത്യഭാമ, ശശി, സജി തുടങ്ങിയവരുമാണ് സിപിഐ എമ്മിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത്. ബിജെപി പ്രവർത്തകരെയും നേതാക്കളെയും സിപിഐ എം തോക്കാട് ബ്രാഞ്ച് സമ്മേളനത്തിൽ ജില്ലാ സെക്രട്ടറിയറ്റംഗം ആർ രാമു, വി ജോയി എംഎൽഎ എന്നിവർ ചേർന്ന് പാർടി പതാക നൽകി സ്വികരിച്ചു. ഏരിയ കമ്മിറ്റി അംഗങ്ങളായ എ എച്ച് സലിം, കെപി മനിഷ്, ചെമ്മരുതി ലോക്കൽ സെക്രട്ടറി എസ് സന്തോഷ് കുമാർ, അൻസറുദ്ദിൻ, ആർ സൂരജ്, സജീന്ദ്രബാബു എന്നിവർ പങ്കെടുത്തു.
രണ്ട് ദിവസം മുമ്പ് ചെമ്മരുതി പഞ്ചായത്തിൽ മുട്ടപ്പലം - ചാവടിമുക്ക് മണ്ഡലം പ്രസിഡന്റ് ജോഷി, പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിൽ സ്ഥാനാർഥിയായിരുന്ന രവീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള ബിജെപി പ്രവർത്തകർ സിപിഐ എമ്മിൽ ചേർന്നിരുന്നു.
വിളപ്പിൽശാല മേഖലയിൽ വിവിധ രാഷ്ട്രീയ പാർടികളിൽനിന്ന് രാജിവച്ച് സിപിഐ എമ്മുമായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചവർക്ക് സ്വീകരണം നൽകി. നൂലിയോട്, ചൊവ്വള്ളൂർ, വള്ളിമംഗലം ഭാഗങ്ങളിൽനിന്നാണ് ആർഎസ്എസ്, കോൺഗ്രസ്, സിപിഐ ബന്ധം ഉപേക്ഷിച്ച് പ്രവർത്തകർ സിപിഐ എമ്മുമായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത്.
വിളപ്പിൽ പഞ്ചായത്തിൽ ആർഎസ്എസിന്റെ ശാഖാ പ്രവർത്തനത്തിന് തുടക്കം കുറിച്ച മേഖലയാണിത്. മുൻ ശാഖാ ശിക്ഷകും യുവമോർച്ച പഞ്ചായത്ത് മീഡിയ കോ–-ഓർഡിനേറ്ററുമായ നാഹുലിന്റെ നേതൃത്വത്തിൽ ഇരുപതോളം പേരാണ് ആർഎസ്എസ് വിട്ടത്. സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പതാക നൽകി സ്വീകരിച്ചു. വിളപ്പിൽ ഏരിയ സെക്രട്ടറി കെ സുകുമാരൻ, ഏരിയ കമ്മിറ്റി അംഗം ചെറുകോട് മുരുകൻ, വിളപ്പിൽശാല ലോക്കൽ സെക്രട്ടറി പി ഷണ്മുഖം എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..