23 December Monday

ബിജെപി ശ്രമം ജനങ്ങളെ ഭിന്നിപ്പിച്ച്‌ രാഷ്‌ട്രീയ നേട്ടമുണ്ടാക്കൽ: ഡിവൈഎഫ്‌ഐ

വെബ് ഡെസ്‌ക്‌Updated: Monday Nov 11, 2024

തിരുവനന്തപുരം
മുനമ്പം വിഷയത്തിന്റെ പശ്ചാത്തലത്തിൽ ജനങ്ങളെ ഭിന്നിപ്പിച്ച്  രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള സംഘപരിവാർ ശ്രമം അപലപനീയമാണെന്ന്‌ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയറ്റ്‌ പ്രസ്താവനയിൽ പറഞ്ഞു. മുനമ്പത്തെ അറുന്നൂറോളം കുടുംബങ്ങളും വഖഫ് ഭൂമി സംരക്ഷണ സമിതിയും തമ്മിലുള്ള കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്‌.

സങ്കീർണമായ നിയമപ്രശ്നമുള്ള വിഷയത്തിൽ ശ്രദ്ധയോടെയുള്ള ഇടപെടലും പരിഹാരവുമാണ് ആവശ്യം. വൈ­പ്പിനിലെയും മുനമ്പത്തെയും ജനങ്ങളുടെ വീടും സ്വത്തും സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന്‌ സംസ്ഥാന സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. വിഷയം സമാധാനചർച്ചയിലൂടെയും സമവായത്തിലൂടെയുമേ പരിഹരിക്കാനാകൂ.

മുനമ്പം വിഷയം രണ്ട്‌ സമുദായങ്ങൾതമ്മിലുള്ള പ്രശ്നമായി ചിത്രീകരിക്കാനും രാഷ്ട്രീയ മുതലെടുപ്പ് നടത്താനുമാണ് ബിജെപി ശ്രമിക്കുന്നത്. ഇത് ഹീനമാണ്. കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി വഖഫ് ബോർഡിനെ കിരാതമെന്ന് വിശേഷിപ്പിച്ചതും ബിജെപി നേതാവ് ഗോപാലകൃഷ്ണൻ വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുള്ള പ്രസ്താവന നടത്തിയതും സംഘപരിവാറിന്റെ ലക്ഷ്യം വ്യക്തമാക്കുന്നു.

കേന്ദ്ര ആഭ്യന്തരമന്ത്രിയും വർഗീയ ധ്രുവീകരണത്തെ പ്രോത്സാഹിപ്പിക്കുകയാണ്. മതേതരത്വത്തിന്റെയും സൗഹാർദ്ദത്തിന്റെയും വിളനിലമായ കേരളത്തെ വർഗീയമായി വേർതിരിക്കാനും ഭിന്നിപ്പിക്കാനുമുള്ള സംഘപരിവാർ ശ്രമം തിരിച്ചറിഞ്ഞ്‌ ചെറുത്തു തോൽപ്പിക്കണമെന്നും പ്രസ്താവനയിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top