05 November Tuesday

വ്യാജ നിയമന ഉത്തരവ്‌ നൽകി പണം തട്ടി ; ബിജെപി നേതാവിന്റെ വീടിനുമുന്നിൽ 
നിരാഹാരമിരുന്ന്‌ ഹരിദാസും കുടുംബവും

വെബ് ഡെസ്‌ക്‌Updated: Tuesday Sep 17, 2024


ആലപ്പുഴ
വ്യാജ നിയമന ഉത്തരവ്‌ നൽകി പണം തട്ടിയെന്ന്‌ ആരോപിച്ച്‌ തിരുവോണദിനം ബിജെപി നേതാവിന്റെ വീടിന്‌ മുന്നിൽ നിരാഹാരമിരുന്ന്‌ ഓട്ടോഡ്രൈവറും കുടുംബവും. മകൾക്ക്‌ സൗത്ത്‌ ആര്യാട് ലൂഥറൻസ്‌ സ്‌കൂളിൽ ക്ലർക്കായി നിയമനം നൽകാമെന്ന്‌ വിശ്വസിപ്പിച്ച്‌ 2.15 ലക്ഷം തട്ടിയെന്നാണ്‌ മാരാരിക്കുളം വടക്ക്‌ പഞ്ചായത്തിൽ 11 –-ാം വാർഡ്‌ ലക്ഷ്‌മി നിവാസിൽ വി എൻ ഹരിദാസിന്റെ ആരോപണം. ഹരിദാസും കുടുംബവുമാണ്‌ മാരാരിക്കുളത്തെ ബിജെപി നേതാവിന്റെ വീടിന്‌ മുന്നിൽ നിരാഹാരമിരുന്നത്‌. രണ്ട്‌ മണിക്കൂർ സമരത്തിനൊടുവിൽ പൊലീസ്‌ അനുനയിപ്പിച്ചാണ്‌ ബിജെപി അനുഭാവി കൂടിയായ ഇയാളെ മടക്കിഅയച്ചത്‌. വരുംദിവസങ്ങളിലും പട്ടിണി സമരം നടത്തുമെന്ന്‌ ഹരിദാസ്‌ ‘ദേശാഭിമാനി’യോട്‌ പറഞ്ഞു.

ബിജെപി മണ്ഡലം പ്രസിഡന്റ്‌ വിളിച്ച്‌ സമരം മാറ്റിവയ്ക്കണമെന്ന്‌ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പണം മടക്കിനൽകാതെ പിന്മാറില്ലെന്ന നിലപാടിൽ ഉറച്ചുനിന്നു. ഹരിദാസിനെ അറിയില്ലെന്നും സാമ്പത്തിക ഇടപാട്‌ നടത്തിയത്‌ മറ്റൊരാളാണ്‌ എന്നാണ്‌ ബിജെപി നേതാവിന്റെ വാദം. ജില്ലാ പൊലീസ്‌ മേധാവിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഹരിദാസിനേയും ഭാര്യ ഐ പ്രീനയേയും മാരാരിക്കുളം പൊലീസ്‌ സ്‌റ്റേഷനിലേക്ക്‌ വിളിപ്പിച്ച്‌ മൊഴി രേഖപ്പെടുത്തിയിരുന്നു.

2021 ജൂലൈ 10ന്‌ നേതാവ്‌ വീട്ടിലെത്തി അഞ്ച്‌ ലക്ഷം രൂപ ആവശ്യപ്പെട്ടു. എസ്ബിഐ മങ്കൊമ്പ് ശാഖയിൽ സ്വർണം പണയംവച്ച്‌ ആദ്യഗഡുവായി 2,15,000 ലക്ഷം നേതാവ്‌  നിർദേശിച്ച ആലപ്പുഴ ഐസിഐസിഐ ബാങ്കിലെ അക്കൗണ്ടിലേക്ക്‌ അയച്ചുകൊടുത്തു.  ജൂലൈ 16ന്‌ വിദ്യാഭ്യാസ വകുപ്പിന്റേത്‌ എന്നപേരിൽ നിയമന ഉത്തരവ്‌ നേതാവ്‌ വീട്ടിലെത്തി നൽകി. ജോലിയിൽ പ്രവേശിക്കാൻ മകളുമായി സ്‌കൂളിൽ എത്തിയപ്പോഴാണ്‌  ഉത്തരവ്‌ വ്യാജമാണെന്ന്‌ ബോധ്യപ്പെട്ടത്‌. പണം തിരികെ ആവശ്യപ്പെട്ടപ്പോൾ 2,15,000 രൂപയുടെ ചെക്ക് നൽകി. എന്നാൽ തിരുത്തിയ ചെക്കായതിനാൽ ബാങ്കിൽനിന്ന്‌ പണം ലഭിച്ചില്ല. സംഭവത്തിൽ ബിജെപിയുടെ -സംസ്ഥാന, ജില്ലാ നേതൃത്വത്തിന്‌ പരാതി നൽകിയിരുന്നു. എന്നാൽ  നടപടി ഉണ്ടായില്ലെന്നും ഹരിദാസ്‌ പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top