തിരുവനന്തപുരം> കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും ബിജെപി സംസ്ഥാന നേതൃത്വവും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നു. ബിജെപിയുടെ നിലപാടല്ല പലപ്പോഴും സുരേഷ് ഗോപിയുടേത്, തങ്ങളെ വിലകൽപിക്കുന്നില്ല തുടങ്ങിയ പരാതി സംസ്ഥാന നേതൃത്വത്തിനുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനെത്തുടർന്നുളള ആരോപണങ്ങളിൽ സുരേഷ് ഗോപിയുടെ നിലപാടിനെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ പരസ്യമായി തള്ളിയിരുന്നു. കേന്ദ്ര മന്ത്രിയും സിനിമാ നടനുമെന്ന നിലയിൽ അദ്ദേഹം അഭിപ്രായം പറഞ്ഞോട്ടെ, ബിജെപിയുടെ നിലപാട് സംസ്ഥാന പ്രസിഡന്റ് പറയും എന്നായിരുന്നു സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞത്. സുരേഷ് ഗോപിക്കുള്ള സംസ്ഥാന നേതൃത്വത്തിന്റെ മുന്നറിയിപ്പാണിത്. പലകാര്യങ്ങളിലും നേതൃത്വത്തിനും സുരേഷ് ഗോപിക്കുമിടയിൽ തർക്കമുണ്ട്.
മന്ത്രിയായിരിക്കെ സിനിമയിൽ അഭിനയിക്കുമെന്ന പ്രഖ്യാപനം കേന്ദ്ര നേതൃത്വത്തോടുള്ള വെല്ലുവിളിയായാണ് സംസ്ഥാന നേതൃത്വം കാണുന്നത്. ഇത് സംസ്ഥാനത്തിന്റെ ചുമതലയുള്ള കേന്ദ്ര ഭാരവാഹികളെ അറിയിച്ചിട്ടുമുണ്ട്. സിനിമയിൽ അഭിനയിച്ചാൽ വരാനുള്ളത് വഴിയേ വന്നോളും എന്ന മുന്നറിയിപ്പും കെ സുരേന്ദ്രൻ പരസ്യമായി നൽകിയിട്ടുണ്ട്.
ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം താൻ കേന്ദ്ര കാബിനറ്റ് മന്ത്രിയാകും എന്നായിരുന്നു സുരേഷ് ഗോപി കരുതിയിരുന്നത്.
എന്നാൽ ഇതിന് തടയിട്ടത് സംസ്ഥാന നേതൃത്വമാണ്. മാത്രമല്ല, എംപി അല്ലാത്ത ജോർജ് കുര്യനെ കേന്ദ്ര സഹമന്ത്രിയാക്കുക വഴി സുരേഷ് ഗോപിക്കു മാത്രമായി കിട്ടുമായിരുന്ന അംഗീകാരം തടയനും കെ സുരേന്ദ്രൻ–- വി മുരളീധരൻ പക്ഷത്തിനു കഴിഞ്ഞു. അധികാരമില്ലാത്ത സഹമന്ത്രി സ്ഥാനത്തിൽ സുരേഷ് ഗോപി തൃപ്‌തനല്ല. ബിജെപിയിൽ പി കെ കൃഷ്‌ണദാസ്–- എം ടി രമേശ് പക്ഷത്തിനൊപ്പമാണ് സുരേഷ് ഗോപിയെന്നതും സംസ്ഥാന നേതൃത്വത്തെ പ്രകോപിപ്പിക്കുന്നു.
മാധ്യമ പ്രവർത്തകർക്കെതിരെ കൈയേറ്റം സുരേഷ്‌ഗോപിക്കെതിരെ
പൊലീസ് അന്വേഷണം
തൃശൂർ> മാധ്യമ പ്രവർത്തകരെ കൈയേറ്റം ചെയ്തെന്ന പരാതിയിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു. തൃശൂർ എസിപിക്കാണ് അന്വേഷണച്ചുമതല. ഹേമ കമ്മിറ്റി വിഷയത്തിൽ പ്രതികരണം ആരാഞ്ഞ മാധ്യമപ്രവർത്തകരെ ചൊവ്വാഴ്ച രാമനിലയത്തിൽവച്ച് സുരേഷ് ഗോപി തള്ളിമാറ്റുകയും ആക്രോശിക്കുകയും ചെയ്തിരുന്നു. മുൻ എംഎൽഎ അനിൽ അക്കര നൽകിയ പരാതിയിലാണ് അന്വേഷണം. വ്യാഴാഴ്ച രാവിലെ പൊലീസ് അനിൽ അക്കരയുടെ മൊഴി രേഖപ്പെടുത്തിയശേഷം തുടർനടപടി സ്വീകരിക്കും.
മാധ്യമ പ്രവർത്തകർക്കെതിരെ കേസ്
തൃശൂർ > കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പരാതിയിൽ മാധ്യമ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. മീഡിയ വൺ, റിപ്പോർട്ടർ, മനോരമ ന്യൂസ് ചാനൽ റിപ്പോർട്ടർമാർക്കെതിരെയാണ് തൃശൂർ ഈസ്‌റ്റ് പൊലീസ് കേസെടുത്തത്. വഴി തടസ്സപ്പെടുത്തിയെന്നും ഗൺമാന്റെ ഔദ്യോഗിക കൃത്യനിർവഹണം തടഞ്ഞുവെന്നും ആരോപിച്ച് ചൊവ്വ രാത്രിയാണ് ഇ–-മെയിൽ വഴി സുരേഷ് ഗോപി തൃശൂർ സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകിയത്. വിഷയത്തിൽ പൊലീസ് നിയമോപദേശം തേടും.
ആത്മസംയമനം
പാലിക്കണം:
കൊടിക്കുന്നിൽ
തിരുവനന്തപുരം> കേന്ദ്ര സഹമന്ത്രി പദവി വഹിക്കുന്ന സുരേഷ് ഗോപി പൊതുവിഷയങ്ങളിൽ പ്രതികരിക്കുമ്പോൾ ആത്മസംയമനം പാലിക്കണമെന്ന് കെപിസിസി വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എംപി. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘‘സുരേഷ് ഗോപിയുടെ പെരുമാറ്റം സിനിമാ സ്റ്റൈലിലാണ്.- സിനിമാ മേഖലയിലെ ആക്ഷേപങ്ങൾ ആദ്യമല്ല. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കണ്ടെത്തലുകൾ ഞെട്ടിക്കുന്നതാണ്. മുകേഷ് എംഎൽഎ സ്ഥാനത്ത് തുടരണോയെന്ന് തീരുമാനിക്കേണ്ടത് സിപിഐ എമ്മാണ്’’–- കൊടിക്കുന്നിൽ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..