22 November Friday

പടക്കശാലയിലെ സ്‌ഫോടനം; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഉടമ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jul 17, 2024

പാലോട് > നന്ദിയോട് പടക്കശാലയിലുണ്ടായ സ്‌ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പടക്കശാല ഉടമ മരിച്ചു. നന്ദിയോട് ആലമ്പാറ മുരുകാ ഫയർ വർക്സിന്റെ ഉടമ പച്ച പുലിയൂർ ഗിരിജ ഭവനിൽ ഷിബുവാണ് മരിച്ചത്. ശരീരമാസകലം പൊള്ളലോടെ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അപകടം നടക്കുമ്പോൾ ഷിബു മാത്രമാണ് പടക്കശാലയിൽ ഉണ്ടായിരുന്നത്.

ബുധൻ രാവിലെ 10.15നായിരുന്നു നാടിനെ നടുക്കിയ അത്യുഗ്ര സ്ഫോടനം. സ്ഫോടനത്തിന്റെ ശബ്ദം 5 കിലോമീറ്റർ ചുറ്റളവിൽ കേൾക്കാനായി. വിൽപ്പനശാലയുടെ സമീപത്തെ വീട്ടിലെ ഗിരിജ എന്ന സ്ത്രീ ബോധരഹിതയായി വീണു. അഞ്ച്‌ വീടിന്റെ ചുവരുകളിൽ വിള്ളൽ വീണ്‌ ജനൽ ചില്ലുകൾ തകർന്നു. പടക്കശാല ഷെഡിന്റെ ഷട്ടറുകൾ 50 മീറ്ററോളം ദൂരത്തിൽ ചിതറിത്തെറിച്ചിരുന്നു.

 സംഭവസ്ഥലത്തുനിന്ന് ഗന്ധകം, പൊട്ടാസ്യം, വെടിയുപ്പ് എന്നിവ പൊലീസ് കണ്ടെടുത്തു. ഷിബുവിന് നന്ദിയോട് പുലിയൂരിൽ മറ്റൊരു പടക്കശാലയുണ്ട്. ഇവിടെയാണ് പടക്കം നിർമാണം നടക്കുന്നത്. അവിടേയ്ക്ക് ആവശ്യമായ പൊട്ടാസ്യവും ഗന്ധകവും വെടിയുപ്പും ബുധൻ  ഇവിടെ എത്തിച്ചതായും  പുലിയൂരിലേക്ക് കൊണ്ടുപോകേണ്ടിയിരുന്നെന്നും ഷിബുവിന്റെ ഭാര്യ പൊലീസിനോട് പറഞ്ഞു.

സ്ഫോടനം നടന്ന കെട്ടിടത്തിനോട് ചേർന്നുള്ള ഷെഡിന്റെ പണി പൂർത്തിയാക്കിയത്  മൂന്നു ദിവസം മുമ്പാണ്. പാലോട് പൊലീസ്, ഇലക്ട്രിസിറ്റി ബോർഡ് അധികൃതർ തുടങ്ങിയവർ സ്ഥലത്തെത്തി വിശദ പരിശോധന നടത്തി. കൂടുതൽ അന്വേഷണം നടത്തിയാൽ മാത്രമേ സ്ഫോടന കാരണം വ്യക്തമാവുകയുള്ളുവെന്ന്‌ പൊലീസ് പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top