15 November Friday

അനിൽ പ്രചോദനം; ഭാര്യയടക്കം 34 പേർ
ശരീരം വൈദ്യപഠനത്തിന് നൽകും

സ്വന്തം ലേഖികUpdated: Monday Sep 23, 2024


കൊച്ചി
അകാലത്തിൽ പൊലിഞ്ഞ സഹസംവിധായകൻ അനിൽ സേവ്യറിന്റെ പാത പിന്തുടർന്ന്‌ ഭാര്യയും ബന്ധുക്കളും സുഹൃത്തുക്കളുമടക്കം 34 പേർ മരണശേഷം ശരീരം വൈദ്യപഠനത്തിന്‌ കൈമാറാനുള്ള സമ്മതപത്രം കൈമാറി. ആദ്യമായാണ് ഇത്രയധികംപേർ ഒന്നിച്ച് ശരീരം വൈദ്യപഠനത്തിന് നൽകാൻ സമ്മതപത്രം നൽകുന്നത്. എറണാകുളം ഗവ. മെഡിക്കൽ കോളേജ്‌ അനാട്ടമി വിഭാഗം മേധാവി ഡോ. പി കെ ഇന്ദിര, അസോസിയറ്റ് പ്രൊഫസർ സാന്റോ ജോസ് എന്നിവർ ചേർന്ന് സമ്മതപത്രം ഏറ്റുവാങ്ങി.

ഫുട്ബോൾ കളിക്കിടെ ഹൃദയാഘാതമുണ്ടായ അനിൽ സേവ്യർ (39) ആഗസ്‌ത്‌ 27നാണ് മരിച്ചത്‌. ശരീരം വൈദ്യപഠനത്തിന് വിട്ടുനൽകണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹം ബന്ധുക്കൾ നടപ്പാക്കിയിരുന്നു.

പൂമരം, ജാൻ എ മൻ, തല്ലുമാല, മഞ്ഞുമ്മൽ ബോയ്സ് തുടങ്ങിയ ചിത്രങ്ങളുടെ സഹസംവിധായകനായിരുന്നു ശിൽപ്പിയായ അനിൽ സേവ്യർ. അങ്കമാലി പ്രസിഡൻസി ക്ലബ് ഓഡിറ്റോറിയത്തിൽ ഒരുദിവസം നീണ്ട അനിൽസ്മരണയിൽ നിരവധിപേർ പങ്കെടുത്തു. ഹൈദരാബാദ്‌ കേന്ദ്ര സർവകലാശാല വിദ്യാർഥിയായിരിക്കെ ജാതിവിവേചനത്തിന്റെ പേരിൽ ആത്മഹത്യ ചെയ്‌ത രോഹിത് വെമുലയുടെ അമ്മ രാധിക വെമുല മുഖ്യാതിഥിയായി. രോഹിത് വെമുലയുടെ സമര സ്മാരകശിൽപ്പം സർവകലാശാല ക്യാമ്പസിൽ നിർമിച്ചത് അനിലായിരുന്നു. അനിലും ഭാര്യ അനുപമയും രോഹിത് വെമുലയും അവിടെ സഹപാഠികളായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top