22 December Sunday

പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

വെബ് ഡെസ്‌ക്‌Updated: Wednesday Nov 20, 2024

തേഞ്ഞിപ്പലം> മീൻ പിടിക്കുന്നതിനിടെ പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മാതാപുഴ കടവിലെ കടലുണ്ടി പുഴയിൽ മീൻ പിടിക്കാൻ തോണിയിൽ പോയ തേഞ്ഞിപ്പലം മാതാപ്പുഴ നെടിയ കാഞ്ഞിരത്തിങ്ങൽ ഷനു കാട്ടുങ്ങലിൻ്റെ (33) മൃതദേഹമാണ് കണ്ടെത്തിയത്. ഒരു ദിവസം നീണ്ടു നിന്ന തിരച്ചിലിനൊടുവിൽ ബുധനാഴ്ച പുലർച്ചെ 12.30 ഓടെയാണ് മൃതദേഹം കിട്ടിയത്.

മാതാപ്പുഴ പാലത്തിനടിയിൽ നിന്നും ട്രോമാകെയർ വളണ്ടിയർമാരാണ് മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച വൈകിട്ട് ഏഴോടെയാണ് വീട്ടിൽ നിന്നും ഷനു പോയത്. രാത്രി 11 വരെ പുഴയിൽ മീൻ പിടിക്കുന്നതായി നാട്ടുകാരിൽ ചിലർ കണ്ടിരുന്നു. ചൊവ്വാഴ്ച രാവിലെ തിരിച്ചെത്താത്തിനാൽ അന്വേഷിക്കുകയായിരുന്നു. ഷനുവിൻ്റെ ഇരുചക്രവാഹനം മാതാപ്പുഴയിൽ നിർത്തിയിട്ട നിലയിലായിരുന്നു. വിവരമറിയിച്ചതിനെ തുടർന്ന് പോലീസും ഫയർഫോഴ്സും സ്കൂബാ ടീമുമെത്തി നാട്ടുകാരോടും ട്രോമാകെയർ പ്രവർത്തകരോടുമൊപ്പം തിരച്ചിൽ നടത്തിയിരുന്നു.

കടവിൽ നിന്നും ഒരു കിലോമീറ്ററിനുള്ളിൽ ഷനുവിൻ്റെ തോണി കണ്ടെത്തി. ഇതിൽ ഒരു വലയും മറ്റൊന്ന് പുഴയിലേക്ക് ഇട്ട നിലയിലുമായിരുന്നു. കുറച്ച് മീനും തോണിയിലുണ്ട്. വെളിച്ച പ്രശ്നം കാരണം രാത്രിയോടെ ഫയർഫോഴ്സും പോലീസും തിരച്ചിൽ നിർത്തിയിരുന്നു. മൃതദേഹം രാത്രി തന്നെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. അച്ഛൻ: അപ്പുട്ടി. അമ്മ: സത്യ. സഹോദരൻ: ഷനിൽ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top