22 December Sunday
ഉപകരണം നിർമിച്ചത്‌ എൽബിഎസ് എൻജിനീയറിങ്‌ കോളേജ്‌ വിദ്യാർഥികൾ

കുഴൽക്കിണറിൽപെടുന്ന കുട്ടികളെ രക്ഷിക്കാൻ റോവർ റെഡി

രജിത്‌ കാടകംUpdated: Monday Jul 22, 2024

എൽബിഎസ് വിദ്യാർഥികൾ വികസിപ്പിച്ചെടുത്ത ഉപകരണം

പൊവ്വൽ> കുഴൽക്കിണറിൽ അപകടത്തിൽപെട്ടാൽ കുട്ടികളെ രക്ഷിക്കാനുള്ള പുതിയ ഉപകരണവുമായി ടീം എൽബിഎസ്. ബോർവെൽ സർവൈലൻസ് ആൻഡ് റെസ്ക്യൂ വിങ് റോവർ' എന്ന പുതിയ റോവറാണ്‌ എൽബിഎസ് എൻജിനീയറിങ്‌ കോളേജിലെ വിദ്യാർഥികൾ രൂപകൽപന ചെയ്തു.

അപകടം നടന്ന കുഴൽ കിണറിനുള്ളിലേക്ക് ഒരു മോട്ടോറിന്റെ സഹായത്തോടെ റോവറിനെ കടത്തിവിടുകയും ഇതിൽ ഘടിപ്പിച്ച പൈ ക്യാമറ, ടെമ്പറേച്ചർ സെൻസർ, ഗ്യാസ് സെൻസർ, അൾട്രാസോണിക് സെൻസർ എന്നിവ വഴി  കിണറിന്റെ താപനില, കുഴലിനുള്ളിലെ വ്യത്യസ്‌ത വാതകങ്ങൾ, എത്ര ആഴത്തിലാണ് കുട്ടിയുള്ളത് എന്നീ വിവരങ്ങൾ കംപ്യൂട്ടറിലൂടെയോ, മൊബൈൽ ഫോണിലൂടെയോ മനസ്സിലാക്കാം.  

രക്ഷാപ്രവർത്തകർക്ക് കുട്ടിയുമായി മൈക്കിലൂടെ ബന്ധപ്പെടാനും കഴിയും. റോവറിന്റെ സഹായത്തോടെ ഒരു പ്ലാറ്റ്ഫോം കുട്ടി കുടുങ്ങിക്കിടക്കുന്നതിന്റെ അടിയിൽ എത്തിക്കുകയും പ്ലാറ്റ്ഫോം വികസിപ്പിച്ച് കുട്ടിയുടെ സുരക്ഷിതത്വം ഉറപ്പാക്കിയ  ശേഷം കൃത്രിമ കരം ഉപയോഗിച്ച് രക്ഷാപ്രവർത്തകർ  മുകളിലേക്ക്‌ വലിച്ചെടുത്ത് രക്ഷിക്കുകയുംചെയ്യും.  ജീവൻ രക്ഷാ ദൗത്യത്തിന് പുതിയ ഉപകരണം തയ്യാറാക്കിയ  കോളേജിലെ വിദ്യാർഥികൾക്ക് സാങ്കേതിക സർവകലാശാല തുകയും അനുവദിച്ചു.

എ പി ജെ അബ്‌ദുൾ കലാം സാങ്കേതിക സർവകലാശാലയുടെ സെന്റർ ഫോർ എൻജിനീയറിങ്‌ റിസർച്ച് ആൻഡ് ഡവലപ്മെന്റ്‌ വിഭാഗമാണ് നൂതന കണ്ടുപിടിത്തത്തിന് പ്രോത്സാഹനം നൽകുന്നത്. കോളേജിലെ ഇലക്ട്രോണിക്‌സ് ആൻഡ്‌ കമ്യൂണിക്കേഷൻ എൻജിനീയറിങ്‌ വിഭാഗത്തിലെ പി ദശരഥ് നാരായണൻ, മഹിമ പങ്കജാക്ഷൻ, സി ഷൈന, ശ്രദ്ധ ബാബു എന്നിവരാണ് ടീം അംഗങ്ങൾ. റോവർ പ്രോജക്ടിന് അധ്യാപകൻ ഡോ. പി എസ് ബൈജുവാണ്  നേതൃത്വം നൽകിയത്‌.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top