03 October Thursday

ബ്രഹ്മപുരം സിബിജി പ്ലാന്റിന്‌ 
പ്രധാനമന്ത്രി കല്ലിട്ടു

വെബ് ഡെസ്‌ക്‌Updated: Thursday Oct 3, 2024

ബ്രഹ്മപുരത്ത്‌ കൊച്ചി റിഫൈനറി സ്ഥാപിക്കുന്ന കംപ്രസ്‌ഡ്‌ ബയോഗ്യാസ്‌ (സിബിജി) പ്ലാന്റിന്റെ കല്ലിടലിനോട്‌ 
അനുബന്ധിച്ച്‌ സംഘടിപ്പിച്ച ചടങ്ങ്‌ വ്യവസായമന്ത്രി പി രാജീവ്‌ ഉദ്‌ഘാടനം ചെയ്യുന്നു



കൊച്ചി
കൊച്ചി കോർപറേഷനുവേണ്ടി ബ്രഹ്മപുരത്ത്‌ കൊച്ചി റിഫൈനറി സ്ഥാപിക്കുന്ന കംപ്രസ്‌ഡ്‌ ബയോഗ്യാസ്‌ (സിബിജി) പ്ലാന്റിന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി കല്ലിട്ടു. സ്വഛഭാരത്‌ ദിനാചരണ പരിപാടികളുടെ ഭാഗമായി ഡൽഹിയിലെ വിജ്ഞാൻഭവനിൽ നടന്ന ചടങ്ങിലാണ്‌ കല്ലിടൽ നിർവഹിച്ചത്‌. ഇതോടനുബന്ധിച്ച്‌ ബ്രഹ്മപുരത്ത്‌ സംഘടിപ്പിച്ച ചടങ്ങ്‌ വ്യവസായമന്ത്രി പി രാജീവ്‌ ഉദ്‌ഘാടനം ചെയ്‌തു.

ബ്രഹ്മപുരം മാലിന്യസംസ്‌കരണ പ്ലാന്റിലുണ്ടായ തീപിടിത്തത്തെ തുടർന്നാണ്‌ ഇവിടെ ഭക്ഷ്യമാലിന്യം സംസ്‌കരിച്ച്‌ കംപ്രസ്‌ഡ്‌ ബയോഗ്യാസ്‌ ഉൽപ്പാദിപ്പിക്കുന്ന പ്ലാന്റ്‌ സ്ഥാപിക്കാൻ കൊച്ചി റിഫൈനറി തീരുമാനിച്ചത്‌. സംസ്ഥാന സർക്കാരുമായി ചേർന്ന്‌ നടപ്പാക്കുന്ന പദ്ധതിക്ക്‌ ബ്രഹ്മപുരം മാലിന്യ പ്ലാന്റിനോടുചേർന്ന്‌ പത്തേക്കർ ഭൂമി കൊച്ചി കോർപറേഷൻ നൽകി. അവിടെ നിലമൊരുക്കൽ ഉൾപ്പെടെ പ്രഥമിക ജോലികൾ പൂർത്തിയാക്കിയാണ്‌ പ്ലാന്റ്‌ നിർമാണത്തിന്‌ കല്ലിട്ടത്‌.

ദിവസം 150 ടൺ ഭക്ഷ്യമാലിന്യമാണ്‌ തുടക്കത്തിൽ പ്ലാന്റിൽ സംസ്‌കരിക്കുക. സിഇഐഡി കൺസൾട്ടന്റ്‌സ്‌ ആൻഡ്‌ എൻജിനിയറിങ്ങിനാണ്‌ നിർമാണച്ചുമതല. ഫെഡോ ആണ്‌ കൺസൾട്ടന്റ്‌. 80 കോടി ചെലവ്‌ പ്രതീക്ഷിക്കുന്ന പ്ലാന്റ്‌ നിർമാണം 2025 മാർച്ചോടെ പൂർത്തിയാക്കാനാണ്‌ ലക്ഷ്യമിടുന്നത്‌. ബ്രഹ്മപുരത്ത്‌ സംഘടിപ്പിച്ച ചടങ്ങിൽ മേയർ എം അനിൽകുമാർ, കലക്‌ടർ എൻ എസ്‌ കെ ഉമേഷ്‌, ബിപിസിഎൽ എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടർ എം ശങ്കർ, കൊച്ചി കോർപറേഷൻ ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ ടി കെ അഷറഫ്‌, ജില്ലാപഞ്ചായത്ത്‌ അംഗം ലിസി അലക്‌സ്‌ തുടങ്ങിയവർ പങ്കെടുത്തു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top