22 November Friday

മാലിന്യസംസ്‌കരണത്തിന്‌ പവർ കൂടും ; ഉയരുന്നു 
പുതിയ 
പ്ലാന്റുകൾ

ജെയ്‌സൻ ഫ്രാൻസിസ്‌Updated: Thursday Aug 15, 2024

സിബിജി പ്ലാന്റിനായി ബ്രഹ്മപുരത്ത് നിലമൊരുക്കുന്നു


മാലിന്യസംസ്‌കരണരംഗത്ത്‌ കരുത്ത്‌ കൂട്ടുകയാണ്‌ കൊച്ചി. ബ്രഹ്മപുരത്ത്‌ പ്രവർത്തനം തുടങ്ങിയ ബിഎസ്‌എഫ്‌ പ്ലാന്റുകൾക്കുപുറമെ ജൈവമാലിന്യം ബയോഗ്യാസാക്കുന്ന ബിപിസിഎല്ലിന്റെ സിബിജി പ്ലാന്റും വിൻഡ്രോ കമ്പോസ്റ്റ്‌ പ്ലാന്റും സജ്ജമാകുന്നതോടെ ജൈവമാലിന്യ സംസ്‌കരണശേഷി 300 ടണ്ണാകും. ഇതിനുപുറമെ നാപ്‌കിൻ–-ഡയപ്പർ ഇൻസിനറേറ്ററും എഫ്‌എസ്‌ടിപിയും (ഫെകൽ സ്ലഡ്‌ജ്‌ ട്രീറ്റ്‌മെന്റ്‌ പ്ലാന്റ്‌) ബ്രഹ്മപുരത്ത്‌ നിർമിക്കുന്നുണ്ട്‌. സംസ്ഥാന സർക്കാരുമായി സഹകരിച്ചാണ്‌ 150 ടൺ ശേഷിയുള്ള സിബിജി പ്ലാന്റ്‌ നിർമാണം ആരംഭിച്ചിട്ടുള്ളത്‌. പ്ലാന്റിനുള്ള ഭൂമി ഒരുക്കലും കോൺക്രീറ്റിങ്ങും പുരോഗമിക്കുന്നു.

75 ടൺ ശേഷിയുള്ള രണ്ടു ടാങ്കുകളാണ്‌ പ്ലാന്റിലുണ്ടാകുക. ഇതിന്റെ നിർമാണം തുടങ്ങി.  വേർതിരിച്ചെടുക്കുന്ന മാലിന്യം ഈ ടാങ്കുകളിലാണ്‌ സൂക്ഷിക്കുക. മാലിന്യം വേർതിരിക്കാനും ഖരമാലിന്യം ഒഴിവാക്കാനുമുള്ള യന്ത്രങ്ങളുണ്ടാകും. കാർബൺഡൈ ഓക്‌സൈഡ്‌, ഹൈഡ്രജൻ സൾഫൈഡ്‌ വാതകങ്ങൾ വേർതിരിച്ച്‌ സംഭരിക്കുന്ന ബയോഗ്യാസ്‌ കംപ്രസ്‌ ചെയ്‌ത്‌ പ്രത്യേക പൈപ്പ്‌ലൈൻവഴി ബിപിസിഎല്ലിലേക്ക്‌ കൊണ്ടുപോകും. ദിവസവും 5.6 ടൺ ബയോഗ്യാസും 28 ടൺ വളവും ഉൽപ്പാദിപ്പിക്കാനാകും. ജൈവമാലിന്യത്തിനുപുറമെ 1.5 മെഗാവാട്ട്‌ വൈദ്യുതിയും പത്തു കിലോലിറ്റർ വെള്ളവും പ്ലാന്റിന്‌ ആവശ്യമാണ്‌. വൈദ്യുതിബിൽ തുകയും ബിപിസിഎൽ നൽകും. 2025 ജൂണോടെ പ്രവർത്തനം തുടങ്ങാനാണ്‌ ലക്ഷ്യമിടുന്നത്‌. പത്ത്‌ ഏക്കർ ഭൂമി പ്ലാന്റിനായി കോർപറേഷൻ അനുവദിച്ചു. അനുമതികളും അതിവേഗം നൽകി. 73 കോടിയാണ്‌ ചെലവ്‌.

ബയോമൈനിങ്‌ പൂർത്തിയാകുന്നതോടെ 50 ടൺ ശേഷിയുള്ള വിൻഡ്രോ കമ്പോസ്റ്റ്‌ പ്ലാന്റ്‌ നിർമിക്കും. ജൈവമാലിന്യമാണ്‌ സംസ്‌കരിക്കുക. നാപ്‌കിൻ, ഡയപ്പർ ഇൻസിനറേറ്ററിന്റെ നിർമാണം പകുതിയിലേറെ പൂർത്തിയായി. മൂന്നു ടണ്ണാണ്‌ ശേഷി. മൂന്നരക്കോടി രൂപ ചെലവിലാണ്‌ നിർമാണം. നിലവിൽ ശുചിത്വ മിഷൻ അംഗീകരിച്ച രണ്ട്‌ ഏജൻസികളാണ്‌ വീടുകളിൽനിന്ന്‌ ഡയപ്പറും നാപ്‌കിനും ശേഖരിക്കുന്നത്‌. സെപ്‌റ്റേജ്‌ മാലിന്യസംസ്‌കരണത്തിനായി രണ്ടാമത്തെ എഫ്‌എസ്‌ടിപിയും സ്ഥാപിക്കും. ഇതിന്‌ ഒരു എംഎൽഡി ശേഷിയുണ്ട്‌. മാതൃകാപരമായ വികേന്ദ്രീകൃത മാലിന്യശേഖരണ, സംസ്‌കരണരീതിയും കോർപറേഷൻ മികച്ച രീതിയിൽ നടപ്പാക്കി. ജനങ്ങളും ജനപ്രതിനിധികളും അതേറ്റെടുത്തിട്ടുണ്ട്‌. അതേക്കുറിച്ച്‌ നാളെ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top