22 November Friday

ഇതാ, കൊച്ചിയുടെ വിജയമാതൃക

ജെയ്‌സൻ ഫ്രാൻസിസ്‌Updated: Saturday Aug 17, 2024


മാലിന്യം ഉൽപ്പാദനവും സംസ്‌കരണവുമായി ബന്ധപ്പെട്ട്‌ പിന്തുടർന്നുവന്ന പരമ്പരാഗത രീതികളിലും ധാരണകളിലും വലിയ പൊളിച്ചെഴുത്താണ്‌ കുറഞ്ഞ കാലത്തിനിടെ കൊച്ചിയിലുണ്ടായത്‌. മാലിന്യം എവിടെയും അലക്ഷ്യമായി വലിച്ചെറിയാനുള്ളതല്ലെന്ന ബോധ്യമാണ്‌ അതിലൊന്നാമത്തേത്‌. മാലിന്യം ഉൽപ്പാദനത്തിലെന്നപോലെ സംസ്‌കരണത്തിലും ഓരോരുത്തർക്കും ഉത്തരവാദിത്വമുണ്ടെന്ന പൊതുധാരണയും സൃഷ്‌ടിക്കപ്പെട്ടു.

നഗരമാലിന്യം മുഴുവൻ ബ്രഹ്മപുരത്ത്‌ കൊണ്ടുപോയി സംസ്‌കരിക്കുന്നതിനുപകരം ഉറവിടത്തിൽത്തന്നെ സംസ്‌കരിക്കുന്ന പദ്ധതിക്കാണ്‌ ഈ കൗൺസിൽ പ്രാധാന്യം നൽകിയത്‌. മാലിന്യം മുഴുവൻ ലോറിയിൽ കയറ്റി ബ്രഹ്മപുരത്തെത്തിക്കൽമാത്രമാണ്‌ അതിനുമുമ്പുള്ള പത്തുവർഷവും നടന്നത്‌. ശാസ്‌ത്രീയ സംസ്‌കരണമില്ലാതെ ഏക്കറുകളോളം കൂമ്പാരമായ ആ മാലിന്യമലകളാണ്‌ പിന്നീട്‌ ദിവസങ്ങളോളം പുകഞ്ഞുകത്തിയത്‌. അതൊക്കെ ഇപ്പോൾ പഴങ്കഥ. വീടുതോറും മാലിന്യം വേർതിരിച്ച്‌ സംഭരിക്കുന്നു.  ജൈവമാലിന്യം അവിടെത്തന്നെ സംസ്‌കരിക്കുന്നു. ഡിവിഷൻതോറും കേന്ദ്രീകൃത സംസ്‌കരണികളും പ്രവർത്തിക്കുന്നു. കൊച്ചിയിൽ വ്യാപകമായ അത്തരം വിജയമാതൃകകളിൽ ചിലത്‌ ചുവടെ.

മണപ്പാട്ടിപ്പറമ്പിലെ 
ഓർഗാനിക്‌ വേസ്റ്റ്‌ കമ്പോസ്റ്റർ 
പ്ലാന്റ്‌
ദിവസം ഒരുടൺ ജൈവമാലിന്യം ഇതിൽ സംസ്‌കരിക്കാം. ശരാശരി 1000 വീടുകളിലെ ഭക്ഷണമാലിന്യം സംസ്‌കരിച്ച്‌ ജൈവവളമാക്കാനാകും. ചകിരിച്ചോറും ഇനോക്കുലവും അറക്കപ്പൊടിയും ചേർത്തിളക്കുന്ന 30–-40 കിലോ മാലിന്യം 15 മിനിറ്റിനുള്ളിൽ സംസ്‌കരിച്ച്‌ വളമാക്കും.

ഗുഡ്‌ബൈ 
ബ്രഹ്മപുരം
തുമ്പൂർമുഴിയുടെ മാതൃകയിൽ നടത്തിയ ഇടപെടലുകളുടെ വിജയമാണ്‌ കുന്നുംപുറം ഡിവിഷനിൽ  കൗൺസിലർ അംബിക സുദർശനന്റേത്‌. വീടുകളിലെ ജൈവമാലിന്യം 20 ബോക്സുകളിൽ സംഭരിച്ചാണ്‌ സംസ്‌കരണം. വടക്കുംഭാഗം സഹകരണ ബാങ്ക്‌ സാമ്പത്തികസഹായം നൽകി. മാലിന്യം വളമാക്കി വിൽക്കുന്നു. പാടിവട്ടം ഡിവിഷനിലും ഹീൽബോക്‌സ്‌ മാലിന്യസംസ്‌കരണം നടപ്പാക്കി. പള്ളുരുത്തി കടേഭാഗം ഡിവിഷനിലും ഇതേമാതൃക പ്രവർത്തിക്കുന്നു.

സ്‌മാർട്ടാണ്‌, 
വേറെ ലെവലാണ്‌
പൊന്നുരുന്നി ഈസ്റ്റ്‌ ഡിവിഷനിലെ ജൈവമാലിന്യ സംസ്‌കരണം വേറെ ലെവലാണ്‌. മാലിന്യശേഖരണം ഉറപ്പാക്കാൻ മുഴുവൻ വീടുകളിലും ക്യുആർ കോഡ്‌ സ്ഥാപിച്ചു. യൂസർഫീ ശേഖരണവും മൈ കൊച്ചി ആപ്പ്‌ മുഖേന ഡിജിറ്റലാക്കി. ഹരിതകർമസേനവഴി ശേഖരിക്കുന്ന ജൈവമാലിന്യം കൗൺസിലർ ആവിഷ്‌കരിച്ച കാർഷികപദ്ധതിക്ക്‌ ‘വളമാവുകയാണ്‌’. കാടുപിടിച്ചുകിടന്ന സ്ഥലങ്ങൾ കണ്ടെത്തി കൃഷിയിറക്കുന്ന പദ്ധതിയാണ്‌ നടപ്പാക്കിയത്‌.

മേയർ പറഞ്ഞു, 
വീട്ടിൽനിന്ന്‌ 
തുടങ്ങാം
‘വീട്ടിൽനിന്ന്‌ തുടങ്ങണം’–- മാലിന്യസംസ്‌കരണം ചർച്ചകളിലെ തന്റെ സ്ഥിരം പല്ലവി സ്വയം മാതൃകയാക്കി കാണിച്ചുകൊടുക്കുകയാണ്‌ മേയർ എം അനിൽകുമാർ. മൺചട്ടിയിലാണ്‌ മാലിന്യസംസ്‌കരണം. മാലിന്യമിട്ട്‌ ഇനോക്കുലം ഉപയോഗിക്കും. ദിവസങ്ങൾക്കകം വളമാകുമ്പോൾ ടെറസിലെ പച്ചക്കറിക്കൃഷിക്ക്‌ ഇടും.

മേയർ എം അനിൽകുമാറിന്റെ വീടിന്റെ മട്ടുപ്പാവിലെ കൃഷി

മേയർ എം അനിൽകുമാറിന്റെ വീടിന്റെ മട്ടുപ്പാവിലെ കൃഷി


 

സുന്ദരമാകുന്ന 
‘കുപ്പത്തൊട്ടികൾ’
കുപ്പത്തൊട്ടികളായിരുന്ന പൊതു ഇടങ്ങളും മാറുകയാണ്‌. വെണ്ണല അർക്കക്കടവ് പാലത്തിനുസമീപത്തെ സ്ഥലം ശുചീകരിച്ച് പൂച്ചെടികളും ഫലവൃക്ഷത്തൈകളും നട്ടാണ് സ്നേഹാരാമം ഒരുക്കിയത്‌. നാല്‌ അതിരിലും ഫെൻസിങ്ങും സ്ഥാപിച്ചു. ഇവിടേക്ക്‌ ആരുമിപ്പോൾ മാലിന്യമെറിയുന്നില്ല. വടുതല ഡിവിഷനിലെ കായൽക്കര ഇരിപ്പിടകേന്ദ്രവും ഇതുപോലൊരു കാഴ്‌ചയാണ്‌. മാലിന്യപ്രശ്‌നം പരിഹരിക്കാനുള്ള നിരവധി ഇടപെടലുകളാണ്‌ കോർപറേഷൻ സ്വീകരിക്കുന്നത്‌. അതേക്കുറിച്ച്‌ നാളെ...


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top