തിരുവനന്തപുരം> ബ്രഹ്‌മപുരം ഡീസൽ പ്ലാന്റ് അഴിമതിക്കേസിൽ മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ സി വി പത്മരാജൻ ഉൾപ്പെടെയുള്ള 14 പ്രതികളുടെ വിടുതൽ ഹർജി വിജിലൻസ് കോടതി തള്ളി. പ്രതികൾക്ക് കോടതി നോട്ടീസ് അയച്ചു. കേസിൽ അഞ്ചാം പ്രതിയാണ് സി വി പത്മരാജൻ. മുൻ കെഎസ്ഇബി ചെയർമാൻ ഉൾപ്പെടെ കേസിൽ പ്രതികളാണ്.
1991ലെ യുഡിഎഫ് മന്ത്രിസഭയുടെ കാലത്ത് ബ്രഹ്മപുരം ഡീസൽ പവർ പ്ലാന്റിലേക്ക് ഫ്രഞ്ച് കമ്പനിയായ എസ്ഇഎംടി പീൽസ്റ്റിക്കിൽനിന്ന് ഉയർന്ന വിലയ്ക്ക് നാല് ഡീസൽ ജനറേറ്ററുകൾ വാങ്ങിയതിലാണ് അഴിമതി കണ്ടെത്തിയത്. പാരമ്പര്യ ഊർജപദ്ധതികൾ സ്ഥാപിക്കാനുള്ള സർക്കാർതീരുമാനം മറയാക്കി കെഎസ്ഇബി ചെയർമാനായിരുന്ന ആർ നാരായണൻ, സർക്കാർ അനുമതിയില്ലാതെ ഫ്രാൻസിലെത്തിയാണ് കരാർ ഒപ്പിട്ടത്. സർക്കാർ അനുമതിയില്ലാത്ത കരാറിന് പിന്നീട് മന്ത്രി സി വി പത്മരാജൻ അനുമതി നൽകി.
1993 ഡിസംബർ 14ന് ഒപ്പിട്ട കരാർമൂലം ഖജനാവിന് അഞ്ചരകോടിയിലധികം രൂപയുടെ നഷ്ടം സംഭവിച്ചുവെന്നാണ് വിജിലൻസ് കണ്ടെത്തിയത്. ഈ ജനറേറ്ററുകൾ സ്ഥാപിക്കുന്നതിൽ 1.39 കോടി രൂപയുടെ അഴിമതിയും തുടരന്വേഷണത്തിൽ കണ്ടെത്തി. 1999ൽ എൽഡിഎഫ് സർക്കാരിന്റെ കാലത്താണ് കേസ് രജിസ്റ്റർചെയ്തത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..