21 November Thursday

കേന്ദ്ര അനാസ്ഥ : നഴ്‌സിങ് ഫലം വൈകുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Jul 25, 2024


തൃശൂർ
കേരള ആരോഗ്യ സർവകലാശാലയ്‌ക്ക്‌ കീഴിലുള്ള ഏതാനും സർക്കാർ, -സ്വകാര്യ കോളേജുകളിലെ ഒന്നാം സെമസ്‌റ്റർ ബിഎസ്‌സി നഴ്‌സിങ് ഫലം വൈകിയതിനുകാരണം കേന്ദ്ര സർക്കാർ അനാസ്ഥ. വിദ്യാർഥികളുടെ രജിസ്‌ട്രേഷനും കോളേജുകൾക്ക്‌  ഇന്ത്യൻ നഴ്‌സിങ് കൗൺസിൽ അംഗീകാരം വൈകിച്ചതുമാണ്‌ കാരണം. അംഗീകാരം ലഭിക്കുന്ന മുറയ്‌ക്കേ ഫലം പുറത്തുവിടാനാകുമെന്ന്‌ കേരള ആരോഗ്യ സർവകലാശാല അധികൃതർ അറിയിച്ചു.

2023–-24ൽ ആരംഭിച്ച പുതിയ നഴ്‌സിങ് കോളേജുകളിൽ കേരള ആരോഗ്യ സർവകലാശാല പരിശോധന പൂർത്തിയാക്കി താൽക്കാലിക അംഗീകാരം നൽകിയിരുന്നു. ഇന്ത്യൻ നഴ്‌സിങ് കൗൺസിൽ പരിശോധന പൂർത്തിയാക്കി അംഗീകാരം ലഭിക്കുന്ന മുറയ്‌ക്കേ ഔദ്യോഗിക അംഗീകാരമാകൂ എന്ന നിബന്ധനയോടെയാണ്‌ കോളേജുകൾ അനുവദിച്ചത്‌. കോഴ്‌സ്‌ ആരംഭിച്ച്‌ പ്രവേശനം നടത്തി.

കേന്ദ്ര അംഗീകാരം ലഭിക്കുമെന്ന വിശ്വാസത്തിൽ വിദ്യാർഥികൾക്ക്‌ താൽക്കാലിക നമ്പർനൽകി ഒന്നാം സെമസ്‌റ്റർ പരീക്ഷ എഴുതാൻ സർവകലാശാല അനുവദിച്ചു. പക്ഷെ ഇന്ത്യൻ നഴ്‌സിങ് കൗൺസിൽ കോളേജുകൾക്ക്‌ അംഗീകാരം നൽകാൻ വൈകി. ഏപ്രിലിൽ നടത്തിയ ഒന്നാം സെമസ്‌റ്റർ പരീക്ഷയുടെ ഫലം ജൂലൈ 17നാണ് പ്രസിദ്ധീകരിച്ചത്‌. വിദ്യാർഥികളെ ഔദ്യോഗികമായി രജിസ്‌റ്റർ ചെയ്യാത്തതിനാൽ 24 കോളേജുകളിലായി 1369 പേരുടെ ഫലം പുറത്തുവിട്ടില്ല.  അടിയന്തരമായി ഐഎൻസി അംഗീകാരം വാങ്ങാൻ കോളേജുകളോട്‌ നിർദേശിച്ചതായി വൈസ്‌ ചാൻസലർ ഡോ. മോഹൻ കുന്നുമ്മൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top