21 December Saturday

ബിഎസ്‌എൻഎൽ ഉപഭോക്താക്കളുടെ എണ്ണത്തിൽ വൻ വർധന

ശ്രീരാജ്‌ ഓണക്കൂർUpdated: Thursday Aug 8, 2024


കൊച്ചി
സ്വകാര്യ ടെലികോം ഓപറേറ്റർമാർ നിരക്ക്‌ കുത്തനെ ഉയർത്തിയതോടെ ബിഎസ്‌എൻഎൽ ഉപഭോക്താക്കളുടെ എണ്ണത്തിൽ വൻ വർധന. ജൂലൈയിലെ കണക്കുപ്രകാരം കേരളത്തിൽ 91,479 പുതിയ ഉപഭോക്താക്കളുണ്ട്‌. ഇതിൽ 34,466 പേർ മറ്റ്‌ ടെലികോം ഓപറേറ്റർമാരിൽനിന്ന്‌ പോർട്ടുചെയ്‌ത്‌ എത്തിയവരാണ്‌. ബുധൻവരെയുള്ള കണക്കുപ്രകാരം ആഗസ്‌തിൽ മാത്രം 29,511 പേർ ബിഎസ്‌എൻഎൽ സിം വാങ്ങി. ഇതിൽ 13,858 പേർ പോർട്ടുചെയ്‌ത്‌ എത്തിയവരാണ്‌. മറ്റ്‌ ടെലികോം ഓപറേറ്റർമാരിൽനിന്ന്‌ ദിവസവും ശരാശരി മൂവായിരത്തോളം പേർ ബിഎസ്‌എൻഎല്ലിലേക്ക്‌ മാറുന്നുണ്ടെന്ന്‌ മാർക്കറ്റിങ്‌ പ്രിൻസിപ്പൽ ജനറൽ മാനേജർ കെ സാജു ജോർജ്‌ പറഞ്ഞു.

ഉപഭോക്താക്കളുടെ എണ്ണം വർധിച്ചതോടെ നെറ്റ്‌വർക്ക്‌ ശേഷിയും വേഗവും വർധിപ്പിക്കാനുള്ള സംവിധാനങ്ങൾ ബിഎസ്‌എൻഎൽ കൂടുതലായി ഒരുക്കുകയാണ്‌. കൂടുതൽ പ്രദേശത്തേക്ക്‌ നെറ്റ്‌വർക്ക്‌ വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്‌. സംസ്ഥാനത്തെ 1500 മൊബൈൽ ടവറുകളിൽ 4ജി നെറ്റ്‌വർക്കിനുള്ള ഉപകരണങ്ങൾ സ്ഥാപിച്ചു. 5ജി നെറ്റ്‌വർക്കിലേക്ക്‌ മാറാൻ സാധിക്കുന്ന രീതിയിലുള്ള ഉപകരണങ്ങളാണിത്‌. ഒക്‌ടോബറിനുള്ളിൽ 4ജി ടവർ 5000 ആക്കും. ഡിസംബറിനുള്ളിൽ അത്‌ 7500 ആക്കാനാണ്‌ ലക്ഷ്യം.

4ജി എത്തും; ഊരുകളിൽ
നെറ്റ്‌വർക്ക്‌ കടന്നുചെല്ലാത്ത ആദിവാസി ഊരുകളിലും മറ്റ്‌ ഗ്രാമപ്രദേശങ്ങളിലും ഇനി 4ജി എത്തും. ഇത്തരം 367 ഇടങ്ങളിലെ ടവറുകളിൽ 4ജി ഉപകരണങ്ങൾ ഡിസംബറോടെ സ്ഥാപിക്കും. ഒക്‌ടോബറിനുള്ളിൽ 270 ടവറുകളിൽ സ്ഥാപിക്കും. 62 ടവറുകളിൽ നിലവിലുണ്ട്‌.

സിമ്മുകൾ 
4ജി ആക്കാം
മറ്റുള്ളവയെ അപേക്ഷിച്ച്‌ 4ജി സേവനത്തിന്‌ കുറഞ്ഞനിരക്കാണ്‌ ബിഎസ്‌എൻഎല്ലിന്റേത്‌. ദിവസം 1ജിബി ഡാറ്റയുള്ള 28 ദിവസ പ്ലാനിന്‌ 108 രൂപയാണ്‌. മറ്റ്‌ ടെലികോം ഓപറേറ്റർമാർ സമാന പ്ലാനിന്‌ 249–- 299 രൂപവരെ ഈടാക്കുന്നു. നിലവിൽ 3ജി സിം ഉള്ളവർക്ക്‌ 4ജിയിലേക്ക്‌ സൗജന്യമായി മാറാം. സിം 4ജിയോ 3ജിയോ എന്നറിയാൻ 9497979797 എന്ന നമ്പറിലേക്ക്‌ മിസ്‌ഡ്‌ കോൾ ചെയ്‌താൽ മതി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top